മൂന്നു പതിറ്റാണ്ടു നീണ്ട പ്രവാസം; ജോസഫ് ജോൺ നാട്ടിലേക്ക്
text_fieldsദുബൈ: മൂന്നു പതിറ്റാണ്ടു നീണ്ട പ്രവാസത്തിന് വിരാമമിട്ട് ജോസഫ് ജോൺ നാട്ടിലേക്ക് തിരിച്ചു. 64ാമത്തെ വയസ്സിൽ പ്രവാസ ലോകത്തോട് വിട പറയുമ്പോൾ സന്തോഷവും സങ്കടവും കൂടിക്കലർന്ന അനേകം ഓർമകൾ ജോസഫിന്റെ മനസ്സിൽ തിരതല്ലുകയാണ്. എറണാകുളം പറവൂർ സ്വദേശിയായ ജോസ് ഫോൺ 1993ൽ 34ാമത്തെ വയസ്സിലാണ് പ്രവാസ ലോകത്തേക്ക് എത്തിപ്പെടുന്നത്. കുടുംബത്തിന്റെ പ്രതീക്ഷകൾ ചുമലിലേറ്റി തിരുവനന്തപുരത്തുനിന്ന് ദുബൈയിലേക്ക് വിമാനം കയറുമ്പോൾ വികസനത്തിന്റെ പാതയിലായിരുന്നു ഈ മരുഭൂ നഗരം.
നീണ്ട മൂന്നു പതിറ്റാണ്ട് പിന്നിടുമ്പോൾ ലോകത്തെ മികച്ച നഗരങ്ങളിൽ ഒന്നായി ദുബൈ മാറിക്കഴിഞ്ഞിരിക്കുന്നു. ദുബൈയിലെ അൽ ആരിഫ് എന്ന നിർമാണ കമ്പനിയിൽ നിർമാണ തൊഴിലാളിയായിട്ടായിരുന്നു ആദ്യ നിയമനം. എട്ടു വർഷത്തോളം അവിടെ ജോലി ചെയ്തു. ഇതിനിടെ ഇതേ അറബിയുടെ തന്നെ അൽ വലീദ് റിയൽ എസ്റ്റേറ്റ് കമ്പനിയിലേക്ക് മാറി.
ശാരീരികമായ ചില പ്രയാസങ്ങൾ നേരിട്ടതോടെ സ്പോൺസർ തന്നെ കൽപ്പണിയിൽ നിന്ന് സെക്യൂരിറ്റി ജീവനക്കാരനായി മാറ്റി നിയമനം നൽകുകയായിരുന്നു. നാട്ടിൽ സ്വന്തമായി ഒരു വീട് വെക്കാനും മക്കളെ നല്ല നിലയിൽ വളർത്താനുമുള്ള കരുത്ത് നൽകിയത് പ്രവാസ ഭൂമിയാണെന്ന് ജോസഫ് ഓർമിക്കുന്നു.
രണ്ട് ആൺകുട്ടികളാണ് ജോസഫിന്, ജോമോൻ, ജെയ്മോൻ. ഒരാൾ നാട്ടിൽ സ്വന്തമായി ടാക്സി ഓടിക്കുന്നു. രണ്ടാമത്തെയാൾ അൽഐനിൽ ഒരു കുടിവെള്ള കമ്പനിയിൽ തന്നെ ജോലി ചെയ്യുന്നു. അദ്ദേഹം കുടുംബ സമേതം അൽഐനിലാണ് താമസം. ഭാര്യ ലിസി ജോൺ. നാട്ടിലെത്തിയിട്ട് ശാരീരികമായ അസുഖങ്ങൾക്ക് ചികിത്സ നേടണമെന്നതിനാണ് ആദ്യ പരിഗണന. ശിഷ്ടകാലം വിശ്രമ ജീവിതം നയിക്കണമെന്നാണ് ആഗ്രഹം.
ജോസഫ് ജോൺ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.