യാത്രവിലക്കിന് മൂന്ന് മാസം: പ്രവാസികൾ അക്കരെ തന്നെ
text_fieldsദുബൈ: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യു.എ.ഇ ഏർപ്പെടുത്തിയ യാത്രവിലക്ക് മൂന്ന് മാസം പിന്നിട്ടു. ഏപ്രിൽ 24ന് ഏർപ്പെടുത്തിയ വിലക്ക് എന്ന് അവസാനിക്കുമെന്നറിയാതെ അനിശ്ചിതാവസ്ഥയിൽ തുടരുകയാണ് മലയാളികൾ അടക്കമുള്ള പ്രവാസികൾ.
ആഗസ്റ്റ് ആദ്യ വാരത്തിലെങ്കിലും സർവിസ് തുടങ്ങുമെന്ന പ്രതീക്ഷയിലാണവർ. അർമീനിയ, ഉസ്ബകിസ്താൻ തുടങ്ങിയ രാജ്യങ്ങൾ വഴി ചിലർ യു.എ.ഇയിൽ എത്തിയെങ്കിലും ഭൂരിപക്ഷവും ഇപ്പോഴും നാട്ടിലാണ്. ഖത്തർ ഓൺ അറൈവൽ വിസ അനുവദിച്ചതോടെ ഈ വഴിയാണ് ഭൂരിപക്ഷവും ഇപ്പോൾ നോക്കുന്നത്.
അവധിക്ക് നാട്ടിേലക്കു മടങ്ങിയ പ്രവാസികളാണ് കുടുങ്ങിയവരിൽ അധികവും. മേയ് അഞ്ച് വരെയാണ് ആദ്യം വിലക്ക് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ഇത് പിന്നീട് പത്തു ദിവസം കൂടി നീട്ടി. അതിനു ശേഷം അനിശ്ചിതമായി നീട്ടുകയായിരുന്നു. ഇതിനിടെ, യു.എ.ഇയിൽ എത്തുന്ന ഇന്ത്യക്കാർക്ക് ജൂൺ 23 മുതൽ വാക്സിൻ നിർബന്ധമാണെന്ന് അറിയിച്ചതോടെ പ്രവാസികൾ പ്രതീക്ഷയിലായി. വാക്സിനെടുത്തിട്ടാണെങ്കിലും യു.എ.ഇയിലേക്ക് വരാമല്ലോ എന്ന ആശ്വാസമായിരുന്നു അവർക്ക്. 23 മുതൽ സർവിസ് തുടങ്ങുമെന്ന് എമിറേറ്റ്സും എയർ ഇന്ത്യയും പ്രഖ്യാപിച്ചതോടെ പ്രതീക്ഷ വാനോളമുയർന്നു. ചിലർ ടിക്കറ്റ് പോലും ബുക്ക് ചെയ്തു. എയർലൈനുകൾ സർവിസ് ഷെഡ്യൂൾ പുറത്തിറക്കി.
പക്ഷെ, 23 കഴിഞ്ഞിട്ടും വിമാനം പറന്ന് തുടങ്ങിയില്ല. ജൂൺ 30 വരെ സർവിസ് ഉണ്ടാവില്ലെന്നായിരുന്നു എയർലൈനുകളുടെ അടുത്ത പ്രഖ്യാപനം. തീയതികൾ പലകുറി മാറിയെങ്കിലും സർവിസ് ഇതുവരെ തുടങ്ങിയിട്ടില്ല. ജൂലൈ 28 വരെ സർവിസ് ഉണ്ടാവില്ലെന്നാണ് എമിറേറ്റ്സ് ഒടുവിൽ അറിയിച്ചിരിക്കുന്നത്. 31 വരെ സർവിസ് ഉണ്ടാവില്ലെന്ന് ഇത്തിഹാദും അറിയിച്ചിരിക്കുന്നു.
യാത്രവിലക്ക് നീക്കാൻ ഇന്ത്യൻ അധികൃതർ വേണ്ട രീതിയിൽ ഇടപെടുന്നില്ലെന്നും പ്രവാസികൾ ആരോപിക്കുന്നു. യു.എ.ഇ അധികൃതരുമായി ചർച്ച നടത്തിയാൽ പ്രശ്നം പരിഹരിക്കപ്പെടും എന്ന് വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷവും. മറ്റൊരു രാജ്യത്തിെൻറ നയതന്ത്ര വിഷയത്തിൽ ഇടപെടുന്നതിന് പരിമിതിയുണ്ടെങ്കിലും കേന്ദ്രസർക്കാർ ശ്രമങ്ങൾ പോലും നടത്തുന്നില്ലെന്നാണ് ആരോപണം. മറ്റ് രാജ്യങ്ങൾ വഴി വരുന്നതിന് ലക്ഷം രൂപയുടെ മുകളിലാണ് പാക്കേജ് നിരക്ക്. ഇത്രയും വലിയ തുക മുടക്കി മറ്റ് രാജ്യങ്ങളിലെത്തുേമ്പാൾ അവർക്കും വിലക്കേർപ്പെടുത്തുമോ എന്ന ഭയവും പലരെയും പിന്തിരിപ്പിക്കുന്നു. ജോലി നഷ്ടപ്പെടുമെന്ന ഭയത്താൽ കഴിയുന്നവരാണ് ഏറെയും നാട്ടിൽ തുടരുന്നത്.
രണ്ട് മാസമായി പലർക്കും ശമ്പളമില്ല. ഏത് നിമിഷവും തിരിച്ചു പോകേണ്ടിവരുമെന്നതിനാൽ മറ്റ് ജോലിക്കും കയറാൻ കഴിയുന്നില്ല. വായ്പ തിരിച്ചടവുകൾ മുടങ്ങി. ഏക ആശ്രയമായ ഗൾഫിലെ ശമ്പളം നിലച്ച അവസ്ഥയാണ്. ഇനിയും വൈകിയാൽ സ്ഥാപനം മറ്റാരെയെങ്കിലും നിയമിക്കുമെന്ന ഭയവും അവർക്കുണ്ട്.
പ്രിയപ്പെട്ടവരിൽ നിന്നകന്ന് കഴിയുന്നവരുമുണ്ട്. മക്കളും രക്ഷിതാക്കളും നാട്ടിൽ കുടുങ്ങിയവരും നിരവധിയാണ്. രണ്ട് ഡോസ് വാക്സിനുമെടുത്ത് യാത്രവിലക്ക് മാറാൻ കാത്തു നിൽക്കുകയാണവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.