മൂന്ന് ഫ്രീസോണുകൾ ഒരു കുടക്കീഴിൽ : ദുബൈ ഇക്കോണമിക് സോൺ അതോറിറ്റി സ്ഥാപിച്ചു
text_fieldsദുബൈ: കൂടുതൽ നിക്ഷേപങ്ങളും അവസരങ്ങളും ഒരുക്കാൻ ലക്ഷ്യമിട്ട് ദുബൈ ഇൻറഗ്രേറ്റഡ്' ഇക്കോണമിക് സോൺ അതോറിറ്റി (ഡി.ഐ.ഇ.ഇസഡ്) സ്ഥാപിക്കാൻ അനുമതി നൽകിയതായി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അറിയിച്ചു.
സിലിക്കൺ ഒയാസിസ്, എയർപോർട്ട് ഫ്രീസോൺ, കോേമഴ്സ് സിറ്റി എന്നിവ ഇതിനു കീഴിൽ വരും. അയ്യായിരത്തോളം രജിസ്ട്രേഡ് കമ്പനികൾ ഉൾപ്പെടുന്ന അതോറിറ്റിയുടെ ചെയർമാനായി ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ ശൈഖ് അഹ്മദ് ബിൻ സഈദ് ആൽ മക്തൂമിനെ നിയമിച്ചു. ഡോ. മുഹമ്മദ് അൽ സറൂനിയായിരിക്കും എക്സിക്യൂട്ടിവ് ചെയർമാൻ. 2022 ജനുവരി ഒന്നു മുതൽ അതോറിറ്റിയുടെ പ്രവർത്തനം പ്രാബല്യത്തിൽവരും. അതോറിറ്റിയുടെ കീഴിലുള്ള സാമ്പത്തിക പ്രവർത്തനങ്ങൾ വഴിയാണ് ദുബൈയുടെ ജി.ഡി.പിയുടെ അഞ്ച് ശതമാനവും ഉണ്ടാകുന്നത്.
സാമ്പത്തികവും ഭരണപരവുമായ സ്വയംഭരണാവകാശമുള്ള സ്വതന്ത്ര സ്ഥാപനമായിരിക്കും പുതിയ ഇക്കോണമിക് സോൺ അതോറിറ്റി. ഇവരുടെ നിയമങ്ങൾ അനുസരിച്ചായിരിക്കും ഈ സോണുകളിലെ സ്ഥാപനങ്ങളുടെ പ്രവർത്തനം. ഈ മൂന്ന് സോണുകളിലായി 30,000ഓളം ജീവനക്കാരുണ്ട്. പ്രാദേശികവും അന്തർദേശീയവുമായ കമ്പനികളെ ആകർഷിക്കുക എന്നതായിരിക്കും അതോറിറ്റിയുടെ മുഖ്യലക്ഷ്യം. അതോറിറ്റിയുടെ ഹെഡ്ക്വാർട്ടേഴ്സ് ദുബൈയിൽ സ്ഥാപിക്കും. ചെറുകിട സ്ഥാപനങ്ങൾക്ക് ഗുണം ചെയ്യുന്ന പദ്ധതികളും നടപ്പാക്കും. അതോറിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളെ വരുമാന നികുതി ഉൾപ്പെടെ എല്ലാ നികുതികളിൽനിന്നും 50 വർഷത്തേക്ക് ഒഴിവാക്കും. സോൺ അതോറിറ്റിയുടെ ലൈസൻസുള്ള കമ്പനികൾ ദുബൈ മുനിസിപ്പാലിറ്റിയുടെയോ ദുബൈ ഇക്കോണമിയുടെയോ നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കില്ല.
എന്നാൽ, സുരക്ഷ, ഭക്ഷ്യ സുരക്ഷ പോലുള്ളവ ബാധകമായിരിക്കും. ചരക്കുകളുടെ ഇറക്കുമതിയും സംഭരണവും ഉൾപ്പെടെ ബിസിനസ് പ്രവർത്തനങ്ങളും സേവനങ്ങളും അതോറിറ്റിയുടെ കീഴിലായിരിക്കും. ദുബൈയെ ആഗോള സാമ്പത്തിക ഹബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് അതോറിറ്റി സ്ഥാപിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.