അബൂദബിയിലെ ക്ഷേത്രത്തിനായി ഒന്നിക്കുന്നത് മൂവായിരം ശിൽപ്പികൾ
text_fieldsദുബൈ: ന്യൂദൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിെൻറ മാതൃകയിൽ അബൂദബിയിൽ നിർമിക്കുന്ന ക്ഷേത്രത്തിെൻറ നിർമ്മാണത്തിന് ഒന്നിക്കുന്നത് മൂവായിരം ശിൽപ്പികൾ. മിഡിലീസ്റ്റിലെ ആദ്യ പരമ്പരാഗത ഹിന്ദു കൽക്ഷേത്രമാണ് ഉയരുന്നത്. ശിൽപികൾക്കൊപ്പം നൂറുകണക്കിന് സന്നദ്ധപ്രവർത്തകരും ചേർന്നാണ് ക്ഷേത്ര നിർമ്മാണം നടത്തുക. അബൂദബി, ദുബൈ, അൽെഎൻ എന്നിവിടങ്ങളിൽ നിന്ന് എളുപ്പം എത്തിച്ചേരാൻ കഴിയുന്ന അൽ റഹ്ബയിൽ സ്ഥാപിക്കുന്ന ക്ഷേത്രം യു.എ.ഇ ഭരണകൂടം അനുവദിച്ച 55000 ചതുരശ്രമീറ്റർ ഭൂമിയിലാണ് പണിയുക. നേരത്തെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുബൈയിലെ ഒാപ്പറ ഹൗസിൽ പ്രതീകാത്മക ശിലാന്യാസം നടത്തി നിർമാണത്തിന് തുടക്കം കുറിച്ചിരുന്നു. തുടർന്ന് സ്വാമിമാരുടെ നേതൃത്വത്തിൽ ഭൂമിപൂജയും നടത്തി. ശിൽപഭംഗിയുള്ള നൂറുകണക്കിന് പടുകൂറ്റൻ ക്ഷേത്രങ്ങൾ നിർമിച്ച ബോചാസൻവാസി അക്ഷർ പുരുഷോത്തം സൻസ്ത (ബാപ്സ്) യാണ് ക്ഷേത്ര നിർമാണത്തിന് നേതൃത്വം നൽകുക. ജാതി^മതഭേദമന്യേ എല്ലാവർക്കും സന്ദർശിക്കാവുന്ന ക്ഷേത്രമാണ് ഉയരുന്നത്. ക്ഷേത്രം രൂപകൽപ്പന ചെയ്യുന്ന സംഘം ഇന്ത്യയിലുടനീളം യാത്ര ചെയ്ത് ക്ഷേത്ര മാതൃകകൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
ഇതിൽ നിന്ന് കിട്ടുന്ന വിവരങ്ങൾ ക്രോഡീകരിച്ചായിരിക്കും ക്ഷേത്രത്തിെൻറ രൂപം നിശ്ചയിക്കുകയെന്ന് ബാപ്സ് സ്വാമീ നാരായൺ സൻസ്ഥ വക്താവ് സാധു ബ്രഹ്മവിഹാരിദാസ് പറഞ്ഞു.
ഇതോടൊപ്പം ക്ഷേത്ര നിർമാണത്തിന് ഉപയോഗിക്കുന്ന കല്ലിെൻറ പരിശോധനയും നടക്കുന്നുണ്ട്. ഇന്ത്യയിൽ നിന്ന് കല്ലുകൾ എത്തിച്ചായിരിക്കും ക്ഷേത്രം നിർമിക്കുക. കൈെകാണ്ടുളള കൊത്തു പണികൾക്ക് അനുയോജ്യമായതും അതേസമയം തന്നെ ദീർഘകാലം നിലനിൽക്കുകയും ചെയ്യുന്ന തരം കല്ലുകളാണ് ഉപയോഗിക്കുക.
ക്ഷേത്ര നിർമാണം സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ വെബ്സൈറ്റിന് രണ്ടാഴ്ചക്കകം തുടക്കം കുറിക്കും. നിർമ്മാണം എന്ന് പൂർത്തിയാകുമെന്ന് പറയാനാവില്ലെന്നും എന്നാൽ 2020 ഒാടെ പ്രധാന ഭാഗങ്ങൾ പൂർത്തിയാകുമെന്നും നിർമാതാക്കൾ പറയുന്നു. ഭക്തർക്ക് മാത്രമല്ല വിനോദസഞ്ചാരികളെയും കലാ പ്രേമികളെയും കൂടി ആകർഷിക്കുന്ന വിധത്തിലായിരിക്കും നിർമ്മാണം. ക്ഷേത്രത്തോടനുബന്ധിച്ച് വിവിധോദ്ദേശ സാംസ്ക്കാരിക കേന്ദ്രവും നിർമ്മിക്കുന്നുണ്ടെന്ന് യു.എ.ഇയിലെ ഇന്ത്യൻ അംബാസിഡർ നവദീപ് സൂരി പറഞ്ഞു.
മൂന്ന് വർഷം മുമ്പ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി യു.എ.ഇ. സന്ദർശിച്ചപ്പോഴാണ് ക്ഷേത്രത്തെക്കുറിച്ച് പ്രഖ്യാപനം നടത്തുന്നത്.
ഏഴ് എമിറേറ്റുകളെ സൂചിപ്പിക്കുന്ന ഏഴ് ഗോപുരങ്ങൾ ക്ഷേത്രത്തിനുണ്ടാവും. അന്തിമ രൂപകൽപ്പന ഇന്ത്യയിൽ പൂർത്തിയായി വരികയാണ്.
സന്ദർശകർക്കുള്ള ഹാളുകൾ, കുട്ടികൾക്കുള്ള കളിയിടങ്ങൾ, പൂന്തോട്ടം, പ്രാർഥനാ ഹാളുകൾ എന്നിവയൊക്കെ ക്ഷേത്രത്തിെൻറ ഭാഗമായി ഉണ്ടാകും. ദി ചാരിറ്റി മന്ദിർ ലിമിറ്റഡ് ആണ് ക്ഷേത്രം പണിയുന്നതും പരിപാലിക്കുന്നതും.
വിവിധ മതങ്ങളെയും സംസ്ക്കാരങ്ങളെയും ആദരിക്കുന്ന യു.എ.ഇയുടെ പാരമ്പര്യമാണ് പുതിയ േക്ഷത്രത്തിലൂടെ വീണ്ടും വെളിപ്പെടുന്നത്. നിലവിൽ നിരവധി ക്രിസ്ത്യൻ പള്ളികളും രണ്ട് അമ്പലങ്ങളും ഒരു ഗുരുദ്വാരയുമാണ് യു.എ.ഇയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.