മൂന്നു മാസത്തിനുശേഷം സർക്കാർ ജീവനക്കാർ ഇന്ന് ഓഫിസിലേക്ക്
text_fieldsഅബൂദബി: മൂന്നുമാസമായി വീടുകളിലിരുന്ന് ജോലി ചെയ്യുന്ന യു.എ.ഇയിലെ ഫെഡറൽ സർക്കാർ ജീവനക്കാർ ഇന്നു മുതൽ ഓഫിസിലെത്തും. ഇത് സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം സർക്കാർ പുറത്തിറക്കിയിരുന്നു. യു.എ.ഇയിൽ കോവിഡ് ബാധിതരുെട എണ്ണം കുറയുകയും വാക്സിനേഷൻ വ്യാപകമാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് 'വർക്ക് ഫ്രം ഹോം' അവസാനിപ്പിച്ചത്.
അതേസമയം, ഓൺലൈൻ പഠനം തുടരുന്ന കുട്ടികളുടെ അമ്മമാർക്ക് അധ്യയന വർഷാവസാനം വരെ വർക്ക് ഫ്രം ഹോം അനുവദിക്കും. ഫെഡറൽ സർക്കാർ ജീവനക്കാരിൽ വാക്സിൻ എടുക്കാത്തവർ എല്ലാ ആഴ്ചയിലും സ്വന്തം ചെലവിൽ പി.സി.ആർ പരിശോധന നടത്തണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻറ് ഹ്യൂമൻ റിസോഴ്സസ് ഇതുസംബന്ധിച്ച് പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.
അതേസമയം, ആരോഗ്യപ്രശ്നങ്ങളാൽ വാക്സിൻ എടുക്കാത്ത ജീവനക്കാരുടെ കോവിഡ് പരിശോധന തൊഴിലുടമയുടെ ചെലവിലായിരിക്കും. ഇതിനാവശ്യമായ മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കണം.മൂന്നു മാസത്തിനുശേഷം തൊഴിലാളികൾ ഓഫിസുകളിലേക്ക് മടങ്ങിയെത്തുന്ന സാഹചര്യത്തിൽ അണുനശീകരണം ഉൾപ്പെടെ പൂർത്തീകരിച്ചു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാ ഓഫിസുകളിലും പാലിക്കണം.
ഓഫിസുകളിൽ സുരക്ഷിത തൊഴിൽ അന്തരീക്ഷം കാത്തുസൂക്ഷിക്കണം.ജോലിസ്ഥലത്ത് കോവിഡ് മാനദണ്ഡങ്ങൾ നിരീക്ഷിക്കാൻ ഓരോ വകുപ്പിലും പ്രത്യേക ജീവനക്കാരെ നിയമിക്കും. നിർദേശങ്ങൾ നടപ്പാക്കാനും ശാരീരിക അകലം പാലിക്കാനും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും അതത് വകുപ്പുകളിലെ മാനേജ്മെൻറിന് ഉത്തരവാദിത്തമുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.