മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് മെഷീനുകൾ നവീകരിച്ചു
text_fieldsഇടപാടുകളുടെ സമയം 40ശതമാനം വരെ കുറയും
ദുബൈ: എമിറേറ്റിലെ മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് റീചാർജിന് ഉപയോഗിക്കുന്ന മെഷീനുകളുടെ നവീകരണം പൂർത്തിയാക്കിയതായി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ആകെ 262 മെഷീനുകളിൽ 165 എണ്ണത്തിന്റെ പുതുക്കലാണ് പൂർത്തിയാക്കിയത്. നവീകരണം പൂർത്തിയായതോടെ ഇടപാടുകളുടെ സമയം 40ശതമാനം വരെ കുറയുമെന്ന് അധികൃതർ വെളിപ്പെടുത്തി. നോൽ കാർഡ് റീചാർജ് ചെയ്യുന്നതിന് ഡിജിറ്റൽ ഇടപാട് ഉപയോഗിക്കുന്ന സംവിധാനവും, ബാക്കിത്തുക പേപ്പർ കറൻസിയിലും കോയിൻ കറൻസിയിലും ലഭ്യമാക്കുന്ന സംവിധാനവുമാണ് പ്രധാനമായും നവീകരിച്ചിട്ടുള്ളത്.
എളുപ്പത്തിൽ ഉപഭോക്താവിന് ഉപയോഗിക്കാനാവുന്ന രീതിയിൽ ചുവപ്പ്, പച്ച ലൈനുകളിലെ സ്റ്റേഷനുകളിലെല്ലാം മെഷീൻ നവീകരണം പൂർത്തിയാക്കിയിട്ടുണ്ട്. കറൻസി നോട്ടുകളും കോയിനുകളും ഇതിൽ ഉപയോഗിക്കാം. പുതിയ സംവിധാനങ്ങൾ വന്നതോടെ ഇടപാട് സമയം നേരത്തെയുള്ളതിനേക്കാൾ കുറയും. ദുബൈയിൽ താമസക്കാരുടെയും സന്ദർശകരുടെയും വിനോദ സഞ്ചാരികളുടെയും യാത്രാ അനുഭവം മെച്ചപ്പെടുത്താനാണ് പദ്ധതി നടപ്പാക്കിയതെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
പുതുക്കിയ മെഷീനുകൾക്ക് മികച്ച രൂപകൽപനയും പ്രത്യേക നിറവും നൽകിയതിലൂടെ ഉപഭോക്താവിന് വളരെ വേഗത്തിൽ തിരിച്ചറിയാൻ സഹായിക്കുമെന്ന് ആർ.ടി.എ റെയിൽ ഏജൻസിയുടെ ഓപറേഷൻസ് ഡയറക്ടർ ഹസൻ അൽ മുതവ്വ പറഞ്ഞു. ദുബൈ മെട്രോയിൽ ഡിജിറ്റൽ രീതികൾ സ്വീകരിക്കുന്ന നോൽ ഉപയോക്താക്കളുടെ എണ്ണം 20ശതമാനം വർധിപ്പിക്കാൻ ആർ.ടി.എ പദ്ധതിയിടുന്നുണ്ട്. സൗകര്യപ്രദവും സുസ്ഥിരവുമായ ഗതാഗതത്തിന് മുൻഗണന നൽകുന്ന ദുബൈ മെട്രോയിൽ യാത്രക്കാരുടെ മാറുന്ന ആവശ്യങ്ങൾ നിറവേറ്റുന്ന മികച്ച സേവനങ്ങൾ വാഗ്ദാനം ചെയ്യാൻ ആർ.ടി.എ പ്രതിജ്ഞാബദ്ധമാണ് -അൽ മുതവ്വ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.