ഇന്ന് അന്താരാഷ്ട്ര പ്രമേഹ ദിനം: ലോകരാജ്യങ്ങൾക്കൊപ്പം കൈകോർത്ത് യു.എ.ഇയും
text_fieldsഅബൂദബി: ശനിയാഴ്ച അന്താരാഷ്ട്ര പ്രമേഹ ദിനത്തിൽ പ്രമേഹരോഗ നിർമാർജനത്തിനായി ലോക രാജ്യങ്ങൾക്കൊപ്പം യു.എ.ഇയും കൈകോർക്കുന്നതായി ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയം. പ്രമേഹ രോഗികളുടെ സുരക്ഷ ലക്ഷ്യമാക്കി കോവിഡ് പ്രതിസന്ധിവേളയിൽ ഒട്ടേറെ ആരോഗ്യ സേവനങ്ങളാണ് രാജ്യത്തുടനീളം നടപ്പിലാക്കിയത്. പ്രമേഹത്തിന് ആഗോളതലത്തിൽ അംഗീകൃതവും അംഗീകാരവുമുള്ള ഏറ്റവും പുതിയ ചികിത്സയും പ്രതിരോധ മരുന്നുകളുമാണ് യു.എ.ഇയിൽ മന്ത്രാലയം നൽകുന്നത്. യു.എ.ഇയിലെ എല്ലാ പൗരന്മാർക്കും ഇതു സൗജന്യമായി നൽകുന്നു. പ്രമേഹത്തിെൻറ സങ്കീർണതകൾ തടയുന്നതിനും പ്രമേഹവുമായി ബന്ധപ്പെട്ട റെറ്റിനോപതി നേരത്തേ കണ്ടെത്തുന്നതിനും രാജ്യത്തുടനീളം പ്രത്യേക ക്ലിനിക്കുകൾ തുറന്നിട്ടുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
യു.എ.ഇയിൽ പ്രമേഹ രോഗികളുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 11.8 ശതമാനമെന്ന് 2017-2018 വർഷത്തിൽ ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയം നടത്തിയ സമഗ്ര മെഡിക്കൽ സർവേയിൽ കണ്ടെത്തിയതായി മന്ത്രാലയത്തിലെ ആരോഗ്യ പരിപാലന വകുപ്പ് അറിയിച്ചു. രണ്ട് ദശകങ്ങളിൽ ആഗോളതലത്തിൽ 20നും 79 വയസ്സിനും ഇടയിലുള്ള പ്രമേഹ രോഗികളുടെ എണ്ണം മൂന്നിരട്ടിയായി വർധിച്ചു. 2000ത്തിൽ 1510 ലക്ഷം പ്രമേഹ രോഗബാധിതരുണ്ടായത് 2019ൽ 4630 ലക്ഷമായി വർധിച്ചു. ഇൻറർനാഷനൽ ഡയബറ്റിസ് ഫെഡറേഷെൻറ കണക്കുകൾ പ്രകാരം മധ്യപൗരസ്ത്യ, വടക്കനാഫ്രിക്കൻ പ്രദേശങ്ങളിലാണ് പ്രമേഹ രോഗികൾ ഏറ്റവും കൂടുതലുള്ളത്.
പ്രമേഹ രോഗം തടയുന്ന പരിപാടിയുടെ ഭാഗമായി ഈ വർഷം 'ഡയബറ്റിസ്'എന്ന സ്മാർട്ട് ആപ്ലിക്കേഷൻ മന്ത്രാലയം ആരംഭിച്ചു. പ്രമേഹ രോഗികൾ, പ്രീ ഡയബറ്റിക്ക് രോഗികൾ എന്നിവർക്ക് അവബോധവും ആരോഗ്യ വിദ്യാഭ്യാസവും നൽകുന്നതോടൊപ്പം രോഗാവസ്ഥയിൽ ഉണ്ടാകുന്ന സങ്കീർണതകൾ കുറക്കാനുമാണ് 'ഡയബറ്റിസ്'ആപ്ലിക്കേഷൻ ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനത്തിെൻറ തുടക്കം മുതൽ വിട്ടുമാറാത്ത രോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്നവരുടെ സംരക്ഷണവും പ്രതിരോധവും ആരോഗ്യ അധികൃതർ പ്രഥമ പരിഗണന നൽകുന്നു. വിട്ടുമാറാത്ത രോഗമുള്ളവരിൽ വൈറസ് ബാധിക്കുന്നത് തടയുന്നതിന് ഒട്ടേറെ സുരക്ഷ പദ്ധതികളാണ് വേഗത്തിൽ ആരംഭിച്ചത്. പ്രമേഹരോഗികൾക്കായി ടെലിമെഡിസിൻ സേവനം ആരംഭിച്ചു. ദുബൈ ഹെൽത്ത് അതോറിറ്റി വിദൂര പ്രമേഹ പരിപാലനത്തിന് സംയോജിത ആരോഗ്യ പദ്ധതി വികസിപ്പിച്ചു.