ഇന്ന് ലോക ഭക്ഷ്യസുരക്ഷ ദിനം: ഭക്ഷ്യസുരക്ഷക്കായി നമുക്ക് കൈകോർക്കാം
text_fieldsദുബൈ: മഹാമാരിയുടെ വരവോടെ ഭക്ഷ്യസുരക്ഷക്ക് ചെറുതല്ലാത്ത പ്രാധാന്യമാണ് രാജ്യം നൽകുന്നത്. വെക്കുന്നതു മുതൽ വിളമ്പുന്നതുവരെ ഓരോ പടിയിലും സൂക്ഷിച്ചില്ലെങ്കിൽ മഹാരോഗങ്ങൾക്കടിപ്പെടാമെന്ന തിരിച്ചറിവിലാണ് യു.എ.ഇ ഭരണകൂടം ഭക്ഷ്യസുരക്ഷക്കായി നിയമങ്ങൾ കർശനമാക്കിയത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ താമസക്കാരിലും പൗരന്മാരിലും ഭക്ഷണശാലകളിലും ഭക്ഷ്യസുരക്ഷ ശീലം വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ട് യു.എ.ഇയിലെ ഏറ്റവും വലിയ സർക്കാർ സ്ഥാപനമായ ദുബൈ മുനിസിപ്പാലിറ്റിക്കൊപ്പം പ്രവാസലോകത്തിെൻറ മുഖപത്രമായ ഗൾഫ് മാധ്യമവും കൈകോർക്കുന്നു. ജൂലൈ മുതൽ ഡിസംബർ വരെ നീളുന്ന കാമ്പയിൻ പ്രഖ്യാപനം ലോക ഭക്ഷ്യസുരക്ഷ ദിനമായ തിങ്കളാഴ്ച ദുബൈയിൽ നടക്കും.
ദുബൈ മുനിസിപ്പാലിറ്റി ഫുഡ് സേഫ്റ്റി വിഭാഗത്തിെൻറ നാല് അടിസ്ഥാന തത്ത്വങ്ങളിലൊന്നാണ് ഭക്ഷ്യസുരക്ഷ ബോധവത്കരണം. ഇതിനായി വിവിധ അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന ദുബൈ മുനിസിപ്പാലിറ്റി 'ഗൾഫ് മാധ്യമ'ത്തിനൊപ്പം അവബോധ കാമ്പയിനുകൾ നടത്തും. ആറു മാസം നീളുന്ന കാമ്പയിനിൽ വെബിനാറുകളും ബോധവത്കരണ പരിപാടികളും നടക്കും.
പാചകവും വിളമ്പുമ്പോഴും വിപണനം ചെയ്യുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉണർത്താൻ പൊതുജനങ്ങളിലേക്കും ഹോട്ടല്‍-കഫേ കൂട്ടായ്മകളിലേക്കും വീട്ടമ്മമാരിലേക്കും കാമ്പയിൻ എത്തും.
ആഗോള ഭക്ഷണങ്ങളുടെ സംഗമഭൂമിയായ യു.എ.ഇയിലെ കഫേകളും കഫറ്റീരിയകളും ഫുഡ്കോർട്ടുകളും റസ്റ്റാറൻറുകളും ഹോട്ടലുകളും ദുബൈ മുനിസിപ്പാലിറ്റി-ഗൾഫ് മാധ്യമം കാമ്പയിനുമായി സഹകരിച്ച് പ്രവർത്തിക്കും. ദേശഭാഷാഭേദമന്യേ എല്ലാ സ്ഥാപനങ്ങളിലേക്കും കാമ്പയിൻ വ്യാപിക്കും. വെബിനാറുകളിലും തത്സമയപരിപാടികളിലുമെല്ലാം ഇവരും പങ്കാളികളാവും.
ഭക്ഷ്യ മേഖലയിൽ ദുബൈയുടെ നയങ്ങളും നിയമങ്ങളും പുതിയ പദ്ധതികളും ചോദിച്ചറിയാൻ അവസരവും കാമ്പയിനിലുണ്ടാവും. 'ഗൾഫ് മാധ്യമ'ത്തിെൻറ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയും കാമ്പയിൻ പൊതുജനങ്ങളിലേക്കെത്തും. നിയമവശങ്ങൾ അറിയാതെ പിഴയിൽ കുടുങ്ങുന്നവർക്ക് നേരറിവ് നൽകാനും കാമ്പയിൻ ഉപകരിക്കും.
ഭക്ഷ്യസുരക്ഷയിൽ നിരവധി രാജ്യാന്തര പുരസ്കാരങ്ങൾ സ്വന്തമാക്കിയ ദുബൈ മുനിസിപ്പാലിറ്റിയും ആദ്യ അന്താരാഷ്ട്ര ദിനപത്രമായ ഗൾഫ് മാധ്യമവും ചേർന്നൊരുക്കുന്ന കാമ്പയിൻ ജൂലൈ ആദ്യ വാരം ആരംഭിച്ച് ഡിസംബറിൽ സമാപിക്കും.
പാചകത്തിലെ അശ്രദ്ധമൂലവും അറിവില്ലായ്മ മൂലവും ദിവസവും ലക്ഷക്കണക്കിനാളുകൾ മാരക രോഗത്തിനിരയാകുന്നുണ്ടെന്നാണ് കണക്കുകൾ.നിത്യ രോഗത്തിലേക്ക് നയിക്കുന്ന ഇത്തരം ശീലങ്ങളിൽ മാറ്റം വരുത്തേണ്ട ആവശ്യകതയിലേക്ക് വിരൽചൂണ്ടുന്നതാവും കാമ്പയിൻ. നല്ലൊരു ഭക്ഷണശീലത്തിനായി, മഹാമാരികളില്ലാത്ത നല്ല നാളേക്കായി നമുക്ക് കൈകോർക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.