കനത്ത സുരക്ഷയൊരുക്കി ദുബൈ പൊലീസ്
text_fieldsദുബൈ: പെരുന്നാൾ അവധിക്കാലത്ത് കനത്ത സുരക്ഷയൊരുക്കി ദുബൈ പൊലീസ്. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 3200 പൊലീസുകാരെ വിന്യസിക്കും. 412 സംഘങ്ങൾ പട്രോളിങ് നടത്തും. അടിയന്തര ആവശ്യങ്ങൾക്കുള്ള 62 വാഹനങ്ങളും 122 ആംബുലൻസുകളും വിന്യസിക്കും. അവധി ആഘോഷങ്ങൾക്കിടെ യാത്രക്കാർ അപകടത്തിൽപെടുന്നത് ഒഴിവാക്കാൻ കൂടി ലക്ഷ്യമിട്ടാണ് സുരക്ഷയൊരുക്കുന്നത്.
എല്ലാ പള്ളി ഈദ്ഗാഹുകളിലും പൊലീസ് സേനയുണ്ടാകും. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും പൊലീസ് ഇടപെടും. 442 പാരാമെഡിക്കൽ ടീമും ഉണ്ടാകും. ബീച്ചുകളിലെ അപകടങ്ങൾ ഒഴിവാക്കാൻ ഒമ്പത് ബോട്ട്, 165 ലൈഫ് ഗാർഡ് എന്നിവ വിന്യസിക്കും. ഇതിന് പുറമെ സ്വകാര്യ കമ്പനികളിലെ 2400 സെക്യൂരിറ്റി ഗാർഡുകൾ, 650 വളന്‍റിയർമാർ എന്നിവരുടെ സേവനവും ലഭിക്കും. വിനോദസഞ്ചാര മേഖലകളിലെ സുരക്ഷക്ക് സൈന്യവും സിവിൽ സെക്യൂരിറ്റി പട്രോളിങ് സംഘവുമുണ്ടാകും. കുട്ടികളെ വാഹനത്തിൽ തനിച്ചിരുത്തി പോകരുത്. പൊതുസ്ഥലങ്ങളിലും ബീച്ചുകളിലും സ്വിമ്മിങ് പൂളിലും കുട്ടികളെ ഒറ്റക്ക് വിടരുത്. സംശയാസ്പദമായി എന്തെങ്കിലും കണ്ടാൽ 901 എന്ന നമ്പറിൽ വിളിച്ചറിയിക്കണം.
ദേര, ബർദുബൈ, സബീൽ, നാദൽ ഹമർ, അൽ മിസ്ഹർ, ജുമൈറ, മൻഖൂൽ, സലാം മോസ്ക്, റാശിദീയ ഗ്രാൻഡ് മോസ്ക്, ഫാറൂഖ് മോസ്ക് എന്നിവിടങ്ങളിൽ കനത്ത സുരക്ഷയൊരുക്കും. ദുബൈ മാൾ, ജെ.ബി.ആർ, മാൾ ഓഫ് എമിറേറ്റ്സ്, ദുബൈ വാട്ടർ കനാൽ, ഫെസ്റ്റിവൽ സിറ്റി, മിർദിഫ് സിറ്റി സെന്‍റർ തുടങ്ങിയ ഇടങ്ങളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൂടുതൽ പൊലീസിനെ വിന്യസിക്കുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.