വണ്ടിച്ചെക്ക്: ഒത്തുതീർപ്പായില്ല; തുഷാറിനെതിരായ കേസ് നീളും
text_fieldsഅജ്മാന് (യു.എ.ഇ): ബി.ഡി.ജെ.എസ് നേതാവും എൻ.ഡി.എ കേരള കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി ക ൊടുങ്ങല്ലൂർ സ്വദേശി നാസിൽ അബ്ദുല്ലക്ക് വണ്ടിച്ചെക്ക് നൽകി വഞ്ചിച്ചെന്ന കേസ് ഒത്ത ുതീർപ്പായില്ല. ജാമ്യത്തിലിറങ്ങിയതിനു പിറ്റേന്ന് കോടതിക്കു പുറത്ത് ഒത്തുതീർപ്പ ിനു ശ്രമിക്കുമെന്നാണ് വാദിയും പ്രതിയും അറിയിച്ചിരുന്നത്.എന്നാൽ, തിങ്കളാഴ്ച അജ്മാന് പബ്ലിക് പ്രോസിക്യൂട്ടര്‍ മുമ്പാകെ തെളിവെടുപ്പിന് ഹാജരായ തുഷാർ, തെൻറ ചെക്ക് എതിർകക്ഷി മോഷ്ടിച്ചതാണെന്ന വാദം വീണ്ടും ഉന്നയിച്ചു. എന്നാൽ, ഇതുസംബന്ധിച്ച് എന്തുകൊണ്ട് പൊലീസില്‍ പരാതിപ്പെട്ടില്ല എന്ന് പ്രോസിക്യൂട്ടര്‍ ചോദിച്ചു.
ചെക്ക് നമ്പര്‍ രേഖപ്പെടുത്തിയ കരാര്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പരാതിക്കാരന് നാസില്‍ അബ്ദുല്ല ഹാജരാക്കുകയും ചെയ്തു. കേസ് ഒത്തുതീര്‍ക്കാന്‍ പ്രോസിക്യൂട്ടറുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയെങ്കിലും തുഷാര്‍ നൽകാമെന്നു പറയുന്ന തുക അപര്യാപ്തമാണെന്ന് അറിയിച്ച് പരാതിക്കാരന് പിന്‍വാങ്ങിയതോടെ കേസ് നീളുമെന്നാണ് സൂചന. കേസ് തീര്‍പ്പാകുന്ന മുറക്കേ ജാമ്യത്തിനായി സമർപ്പിച്ച പാസ്പോര്‍ട്ട് തിരിച്ചെടുത്ത് തുഷാറിന് നാട്ടിലേക്കു മടങ്ങാൻ കഴിയൂ. നീതി കിട്ടും വരെ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് നാസിൽ അബ്ദുല്ല അറിയിച്ചു. തുഷാറിെൻറ ജാമ്യകാലവധി 20 ദിവസത്തിനുള്ളില്‍ അവസാനിക്കും. അതിന് മുമ്പ് ഒത്തുതീര്‍പ്പ് നടന്നില്ലെങ്കില്‍ കേസ് വിചാരണയിലേക്ക് നീങ്ങും.
തുഷാർ യു.എ.ഇയിൽ നടത്തിയിരുന്ന ബോയിങ് കൺസ്ട്രക്ഷൻ കമ്പനിയിൽ സബ്കോൺട്രാക്ട് ജോലികൾ ചെയ്ത വകയിൽ നാസിൽ അബ്ദുല്ലക്ക് നൽകിയ ചെക്ക് അക്കൗണ്ടിൽ പണമില്ലാതെ മടങ്ങിയതാണ് കേസിലേക്കും അറസ്റ്റിലേക്കും നയിച്ചത്. കേരള മുഖ്യമന്ത്രിയും കേന്ദ്ര സർക്കാറിലെ ഉന്നത കേന്ദ്രങ്ങളും പ്രത്യേക താൽപര്യമെടുത്തതിനെ തുടർന്ന് പ്രമുഖ വ്യവസായി എം.എ. യൂസുഫലി ജാമ്യത്തുകയും അഭിഭാഷകനെയും എത്തിച്ചുനൽകി തുഷാറിനെ ജാമ്യത്തിലിറക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.