ടിക്കറ്റിന് നെട്ടോട്ടം; ബുക്കിങ് തുടങ്ങിയും നിർത്തിയും എയർലൈനുകൾ
text_fieldsദുബൈ: രണ്ടു ഡോസ് വാക്സിനെടുത്ത ഇന്ത്യക്കാർക്ക് മടങ്ങിവരാം എന്ന് യു.എ.ഇ അറിയിച്ചതോടെ പ്രവാസികൾ വിമാന ടിക്കറ്റിനായി നെട്ടോട്ടത്തിൽ. ഞായറാഴ്ച രാവിലെ വിവിധ എയർലൈനുകൾ ടിക്കറ്റ് ബുക്കിങ് തുടങ്ങിയെങ്കിലും വൈകുന്നേരത്തോടെ നിർത്തിെവച്ചു. ഉച്ചക്കുശേഷം ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു. അതേസമയം, വിവിധ വിഷയങ്ങളിൽ അവ്യക്തത തുടരുന്നതിനാൽ അത്യാവശ്യക്കാരല്ലാത്തവർ ടിക്കറ്റെടുക്കാൻ തുനിഞ്ഞില്ല.
വാക്സിനെടുത്ത ഇന്ത്യക്കാർക്ക് പ്രവേശനം നൽകാൻ ശനിയാഴ്ച രാത്രിയാണ് ദുബൈ ദുരന്ത നിവാരണ സമിതി തീരുമാനിച്ചത്. 23 മുതൽ സർവിസ് തുടങ്ങുമെന്ന് എമിറേറ്റ്സും അറിയിച്ചിരുന്നു. 24 മുതൽ എല്ലാ സർവിസുകളും പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസും ട്വീറ്റ് ചെയ്തു. ഇൻഡിഗോ അടക്കമുള്ള എയർലൈനുകൾ ഷെഡ്യൂൾ പ്രഖ്യാപിക്കുകയും ബുക്കിങ് ആരംഭിക്കുകയും ചെയ്തു.
രാവിലെ 800 ദിർഹം മുതലായിരുന്നു ടിക്കറ്റ് നിരക്ക്. ഉച്ചകഴിഞ്ഞപ്പോൾ ഇരട്ടിയിലധികമായി. വൈകീട്ടായപ്പോൾ സോൾഡ് ഔട്ട് എന്നാണ് വെബ്സൈറ്റുകളിൽ കാണിക്കുന്നത്. അവ്യക്തത നിലനിൽക്കുന്നതിനാലാണ് ടിക്കറ്റ് നൽകുന്നത് നിർത്തിവെച്ചതെന്നാണ് സൂചന.
മറ്റ് എമിറേറ്റുകളിലെ വിസക്കാർക്ക് ദുബൈ വിമാനത്താവളത്തിൽ എത്തുന്നതിൽ തടസ്സമുണ്ടോ എന്ന വിഷയത്തിൽ വ്യക്തത വന്നിട്ടില്ല. നാലു മണിക്കൂറിനുള്ളിൽ എടുത്ത റാപിഡ് പി.സി.ആർ ടെസ്റ്റ് ഫലം വേണമെന്ന നിബന്ധനയും ആശയക്കുഴപ്പത്തിനിടയാക്കുന്നു. നിലവിൽ കേരളത്തിലെ വിമാനത്താവളങ്ങളിൽ ഈ സംവിധാനമില്ല. വാക്സിനെടുക്കാത്ത കുട്ടികൾക്ക് യാത്രചെയ്യാൻ കഴിയുമോ എന്നതിലും വ്യക്തതയില്ല. ഈ സാഹചര്യത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന എത്ര പേർക്ക് യാത്രചെയ്യാൻ കഴിയും എന്നതിൽ എയർലൈനുകൾക്കും സംശയമുണ്ട്.
കോവിഷീൽഡും ആസ്ട്രെസനകയും ഒന്നുതന്നെ
ദുബൈ: ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവിഷീൽഡും യു.എ.ഇയിലെ ഒക്സ്ഫഡ് ആസ്ട്രസെനക വാക്സിനും ഒന്നു തന്നെയാണെന്ന് ദുബൈ ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി.
ഇതോടെ ഇന്ത്യയിലെ കോവിഷീൽഡ് വാക്സിനെടുത്തവർക്ക് യു.എ.ഇയിലേക്ക് വരാൻ സാധിക്കും. ഫൈസർ, സ്പുട്നിക്, സിനോഫാം, ആസ്ട്രസെനക (കോവിഷീൽഡ്) എന്നിവയാണ് യു.എ.ഇയിലെ അംഗീകൃത വാക്സിനുകൾ. അതേസമയം, കോവാക്സിൻ യു.എ.ഇ അംഗീകരിച്ചിട്ടില്ല.എന്നാൽ, യു.എ.ഇയിൽനിന്ന് ഫൈസർ, സ്പുട്നിക്, സിനോഫാം, ആസ്ട്രസെനക എന്നീ വാക്സിനുകളുടെ ആദ്യ ഡോസ് എടുത്തശേഷം ഇന്ത്യയിലെത്തിയവർക്ക് രണ്ടാം ഡോസായി ഏതെങ്കിലും വാക്സിൻ എടുക്കാൻ കഴിയുമോ എന്ന സംശയവും നിലനിൽക്കുന്നു.
രണ്ടു വ്യത്യസ്ത വാക്സിനുകൾ എടുക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമോ എന്ന സംശയത്തിനു പുറമെ ഇത് രേഖയിൽ ഉൾപ്പെടുമോ എന്ന സംശയവും നിലനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.