എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന മൂന്ന് ഹൈവേകൾ തുറന്നു
text_fieldsദുബൈ: യു.എ.ഇ എമിറേറ്റുകളെ പരസ്പരം ബന്ധിപ്പിക്കുന്ന മൂന്നു ഹൈവേകൾ തുറന്നു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് റോഡുകൾ തുറന്നത് ട്വിറ്റർ വഴി അറിയിച്ചത്.
195 കോടി ദിർഹം ചെലവ് വരുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. രാജ്യത്തിെൻറ വ്യത്യസ്ത മേഖലകളും എമിറേറ്റുകളും തമ്മിലെ ദൂരം കുറക്കുകയും യാത്രാസൗകര്യം മെച്ചപ്പെടുത്തുകയും ചെയ്യാനാണ് പദ്ധതി നടപ്പാക്കിയത്. ഷാർജയിലെ മലീഹയും അബൂദബിയിലെ അൽ സുവൈബും തമ്മിൽ ബന്ധിപ്പിക്കുന്ന ശൈഖ് ഖലീഫ ബിൻ സായിദ് ഹൈവേയും ദുബൈയിലെ ഹത്തയും അജ്മാനിലെ മസ്ഫൂതും റാസൽ ഖൈമയിലെ അൽ ഖൂർ മലനിരകളും തമ്മിലും ബന്ധിപ്പിക്കുന്ന അൽ വതൻ റോഡുമാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.
ഷാർജയിലെ അൽ മാദമും ദുബൈയിലെ ഹത്തയും തമ്മിൽ ബന്ധിപ്പിക്കുന്ന ദുബൈ-ഹത്ത റോഡാണ് തുറന്ന മറ്റൊന്ന്. നമ്മുടെ രാജ്യം രൂപവത്കരിച്ചതുമുതൽ അടിസ്ഥാനസൗകര്യങ്ങൾ ക്രമാനുഗതമായി വികസിക്കുകയാണെന്നും യു.എ.ഇയുടെ നിർമാണം തുടരുമെന്നും ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. രാജ്യത്തെ വിവിധ പ്രദേശങ്ങളെ കൂടുതൽ സമന്വയിപ്പിച്ചും ഉൽപാദനക്ഷമത വർധിപ്പിച്ചും പുതിയ നിക്ഷേപ സാധ്യതകൾ സൃഷ്ടിച്ചും പുതിയ തന്ത്രപരമായ പദ്ധതികൾ നടപ്പാക്കാൻ നിരന്തരം ശ്രമിക്കുന്നുവെന്നും ഇത് രാജ്യത്തെ നിവാസികൾക്കും സ്ഥാപനങ്ങൾക്കും പുതിയ അവസരങ്ങൾ നൽകുമെന്നും അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.
112കിലോമീറ്റർ നീളമുള്ള റോഡ് പദ്ധതിയിൽ ട്രാക്കുകൾ, റോഡുകൾ, കവലകൾ, പാലങ്ങൾ എന്നിവയുടെ ശൃംഖലയുണ്ട്. വിവിധ പ്രദേശങ്ങൾ തമ്മിലെ ദൂരം കുറക്കാൻ പുതിയ റോഡുകൾ സഹായിക്കും.
ഉദ്ഘാടന പരിപാടിയിൽ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ അഫേഴ്സ് മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നെഹ്യാൻ, ഊർജ-അടിസ്ഥാന സൗകര്യ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്റൂയി എന്നിവരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.