മൂന്നു പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; നജീബ് ഇന്ന് നാട്ടിലേക്ക്
text_fieldsദുബൈ: 30 വർഷത്തെ പ്രവാസജീവിതത്തിന് വിരാമമിട്ട് വയനാട് മേപ്പാടി സ്വദേശി നജീബ് അമ്പലപ്പുറം ചൊവ്വാഴ്ച നാട്ടിലേക്ക് മടങ്ങുന്നു. കുടുംബസമേതമുള്ള യു.എ.ഇയിലെ താമസം അവസാനിപ്പിച്ചാണ് ജന്മനാട്ടിലേക്ക് മടങ്ങുന്നത്. 1992 ഫെബ്രുവരി 22നാണ് നജീബ് ദുബൈയിൽ എത്തുന്നത്. ഗൾഫ് ജീവിതത്തോട് താൽപര്യമുണ്ടായിരുന്നില്ലെങ്കിലും ഭാര്യയുടെ അമ്മാവന്റെ ക്ഷണപ്രകാരമാണ് ദുബൈയിലെത്തിയത്. ഡി.പി വേൾഡിൽ ടെക്നിക്കൽ പ്ലാനിങ് ഓഫിസിലായിരുന്നു ജോലി.
അന്ന് വയനാട്ടുകാർ പൊതുവേ ഗൾഫിൽ കുറവായിരുന്നു. വയനാട് പ്രവാസി അസോസിയേഷനിൽ ആകെ 300ഓളം പേരാണുണ്ടായിരുന്നത്. ഇന്ന് അത് 2000ത്തിന് മുകളിലെത്തിയെന്ന് നജീബ് പറയുന്നു. 1999ൽ അമേരിക്കൻ ഷിപ് റിപ്പയറിങ് കമ്പനിയായ ഗോൾടെൻസ് കമ്പനി ലിമിറ്റഡിൽ എച്ച്.ആർ വിഭാഗത്തിൽ ജോലിക്ക് കയറി.
സീനിയർ ഹ്യൂമൻ റിസോഴ്സ് എക്സിക്യൂട്ടിവ് ആയായിരുന്നു ജോലി. കമ്പനിയുടെ ഭാഗമായ ക്രിക്കറ്റിലും ഫുട്ബാളിലുമെല്ലാം സജീവമായി പങ്കെടുത്തു. സാമൂഹിക രംഗങ്ങളിലും ഇടപെട്ട നജീബ് വയനാട് മുട്ടിൽ യതീംഖാന ഷാർജ ചാപ്റ്റർ ട്രഷററായിരുന്നു. മക്കളായ ഫെമിത്, റൈസാൻ, ഭാര്യ ഷജന എന്നിവർ ദുബൈയിൽ ഒപ്പമുണ്ട്. രണ്ടാമത്തെ മകൻ ഫറാസിന് ബംഗളൂരുവിലാണ് ജോലി. റിട്ടയർമെന്റ് ജീവിതം നാട്ടിലായിരിക്കണമെന്ന ആഗ്രഹത്തിലാണ് മടക്കയാത്ര.
ലോകത്തിലെതന്നെ ഏറ്റവും സുരക്ഷിതമായ ദുബൈയിലെ ജീവിതം സന്തോഷപൂർണമായിരുന്നുവെന്ന് നജീബ് പറഞ്ഞു. അതിൽ ഇവിടുത്തെ ഭരണാധികാരികളോട് ഏറെ കടപ്പെട്ടിരിക്കുന്നു. ദുബൈയെ പോലെ നമ്മുടെ നാടും വളർന്നാലെന്ന് ആഗ്രഹിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.