ദുബൈയിൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ
text_fieldsദുബൈ: എമിറേറ്റിൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ പ്രഖ്യാപിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). സത് വ ബസ് സ്റ്റേഷനിൽനിന്ന് ഗ്ലോബൽ വില്ലേജിലേക്കുള്ള പുതിയ സർവിസും ഇതിൽ ഉൾപ്പെടും. ഈമാസം 29 മുതൽ പുതിയ റൂട്ടുകളിൽ സർവിസ് ആരംഭിക്കും.
പുതുതായി പ്രഖ്യാപിച്ച റൂട്ട് 108 ആണ് ദുബൈ ഗ്ലോബൽ വില്ലേജിലേക്ക് സർവിസ് നടത്തുക. വെള്ളി, ശനി, ഞായർ വാരാന്ത്യ അവധിദിവസങ്ങളിലും പൊതുഅവധി ദിവസങ്ങളിലും പ്രത്യേക പരിപാടികളുള്ള ദിവസങ്ങളിലുമാണ് സത്വ സ്റ്റേഷനിൽനിന്ന് ഗ്ലോബൽ വില്ലേജിലേക്ക് ഈ റൂട്ടിൽ സർവിസുണ്ടാവുക. ഉച്ചക്ക് രണ്ടു മുതൽ രാത്രി ഒന്നു വരെ ഓരോ മണിക്കൂറിലും ഇരുദിശയിലേക്കും ബസുണ്ടാകും. റൂട്ട് എഫ്63 എന്ന മെട്രോ ഫീഡർ സർവിസാണ് പുതുതായി പ്രഖ്യാപിച്ച മറ്റൊന്ന്. അൽറാസ് മെട്രോസ്റ്റേഷനിൽനിന്ന് അൽഖലീജ് സ്ട്രീറ്റ് വഴി നായിഫ് സ്ട്രീറ്റിലേക്കാണ് ഈ റൂട്ടിലെ ബസ് സർവിസ് നടത്തുക.
പുതിയ റൂട്ട് ജെ05 മിറ കമ്യൂണിറ്റിയിൽനിന്ന് സർവിസ് ആരംഭിക്കും. നെഷ്മ ടൗൺ ഹൗസ് വഴി ദുബൈ സ്റ്റുഡിയോ സിറ്റിയിലേക്കാണ് ഈ സർവിസ്. പുതിയ സർവിസുകൾക്ക് പുറമേ, നിലവിലെ വിവിധ റൂട്ടുകൾ പരിഷ്കരിച്ചതായും ആർ.ടി.എ അറിയിച്ചു.
30 ബസ് റൂട്ടുകളാണ് പരിഷ്കരിച്ചത്. 7, 13ഡി, 14, 20എ, 21എ, 21ബി, 30, 32സി, 33, 34, 43, 44, 63ഇ, 67, 91, ഡി.എച്ച്1, ഇ700, എഫ്05, എഫ്07, എഫ്26, എഫ്23, എഫ്38, എഫ്54, എഫ്63, ജെ01, ജെ02, ജെ04, ജെ05, എക്സ്92 എന്നിവയാണ് പരിഷ്കരിച്ച റൂട്ടുകൾ. ഈമാസം 29 മുതലാണ് പുതിയ റൂട്ടുകളിൽ ബസുകൾ ഓടിത്തുടങ്ങുക. ബസ് ശൃംഖലകൾ വിപുലീകരിക്കുന്നതിനൊപ്പം മെട്രോ, ട്രാം, ജലഗതാഗതം തുടങ്ങിയ സംവിധാനങ്ങളുമായുള്ള സംയോജനം മെച്ചപ്പെടുത്താനുമുള്ള പദ്ധതികൾ തുടരുമെന്ന് ആർ.ടി.എ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.