രാവിലെ 15,000 രൂപ, വൈകീട്ട് 40,000; യു.എ.ഇയിലേക്ക് ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു
text_fieldsദുബൈ: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യു.എ.ഇയിലേക്ക് വരാം എന്നറിയിച്ചതോടെ വിമാനക്കമ്പനികൾ ടിക്കറ്റ് ബുക്കിങ് തുടങ്ങി. എന്നാൽ, ഒറ്റദിവസം കൊണ്ട് ഇരട്ടിയിലേറെ തുകയാണ് ടിക്കറ്റിനത്തിൽ കുതിച്ചുയർന്നത്. ചൊവ്വാഴ്ച രാവിലെ 750 ദിർഹം (15,000 രൂപ) ആയിരുന്ന ടിക്കറ്റ് വൈകുന്നേരത്തോടെ 2000 ദിർഹമായി (40,000 രൂപ) ഉയർന്നു.
ആഗസ്റ്റ് ഏഴ് മുതലാണ് പല വിമാനക്കമ്പനികളും ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. എന്നാൽ, ടിക്കറ്റുകളിൽ പലതിനും അപ്രൂവൽ ലഭിച്ചിട്ടില്ലെന്ന് ട്രാവൽ ഏജൻസികൾ അറിയിച്ചു. നാട്ടിൽപെട്ടുകിടക്കുന്നവർ എത്ര തുക നൽകിയും യാത്ര ചെയ്യാൻ തയാറാകുന്ന സാഹചര്യം മുതലെടുത്താണ് എയർലൈനുകൾ നിരക്ക് കുത്തനെ കൂട്ടിയത്. ലക്ഷക്കണക്കിനാളുകളാണ് വരാനുള്ളത്. ഖത്തർ, അർമീനിയ, ഉസ്ബകിസ്താൻ വഴി ഒന്നേകാൽ ലക്ഷം രൂപ മുടക്കിയാണ് പലരും വരുന്നത്. ഈ സാഹചര്യത്തിൽ വൻ തുക മുടക്കാൻ യാത്രക്കാർ തയാറാകുമെന്ന് അറിയാവുന്ന എയർലൈനുകൾ യാത്രക്കാരുടെ കുത്തിനുപിടിക്കുന്ന നിരക്കാണ് ഈടാക്കുന്നത്.
അതേസമയം, യു.എ.ഇ അധികൃതർ അനുമതി നൽകിയതിനാൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ യാത്രക്കാർക്ക് യാത്ര ചെയ്യാൻ അനുമതി നൽകുമെന്ന് എമിറേറ്റ്സ് എയർലൈൻ അറിയിച്ചു.
ഇന്ത്യ, പാകിസ്താൻ, നേപാൾ, ശ്രീലങ്ക, യുഗാണ്ട, നൈജീരിയ എന്നീ രാജ്യങ്ങളിലെ യാത്രികർക്കാണ് അനുമതി. കൂടാതെ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക, വിയറ്റ്നാം, സാംബിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ട്രാൻസിസ്റ്റ് വിസക്കാർക്കും യാത്ര ചെയ്യാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.