ജീവനക്കാർക്ക് ഇന്ന് 'ആദ്യ വെള്ളി'
text_fieldsദുബൈ: യു.എ.ഇയിലെ ചരിത്രപരമായ വാരാന്ത്യ അവധിമാറ്റത്തിന് ശേഷമുള്ള ആദ്യ വെള്ളിയാഴ്ച ഇന്ന്. ഷാർജ ഒഴികെയുള്ള ആറ് എമിറേറ്റുകളിലെയും സർക്കാർ ജീവനക്കാർ ഇന്ന് ഉച്ചവരെ ജോലിക്കെത്തും. രാവിലെ 7.30 മുതൽ ഉച്ചക്ക് 12.00 വരെയാണ് ജോലി. ജുമുഅ 1.15നായിരിക്കും തുടങ്ങുക. സർക്കാർ സ്ഥാപനങ്ങളുടെ പാത പിന്തുടർന്ന് ചില സ്വകാര്യ സ്ഥാപനങ്ങളും ഇന്ന് ജോലിദിനമാക്കിയിട്ടുണ്ട്. സ്കൂളുകളും ഇന്ന് ഉച്ചവരെ പ്രവർത്തിക്കും.
ഭാവിയിൽ എല്ലാ സ്ഥാപനങ്ങളും വെള്ളിയാഴ്ച പ്രവൃത്തിദിനമാക്കുന്നതിെൻറ സൂചനകളാണ് ലഭിക്കുന്നത്. പല സ്വകാര്യ സ്ഥാപനങ്ങളും ശനിയോ ഞായറോ ആണ് വാരാന്ത്യ അവധിയായി പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ജോലിക്ക് കയറാൻ ജീവനക്കാർക്ക് നിർദേശവും നൽകിയിട്ടുണ്ട്. യു.എ.ഇയിലെ മാർക്കറ്റിെൻറ ചലനം എവിടേക്കാണെന്ന് നോക്കിയ ശേഷം അവധിക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നാണ് ഭൂരിപക്ഷം സ്ഥാപനങ്ങളുടെയും നിലപാട്. ആഴ്ചയിൽ ഒരുദിവസം മാത്രം അവധി നൽകുന്ന സ്ഥാപനങ്ങൾ ഞായറാഴ്ച അവധി നൽകാനാണ് സാധ്യത. ബാങ്കുകൾക്ക് സ്വയം തീരുമാനമെടുക്കാമെന്ന് അറിയിച്ചതോടെ ഭൂരിപക്ഷം ബാങ്കുകളും ഞായറാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതോടെ, പ്രവാസികളുടെ പണമിടപാടുകൾ എളുപ്പത്തിൽ നടക്കും. നേരത്തെ, വ്യാഴാഴ്ച ഉച്ചക്ക് ശേഷം നാട്ടിലേക്ക് പണം അയച്ചാൽ തിങ്കളാഴ്ച മാത്രം ക്രെഡിറ്റാകുന്ന അവസ്ഥയുണ്ടായിരുന്നു. യു.എ.ഇക്കാർക്ക് വെള്ളിയാഴ്ച ജോലി എന്നത് പുതിയ അനുഭവമായിരിക്കും. വെള്ളിയാഴ്ചകളിൽ വൈകി എഴുന്നേൽക്കുന്നതും ഉച്ചക്ക് ബിരിയാണിയുണ്ടാക്കുന്നതുമായിരുന്നു കാലാകാലങ്ങളായി ബാച്ചിലർ റൂമുകളിലെ പതിവ്. ബിരിയാണിയുടെ കാര്യത്തിലാണ് പ്രവാസികളുടെ പ്രധാന 'ആശങ്ക'. രാവിലെ റൂമും പൂട്ടി ജോലിക്ക് പോയാൽ ആരുണ്ടാക്കും ബിരിയാണി എന്ന് അവർ ചോദിക്കുന്നു. ഞായറാഴ്ചകളിലേക്ക് ബിരിയാണി ദിനം മാറ്റേണ്ടി വരുമെന്നാണ് അവർ പറയുന്നത്.
എങ്കിലും, വെള്ളിയാഴ്ചയോളം വരുമോ ഞായറാഴ്ച എന്നാണ് ഒരു കൂട്ടരുടെ ചോദ്യം. ജുമുഅ മൂലം മാറ്റിവെച്ചിരുന്ന വെള്ളിയാഴ്ചകളിലെ ട്രിപ്പുകൾ ഞായറാഴ്ച നടത്താമെന്നതാണ് ആശ്വാസകരമാണെന്ന് ചിലർ പറയുന്നു. സ്കൂൾ കുട്ടികൾക്കും ഇതൊരു പുതിയ അനുഭവമായിരിക്കും. ഇതുവരെ അവർക്ക് വെള്ളിയാഴ്ചകൾ പൂർണമായും അവധിയായിരുന്നു. പക്ഷെ, രണ്ട് ദിവസം അവധിയായിരുന്നത് രണ്ടര ദിവമസമായി നീട്ടിക്കിട്ടിയതിൽ അവർ ആഹ്ലാദത്തിലാണ്. ഷാർജയിലുള്ളവർക്കാണ് ശരിക്കും കോളടിച്ചത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ പൂർണമായും അവധി ലഭിക്കും. ജുമുഅ സമയങ്ങളിൽ മാറ്റമുണ്ടാവില്ല. സ്കൂളുകൾക്കും മൂന്ന് ദിനം അവധിയായിരിക്കും. ഇവിടെയുള്ള സ്വകാര്യ സ്ഥാപനങ്ങൾ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.