തുംബെ മൊയ്തീന് മംഗളൂരു യൂനിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്
text_fieldsദുബൈ: ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന യു.എ.ഇയിലെ പ്രമുഖ സ്ഥാപനമായ തുംബെ ഗ്രൂപ് സ്ഥാപകനും പ്രസിഡന്റുമായ തുംബെ മൊയ്തീന് മംഗളൂരു യൂനിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ് ലഭിച്ചു. ആരോഗ്യസുരക്ഷ, വിദ്യാഭ്യാസം, ബിസിനസ് തുടങ്ങിയ മേഖലകളിൽ നൽകിയ നേതൃപരമായ സംഭാവനകൾ പരിഗണിച്ചാണ് ആദരവ്. മംഗളൂരു യൂനിവേഴ്സിറ്റി കാമ്പസിൽ നടന്ന 42ാമത് ബിരുദ ദാന ചടങ്ങിൽ തുംബെ മൊയ്തീൻ ഡോക്ടറേറ്റ് സ്വീകരിച്ചു.
മംഗളൂരുവിലെ ബിസിനസ് കുടുംബത്തിൽ 1957 മാർച്ച് 23നാണ് ഡോ. മൊയ്തീന്റെ ജനനം. തുംെബ ഗ്രൂപ് ആഗോള പ്രശസ്തിയിലേക്കുയർന്നത് മൊയ്തീന്റെ കീഴിലാണ്. ദുബൈ ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ (ഡി.ഐ.എഫ്.സി) ആസ്ഥാനമായി പ്രവർത്തിക്കുന്ന തുംബെ ഗ്രൂപ് നിലവിൽ 20ലധികം മേഖലകളിൽ വ്യാപിച്ചു കിടക്കുന്ന ബിസിനസ് ശൃംഖലയാണ്.
യു.എ.ഇയിൽ മാത്രം 3,000ത്തിലധികം ജീവനക്കാരും തുംബെ ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്നുണ്ട്. ഫോബ്സിന്റെ അറബ് ലോകത്തെ ഏറ്റവും മികച്ച ഇന്ത്യൻ ബിസിനസ് ലീഡറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ബിസിനസ് രംഗത്ത് മാത്രമല്ല, സാമൂഹിക, സാംസ്കാരിക മേഖലകളിലും നിറസാന്നിധ്യമാണിദ്ദേഹം. അജ്മാൻ ഇന്ത്യൻ അസോസിയേഷൻ, അജ്മാൻ ഇന്ത്യൻ ബിസിനസ് കൗൺസിൽ, ദുബൈയിലെ ബിയറീസ് അസോസിയേഷൻ, ഷാർജയിലെ കർണാടക സംഘ് തുടങ്ങിയ വിവിധ കൂട്ടായ്മകളുടെ മുഖ്യ രക്ഷാധികാരിയാണിദ്ദേഹം.
കൂടാതെ ഏഷ്യൻ ഹോസ്പിറ്റൽ ഫെഡറേഷന്റെ യു.എ.ഇ റീജ്യൻ പ്രസിഡന്റ്, ഫ്രാൻസിലെ ഇന്റർനാഷനൽ ഹോസ്പിറ്റൽ ഫെഡറേഷൻ, ഇന്റർനാഷനൽ അസോസിയേഷൻ ഓഫ് യൂനിവേഴ്സിറ്റി പ്രസിഡന്റ്സ് എന്നിവയിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
മൈസൂരു മഹാരാജാവിൽനിന്ന് ‘വിശ്വമാന്യ‘ പുരസ്കാരം, എൻ.ഡി.ടി.വി ഗൾഫ് ഇന്ത്യൻ എക്സലൻസ് അവാർഡായ ഗ്ലോബൽ ലീഡർ 2023, ഗൾഫ് കർണാടക രത്ന അവാർഡ് എന്നിവയും ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഇന്ത്യക്ക് പുറത്ത് സ്വന്തമായി ഏറ്റവും വലിയ സ്വകാര്യ മെഡിക്കൽ യൂനിവേഴ്സിറ്റിയുള്ള ഏക ഇന്ത്യക്കാരനും തുംബെ മൊയ്തീനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.