ഗതാഗതം എളുപ്പമാക്കാൻ പുതിയ ഹൈവേ; സാധ്യത പഠിക്കും
text_fieldsദുബൈ: ഏഴ് എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന പുതിയ ഫെഡറൽ ഹൈവേ നിർമിക്കുന്നത് സംബന്ധിച്ച നിർദേശം പഠിക്കുമെന്ന് യു.എ.ഇ ഊർജ, അടിസ്ഥാന സൗകര്യ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്റൂയി. ഫെഡറൽ നാഷനൽ കൗൺസിലിനെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിർമാണം പൂർത്തിയായാൽ യു.എ.ഇയിലെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ശൈഖ് സായിദ് റോഡ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നിവക്കൊപ്പം പ്രധാന പാതകളിലൊന്നാവുമിത്. തിരക്കേറിയ സമയങ്ങളിൽ ഗതാഗതക്കുരുക്ക് സൃഷ്ടിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് ഫെഡറൽ നാഷനൽ കൗൺസിലിൽ പുതിയ റോഡ് സംബന്ധിച്ച നിർദേശം ഉയർന്നത്.
ഗതാഗതം എളുപ്പമാക്കുന്നതിന് പുതിയ റോഡ് നിർമിക്കണോ, അല്ലെങ്കിൽ നിലവിലെ പാതകളിൽ കൂടുതൽ ലൈനുകൾ ഉൾപ്പെടുത്തിയാൽ മതിയോ എന്നകാര്യം വിവിധ പ്രാദേശിക സർക്കാർ പ്രതിനിധികളുമായി ഉദ്യോഗസ്ഥർ ചർച്ചചെയ്യും. അതോടൊപ്പം ഗതാഗതം ബദൽ റൂട്ടുകളിലേക്ക് തിരിച്ചുവിടുന്നത് ട്രാഫിക് മെച്ചപ്പെടുത്തുമോ എന്ന കാര്യവും പരിശോധിക്കും.
അതോടൊപ്പം ദുബൈക്കും വടക്കൻ എമിറേറ്റുകൾക്കുമിടയിൽ ഗതാഗതം എളുപ്പമാക്കാൻ പുതിയ നടപടിക്രമങ്ങൾ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഗതാഗതം നിരീക്ഷിക്കുന്നതിന് സംയോജിത കേന്ദ്രം, നിർമിതബുദ്ധി ഉപയോഗിച്ച് ഗതാഗതക്കുരുക്കിന്റെ കാരണങ്ങൾ വിലയിരുത്തൽ എന്നിവ നടപടികളിൽ ഉൾപ്പെടും. ഇക്കാര്യങ്ങൾ ഈ വർഷം രണ്ടാം പകുതിയോടെ തന്നെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. നടപടികൾ ആസൂത്രണം ചെയ്തത് സമഗ്രപഠനത്തിലൂടെയാണെന്നും നടപ്പാക്കുന്നതിന് അനുമതി ലഭിക്കാൻ മുനിസിപ്പാലിറ്റികളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.