വില്ലക്ക് തീയിട്ടയാൾക്ക് മൂന്നുമാസം തടവും പിഴയും
text_fieldsദുബൈ: സ്ത്രീ താമസിച്ച വില്ലക്ക് തീയിട്ട സംഭവത്തിൽ ഗൾഫ് രാജ്യക്കാരനായ പ്രതിക്ക് മൂന്നുമാസം തടവും 3000 ദിർഹം പിഴയും വിധിച്ചു. ദുബൈ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്.
പ്രതി പിന്നീട് അപ്പീൽ കോടതിയെ സമീപിച്ചെങ്കിലും വിധി ശരിവെച്ചു. തനിക്കെതിരെ മന്ത്രവാദം നടത്തിയെന്ന സംശയത്തിലാണ് പ്രതി സ്ത്രീ താമസിക്കുന്ന വില്ലക്ക് തീകൊടുത്തത്. വില്ലയുടെ മുൻവാതിൽ മാത്രമാണ് സംഭവത്തിൽ അഗ്നിക്കിരയായത്. സ്ത്രീക്കുണ്ടായ നഷ്ടം കണക്കിലെടുത്താണ് പിഴകൂടി ശിക്ഷയിൽ ഉൾപ്പെടുത്തിയത്.
കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ദുബൈ സഅബീൽ പ്രദേശത്തെ വീടിന് നേരെയാണ് അതിക്രമമുണ്ടായത്.
സ്ത്രീ സ്ഥിരമായി മന്ത്രവാദം ചെയ്തിരുന്നതായി പ്രതി കോടതിയിലും ആരോപിച്ചു. ഇവരുടെ മന്ത്രവാദത്തിന്റെ ഇരയാണ് താനെന്നും പലപ്പോഴും വില്ലയിൽ പോയി വിളിച്ചിട്ടും വാതിൽ തുറക്കാതെ വന്നതോടെയാണ് തീകൊടുത്തതെന്നും മൊഴിയിൽ പറയുന്നു.
തീകൊടുത്തശേഷം പ്രതി ഇവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. എന്നാൽ, വില്ലയുടെ യഥാർഥ ഉടമയുടെ സാക്ഷിമൊഴി പരിഗണിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.