യു.എ.ഇ ദേശീയ ടീമിൽ ‘മിന്നുമണി’കളായി മൂന്നു മലയാളികൾ
text_fieldsദുബൈ: ഇന്ത്യയുടെ വനിത ക്രിക്കറ്റ് ടീം അംഗമായ മിന്നുമണിക്ക് പിന്നാലെ കേരളത്തിന് അഭിമാനമായി ക്രിക്കറ്റ് ലോകത്തേക്ക് മൂന്ന് മലയാളി പെൺകൊടികൾകൂടി. വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽനിന്നുള്ള സഹോദരങ്ങളായ റിതിക, റിനിത, റിഷിത എന്നിവരാണ് യു.എ.ഇ ദേശീയ ടീമിൽ മിന്നും താരങ്ങളായി മാറുന്നത്. ഈ മാസം 19ന് ശ്രീലങ്കയിൽ നടക്കുന്ന ട്വന്റി20 ഏഷ്യൻ കപ്പ് വനിത ചാമ്പ്യൻഷിപ്പിനുള്ള യു.എ.ഇ ദേശീയ ടീമിൽ ഇടംപിടിച്ചിരിക്കുകയാണ് ഈ മൂവർ സഹോദരങ്ങൾ. ചാമ്പ്യൻഷിപ്പിന് മുന്നോടിയായി പരിശീലനത്തിലാണിവർ.
മുൻ കേരള ജൂനിയർ താരവും വയനാട് ജില്ല മുൻ ക്രിക്കറ്റ് ടീം അംഗവുമായിരുന്ന ബത്തേരി സ്വദേശി രജിത്തിന്റെയും പട്ടാമ്പി സ്വദേശിനി രഞ്ജിനിയുടെയും മക്കളാണിവർ. ഷാർജയിൽ താമസമാക്കിയ മൂന്നുപേരും മികച്ച ബാഡ്മിന്റൺ താരങ്ങൾകൂടിയാണ്. കോവിഡ് കാലത്താണ് ബാഡ്മിന്റൺ വിട്ട് ക്രിക്കറ്റ് ലോകത്തേക്ക് മൂന്നുപേരും ചുവടുമാറിയത്. മൂത്ത മകൾ റിതികയാണ് യു.എ.ഇ സീനിയർ ടീമിൽ ആദ്യം ഇടംനേടിയത്. പിന്നാലെയാണ് റിനിതയും റിഷിതയും ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
മലേഷ്യയിൽ നടന്ന ഏഷ്യൻ പ്രീമിയം കപ്പിലും റിതികയും റിനിതയും യു.എ.ഇ ദേശീയ ടീമിനുവേണ്ടി കളിച്ചിരുന്നു. ഏഷ്യൻ കപ്പിൽ ജൂലൈ 19ന് നേപ്പാളുമായാണ് ടീമിന്റെ ആദ്യ മത്സരം. തുടർന്ന് 21ന് ഇന്ത്യയുമായുള്ള മത്സരത്തിൽ പങ്കെടുക്കാനുള്ള ത്രില്ലിലാണ് താരങ്ങൾ. യു.എ.ഇ മുൻ ക്യാപ്റ്റൻ അഹമ്മദ് റസയാണ് ഇവരുടെ പരിശീലകൻ. പിതാവ് രജിത്ത് തന്നെയാണ് മൂന്നു പേരുടെയും ആദ്യ പരിശീലകൻ. ഒരു കുടുംബത്തിൽനിന്ന് മൂന്നു പേരും ദേശീയ ടീമിനായി പാഡണിയാനുള്ള ഭാഗ്യം ലഭിച്ചതിലുള്ള സന്തോഷത്തിലാണ് ഈ പിതാവ്. മൂന്നുപേരും ഓൾറൗണ്ടർമാരാണെന്നതാണ് മറ്റൊരു പ്രത്യേകത. അവസരം ലഭിച്ചാൽ ഇന്ത്യക്കുവേണ്ടി കളിക്കണമെന്നതാണ് മൂവരുടെയും ആഗ്രഹം.
സ്വകാര്യ കമ്പനിയിൽ എച്ച്.ആർ ഡിപ്പാർട്മെന്റിലാണ് റിതിക. റിനിത 12ാം ക്ലാസ് കഴിഞ്ഞ് ബിരുദ പഠനത്തിന് ചേരാനുള്ള തയാറെടുപ്പിലാണ്. 11ാം ക്ലാസ് വിദ്യാർഥിനിയാണ് റിഷിത. വയനാട്ടിൽനിന്ന് തന്നെയുള്ള സജ്നയും നേരത്തേ യു.എ.ഇ ടീമിൽ ഇടംനേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.