അതിർത്തി കടക്കാൻ: ഒമാൻ സ്വദേശികൾക്ക് അനുമതി വേണ്ട
text_fieldsദുബൈ: എട്ടു മാസത്തെ ഇടവേളക്കുശേഷം യു.എ.ഇ- ഒമാൻ റോഡ് മാർഗം തുറന്നതിനു പിന്നാലെ കൂടുതൽ ഇളവുകളുമായി യു.എ.ഇ. ഒമാൻ പൗരന്മാർക്ക് റോഡ് മാർഗം അതിർത്തി കടക്കാൻ മുൻകൂർ അനുമതി ആവശ്യമില്ലെന്ന് ദേശീയ ദുരന്തനിവാരണ സമിതി അറിയിച്ചു. എന്നാൽ, 48 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധന നടത്തി നെഗറ്റിവായെന്ന ഫലം ഹാജരാക്കണം.
കോവിഡിനെ തുടർന്ന് മാർച്ചിൽ അടച്ച റോഡ് അതിർത്തികളാണ് 16 മുതൽ തുറക്കുന്നത്. ഇതുവരെ ചരക്ക് ഗതാഗതം മാത്രമാണ് ഈ അതിർത്തികളിലൂടെ അനുവദിച്ചിരുന്നത്. അടുത്തദിവസം മുതൽ ഒമാനിലെയും യു.എ.ഇയിലെയും സ്വദേശികൾക്ക് അതിർത്തികളിലൂടെ യാത്ര ചെയ്യാം. ഒമാൻ റെസിഡൻറ് വിസയുള്ള പ്രവാസികൾക്ക് റോഡ് മാർഗം യു.എ.ഇയിൽനിന്ന് ഒമാനിലേക്ക് പോകാമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. യു.എ.ഇയിലേക്ക് വരുന്ന ഒമാൻ സ്വദേശികൾക്ക് അതിർത്തിയിൽ വീണ്ടും പി.സി.ആർ പരിശോധനയുണ്ടാകും. യു.എ.ഇയിൽ പ്രവേശിച്ചാൽ ഓരോ എമിറേറ്റിലെയും ക്വാറൻറീൻ നിയമങ്ങൾ സന്ദർശകർക്ക് ബാധകമായിരിക്കും. ഇതനുസരിച്ച്, അബൂബദിയിലെത്തുന്നവർ 14 ദിവസം ക്വാറൻറീനിൽ കഴിയണം. അബൂദബിയിൽ തങ്ങുന്നവർ മാത്രം ക്വാറൻറീനിൽ കഴിഞ്ഞാൽ മതി. അബൂദബിയിലെത്തി മറ്റ് എമിറേറ്റുകളിലേക്ക് പോകുന്നവർക്ക് ക്വാറൻറീൻ നിർബന്ധമില്ല. നാലു ദിവസത്തിൽ കൂടുതൽ യു.എ.ഇയിൽ തങ്ങുന്നവർ നാലാം ദിവസം കോവിഡ് പരിശോധനക്ക് ഹാജരാകണം. അതേസമയം, സന്ദർശക വിസയെടുത്ത് യു.എ.ഇയിലേക്ക് റോഡ് മാർഗം വരുന്ന പ്രവാസികളുടെ കാര്യത്തിൽ അവ്യക്തതയുണ്ട്. ഇതുസംബന്ധിച്ച് അടുത്ത ദിവസംതന്നെ ഉത്തരവിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, അബൂദബിയിലെത്തുന്ന വിമാന യാത്രക്കാർക്ക് ഐ.സി.എ അനുമതിയും ദുബൈയിലെത്തുന്നവർക്ക് ജി.ഡി.ആർ.എഫ്.എ അനുമതിയും ഇപ്പോഴും നിർബന്ധമാണ്. അതിർത്തി തുറക്കുന്ന വിവരം ഒമാൻ ആരോഗ്യമന്ത്രി േഡാ. അഹമ്മദ് അൽ സഇൗദിയാണ് കഴിഞ്ഞ ദിവസം അറിയിച്ചത്.
ഇതിനു പിന്നാലെയാണ് യു.എ.ഇയും ഒമാനി പൗരന്മാർക്ക് അനുമതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.