സമയപരിധി അവസാനിച്ചു: ഇന്നലെ എത്തിയത് ആയിരങ്ങൾ
text_fieldsദുബൈ: ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് യു.എ.ഇയിൽ എത്താനുള്ള സമയപരിധി ശനിയാഴ്ച രാത്രി അവസാനിച്ചതോടെ ശനിയാഴ്ച എത്തിയത് ആയിരങ്ങൾ. ദുബൈ, ഷാർജ, അബൂദബി വിമാനത്താവളങ്ങളിലേക്കാണ് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നിന്ന് യാത്രക്കാർ ഒഴുകിയെത്തിയത്. ദിനേനയുള്ള സർവിസുകൾക്കുപുറമെ ചാർട്ടേഡ് വിമാനങ്ങൾ കൂടി രംഗത്തിറക്കിയതോടെ വിമാനത്താവളങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് യു.എ.ഇ യാത്രാവിലക്ക് പ്രഖ്യാപിച്ചത്. ഇതോടെ നെട്ടോട്ടത്തിലായ പ്രവാസികൾ ടിക്കറ്റിനും കോവിഡ് പരിശോധനക്കും വേണ്ടിയുള്ള പാച്ചിലിലായിരുന്നു. ഉടൻ തിരിച്ചെത്തിയില്ലെങ്കിൽ ജോലി നഷ്ടപ്പെടുമെന്നുള്ളവർ, വിസ കാലാവധി കഴിയാറായവർ, കുട്ടികളും പ്രായമായ രക്ഷിതാക്കളും ഇവിടെയുള്ളവർ, ബിസിനസുകാർ, വിദ്യാർഥികൾ തുടങ്ങിയവരാണ് എത്തിയതിൽ ഭൂരിപക്ഷവും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറിലേറെ വിമാനങ്ങൾ ശനിയാഴ്ച യു.എ.ഇയിൽ എത്തി. ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നെങ്കിലും യാത്രക്കാരുടെ തിരക്കിന് കുറവുണ്ടായില്ല. 5000 ദിർഹമിന് മുകളിലായിരുന്നു ചില വിമാനങ്ങളിൽ ടിക്കറ്റ് നിരക്ക്. യാത്ര മുടങ്ങിയാൽ ഇതിലും വലിയ നഷ്ടമുണ്ടാകുമെന്ന് കണക്കാക്കിയവർ കൂടിയ തുക നൽകി ടിക്കറ്റെടുക്കുകയായിരുന്നു.
പത്തു ദിവസത്തേക്കാണ് യു.എ.ഇ യാത്രാവിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പത്ത് ദിവസത്തിന് ശേഷം പുനഃപരിശോധിക്കുമെന്നാണ് അറിയിപ്പ്. എന്നാൽ, ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം ദിനേന കൂടിക്കൊണ്ടിരിക്കുന്ന സ്ഥിതിക്ക് പത്തു ദിവസത്തിന് ശേഷം വിലക്ക് നീക്കാനുള്ള സാധ്യത കുറവാണ്. അതിനാലാണ് പ്രവാസികൾ കൂട്ടമായി ടിക്കറ്റെടുത്ത് വിമാനം കയറിയത്. ഇനിയും വരാൻ കഴിയാത്തവർ നേപ്പാൾ വഴിയുള്ള യാത്രക്കായി ശ്രമം തുടങ്ങി.
എന്നാൽ, ചെലവേറിയതാണ് ഈ യാത്ര. 14 ദിവസത്തിനിടെ ഇന്ത്യയിൽ തങ്ങിയവർക്കും യാത്രാവിലക്കുള്ളതിനാൽ നേപ്പാളിലെത്തിയാലും 14 ദിവസത്തിന് ശേഷമേ യു.എ.ഇയിലേക്ക് പറക്കാൻ കഴിയൂ. ഇമിഗ്രേഷൻ ക്ലിയറൻസ് ഉള്ള നേപ്പാൾ യാത്രികർക്ക് എൻ.ഒ.സി വേണ്ടെന്ന കേന്ദ്രസർക്കാർ നിലപാട് യാത്രക്കാർക്ക് ഗുണകരമാകും.
കോവിഡ് ഫലം യാത്ര മുടക്കി:
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള നിരവധിപേർക്ക് കോവിഡ് ഫലം കൃത്യസമയത്ത് കിട്ടാത്തതിനാൽ യാത്രചെയ്യാൻ കഴിഞ്ഞില്ല. ദുബൈയിലേക്ക് 48 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റിവ് ഫലമാണ് വേണ്ടത്. കേരളത്തിലെ ലാബുകളിൽ 24 മണിക്കൂറിനുള്ളിൽ ഫലം ലഭിക്കുമെങ്കിലും മറ്റു പല സംസ്ഥാനങ്ങളിലും ഈ സൗകര്യമില്ല. നാലോ അഞ്ചോ ദിവസം വേണം ഫലം ലഭിക്കാൻ. കോവിഡ് വ്യാപനം രൂക്ഷമായ ചില സംസ്ഥാനങ്ങളിൽ പരിശോധനക്ക് പോലും ലാബുകളിൽ ഇടം ലഭിച്ചില്ല. ഇവിടെയുള്ള യാത്രക്കാർക്ക് യു.എ.ഇയിലേക്ക് വരാൻ ഇനിയും കാത്തിരിക്കണം.
കേരളത്തിലെ ലാബുകളിൽ വെള്ളിയാഴ്ച വൻ തിരക്കാണ് അനുഭവപ്പെട്ടത്. ശനിയാഴ്ച വിമാനത്താവളത്തിൽ എത്തുന്നതിന് മുമ്പ് ഫലം ലഭിക്കാൻ വേണ്ടിയുള്ള നെട്ടോട്ടത്തിലായിരുന്നു എല്ലാവരും. ഫലം വരുന്നത് കാത്ത് നിൽക്കാതെ രണ്ടും കൽപിച്ച് ടിക്കറ്റ് എടുത്തവരാണ് അധികവും. ഫലം വന്നപ്പോൾ പോസിറ്റിവായതിനെ തുടർന്ന് യാത്ര മുടങ്ങിയവരുമുണ്ട്. ഇവർക്ക് ടിക്കറ്റ് തുക ഇനത്തിൽ വൻ നഷ്ടമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.