സൈബർ സുരക്ഷക്ക് പുതിയ മൂന്ന് നയങ്ങൾ രൂപപ്പെടുത്തുന്നു
text_fieldsദുബൈ: രാജ്യത്ത് സൈബർ സുരക്ഷ ശക്തമാക്കുന്നതിന് മൂന്ന് പുതിയ നയങ്ങൾ രൂപപ്പെടുത്തുമെന്ന് വെളിപ്പെടുത്തി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ. ‘ക്ലൗഡ് കമ്പ്യൂട്ടിങ്ങും ഡേറ്റ സുരക്ഷയും’, ‘ഇൻറർനെറ്റ് ഓഫ് തിങ്സ് സെക്യൂരിറ്റി’, ‘സൈബർ സുരക്ഷ ഓപറേഷൻ കേന്ദ്രങ്ങൾ’ എന്നിങ്ങനെയാണ് മൂന്നു നയങ്ങൾ രൂപപ്പെടുത്തുന്നത്. ഈ വർഷം അവസാനത്തോടെ ഇവ അന്തിമമായി തയാറാക്കി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നൂതന സാങ്കേതിക വിദ്യകളുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ആഗോള കേന്ദ്രമെന്ന നിലയിൽ യു.എ.ഇയുടെ സ്ഥാനം മെച്ചപ്പെടുത്താനാണ് ഈ നയങ്ങൾ ലക്ഷ്യമിടുന്നതെന്ന് സൈബർ സെക്യൂരിറ്റി കൗൺസിൽ ചെയർമാൻ ഡോ. മുഹമ്മദ് ഹമദ് അൽ കുവൈത്തി പറഞ്ഞു.
സൈബർ മേഖലയെ നിയന്ത്രിക്കാനും പൊതു-സ്വകാര്യ മേഖലകളുമായി പ്രാദേശികവും അന്തർദേശീയവുമായ പങ്കാളിത്തം രൂപപ്പെടുത്താനും സഹായിക്കുന്ന നയങ്ങളാണ് രൂപപ്പെടുത്തുന്നത്. നൂതന സാങ്കേതിക വിദ്യയുടെയും നിർമിത ബുദ്ധിയുടെയും മേഖലയിൽ നിരവധി രാജ്യങ്ങൾക്ക് സുരക്ഷ സംവിധാനങ്ങൾ വികസിപ്പിക്കാൻ യു.എ.ഇ പ്രചോദനാത്മക മാതൃകയാണെന്ന് ഡോ. അൽ കുവൈത്തി കൂട്ടിച്ചേർത്തു.
യു.എ.ഇയിലെ ഡിജിറ്റൽ പരിവർത്തനം ആരോഗ്യം, ഊർജം, വിദ്യാഭ്യാസം, വ്യോമയാനം, മറ്റ് തന്ത്രപ്രധാന മേഖലകൾ എന്നിങ്ങനെയുള്ള എല്ലാ രംഗങ്ങളെയും ഉൾക്കൊള്ളുന്നുവെന്ന് യു.എ.ഇ സൈബർ സുരക്ഷാ കൗൺസിൽ ചെയർമാൻ വിശദീകരിച്ചു. സൈബർ രംഗത്ത് ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ലോകത്തെ ഏറ്റവും മികച്ച നയങ്ങൾ രാജ്യം രൂപപ്പെടുത്തുന്നത്.
ഡേറ്റ ചോർച്ച, ഐഡൻറിറ്റി മോഷണം, ബൗദ്ധിക സ്വത്തവകാശ ലംഘനം, പ്രധാന അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷാ ഡിജിറ്റൽ രേഖകളുടെയും ലംഘനങ്ങൾ എന്നിവയിലേക്ക് നയിച്ചേക്കാവുന്ന ഭീഷണികളിൽ നിന്ന് സ്ഥാപനങ്ങളെ സംരക്ഷിക്കാനാണ് നയങ്ങൾ ലക്ഷ്യമിടുന്നത്.
തന്ത്രപ്രധാന മേഖലകളെ പ്രത്യേകിച്ച്, സാമ്പത്തിക മേഖലയെ ലക്ഷ്യമിടുന്ന സൈബർ ആക്രമണങ്ങൾ യു.എ.ഇ നേരിടുന്നുണ്ടെന്ന് ഡോ. അൽ കുവൈത്തി വ്യക്തമാക്കി. യു.എ.ഇയുടെ സൈബർ സുരക്ഷ സംവിധാനങ്ങൾക്ക് ഇത്തരം ആക്രമണങ്ങളെ ചെറുക്കാനും ഹാക്കർമാരെ തിരിച്ചറിയാനും ഏറ്റവും ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി അവരുമായി ഇടപെടാനും സാധിക്കുന്നതായും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.