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2030ഓടെ പ്രമേഹം ലോകത്തിലെ ഏഴാമത്തെ പ്രധാന മരണകാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. ആരോഗ്യകരമായ ഭക്ഷണം, പതിവ് ശാരീരിക വ്യായാമം, അമിത ഭാരം ഇല്ലാതെ മിതമായ ശരീരഭാരം നിലനിർത്തൽ, പുകയില ഉപയോഗം ഒഴിവാക്കൽ എന്നിവയാണ് ടൈപ്പ് രണ്ട് പ്രമേഹത്തെ തടയാനുള്ള മാർഗമെന്നും അന്താരാഷ്ട്ര പ്രമേഹ ദിനത്തിൽ ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കോവിഡ് കാലത്ത് പ്രമേഹ രോഗികളുടെ സുരക്ഷക്ക് മുൻഗണന
അബൂദബി: കോവിഡ് രോഗ വ്യാപന സമയത്ത് പ്രമേഹ രോഗികളുടെ ആരോഗ്യ സുരക്ഷക്ക് പ്രധാന മുൻഗണന നൽകുന്നതായി അബൂദബി ആരോഗ്യ വകുപ്പ് ചെയർമാൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹമീദ് പറഞ്ഞു. പ്രമേഹ രോഗികൾക്ക് സുസ്ഥിരവും ലോകോത്തരവുമായ ആരോഗ്യ സേവനങ്ങൾ ഉറപ്പുവരുത്താൻ കഠിനമായി പരിശ്രമിക്കുമ്പോൾ മെഡിക്കൽ അവസ്ഥകളും ചികിത്സ പദ്ധതികളും സുരക്ഷിതമാണെന്ന് നിരീക്ഷിക്കുന്നതായും ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിൽനിന്ന് ഗുരുതരമായ സങ്കീർണതകൾ പ്രമേഹ രോഗികൾക്ക് ഉണ്ടാകാനുള്ള സാധ്യതയുടെ അടിസ്ഥാനത്തിലാണ് പ്രമേഹരോഗികളുടെ ആരോഗ്യ സംരക്ഷണത്തിന് എല്ലാ മുൻകരുതൽ നടപടികളും ആരോഗ്യ വകുപ്പ് നടപ്പാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അബൂദബി പബ്ലിക് ഹെൽത്ത് സെൻറിെൻറ മാർഗനിർദേശത്തോടെ മുതിർന്ന പൗരന്മാർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവരുടെ ആരോഗ്യ സുരക്ഷക്കായി പ്രത്യേകം ആസൂത്രണം ചെയ്ത ആരോഗ്യ സംരക്ഷണ പദ്ധതിയിൽ 31,000ത്തിൽ അധികം രോഗികൾക്ക് ഇതിനകം പ്രയോജനം ലഭിച്ചു. പ്രമേഹ രോഗികൾക്ക് മൊബൈൽ ആരോഗ്യ സേവനങ്ങളും പതിവ് പരിശോധന സൗകര്യവും ലബോറട്ടറി പരിശോധനകളും ഉറപ്പാക്കുകയും ചെയ്തു.
കോവിഡ് രോഗവ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി വിട്ടുമാറാത്ത രോഗികൾക്കായി വിദൂര ആരോഗ്യ സേവനം ഏപ്രിൽ മുതൽ ആരംഭിച്ചു. പ്രമേഹ രോഗികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിൽ അവിഭാജ്യ പങ്കുവഹിക്കുന്ന നഴ്സിങ് സ്റ്റാഫുകളെ ലോക പ്രമേഹ ദിനത്തിൽ ആരോഗ്യ വകുപ്പ് ചെയർമാൻ പ്രത്യേകം അഭിനന്ദിച്ചു. ആരോഗ്യ സംരക്ഷണ മേഖലയിലെ നഴ്സിങ് ജീവനക്കാർ നൽകുന്ന പ്രവർത്തനങ്ങളാണ് ആരോഗ്യ സേവനങ്ങളുടെ വിജയത്തിന് അടിസ്ഥാനം. ജീവിതശൈലി രോഗങ്ങളിൽ ഒന്നാണ് പ്രമേഹം. സമീകൃതാഹാരം, പതിവ് വ്യായാമം എന്നിവയുൾപ്പെടെയുള്ള ആരോഗ്യ ജീവിതശൈലി സ്വീകരിക്കുന്നതിലൂടെ മാത്രമേ പ്രമേഹ രോഗം തടയാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.