ഇന്ന് ലോക ഹോമിയോപ്പതി ദിനം; ആരോഗ്യ കുടുംബത്തിൽ ഹോമിയോപ്പതിയുടെ സ്ഥാനം
text_fieldsഹോമിയോപ്പതി സ്ഥാപകനായ ജർമൻ ഫിസിഷ്യൻ ഡോ. ക്രിസ്റ്റ്യൻ ഫ്രെഡറിക് സാമുവൽ ഹാനിമാന്റെ ജന്മവാർഷികമാണ് ഹോമിയോപ്പതി ദിനമായി ആചരിക്കുന്നത്. പ്രസിദ്ധമായ സികോണ പുറംതൊലി പരീക്ഷണത്തിന് ശേഷം 1796ൽ ഹോമിയോപ്പതി സ്ഥാപിക്കുകയും ‘സമാനതകളുടെ നിയമം’ കണ്ടെത്തുന്നതിലേക്ക് നയിക്കുകയും ചെയ്ത ഡോക്ടറായിരുന്നു അദ്ദേഹം. ഈ വർഷത്തെ ഹോമിയോപ്പതി ദിനത്തിന്റെ പ്രമേയം ‘ഒരു ആരോഗ്യം, ഒരു കുടുംബം’ എന്നതാണ്.
ഹോമിയോപ്പതി ചുറ്റിപ്പറ്റി വിമർശനങ്ങളും സംവാദങ്ങളും ഉണ്ടായിരുന്നിട്ടും ഇന്ത്യയിലും ലോകമെമ്പാടുമുള്ള 120ഓളം രാജ്യങ്ങളിലും ഇത് ഇപ്പോഴും പ്രചാരം നേടുന്നു. ശ്വാസകോശ അണുബാധകൾ, ശിശു കോളിക്, കുട്ടികളിലെ പല്ലുവേദന, ഉറക്ക അസ്വസ്ഥതകൾ, ആവർത്തിച്ചുള്ള അണുബാധകൾ, ചർമപ്രശ്നങ്ങൾ, ജീവിതശൈലീരോഗങ്ങൾ, വന്ധ്യത, നിരന്തരമായ അലർജി, പെരുമാറ്റ വൈകല്യങ്ങൾ തുടങ്ങിയ രോഗങ്ങൾക്ക് ഹോമിയോപ്പതി ജനപ്രിയമാണ്. ചികിത്സയുടെ കുറഞ്ഞ ചെലവും ജനപ്രീതി വർധിപ്പിക്കുന്നു.
സൗമ്യവും സമഗ്രവുമായ രോഗശാന്തിയുടെ സംവിധാനമായാണ് ഹോമിയോപ്പതി അംഗീകരിക്കപ്പെടുന്നത്. ഹാനിമാൻ കണ്ടെത്തിയ സമാനതകളുടെ നിയമത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. ഈ നിയമമനുസരിച്ച്, ഒരു രോഗിക്ക് ആരോഗ്യമുള്ള മനുഷ്യനിൽ അവന്റെ രോഗത്തിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന പദാർഥംകൊണ്ട് സുഖപ്പെടുത്താം. ഉദാഹരണത്തിന്, ഒരു ചുവന്ന ഉള്ളി തൊലിയുരിക്കുമ്പോൾ കണ്ണിലും മൂക്കിലും നീരൊഴുക്കിനും പൊള്ളലിനും കാരണമാകുന്നു. ഇത് രോഗിയുടെ മൂക്കൊലിപ്പ് സുഖപ്പെടുത്തുന്നതിനുള്ള മരുന്നായി ഉപയോഗിക്കാം.
ആധുനിക മരുന്നുകളുടെ കർശന രീതികളോട് രോഗികൾക്കിടയിൽ വർധിച്ചുവരുന്ന അവിശ്വാസം ഹോമിയോപ്പതിയിലേക്ക് രോഗികളെ ആകർഷിക്കുന്നു. ഇന്ത്യൻ ആരോഗ്യസംവിധാനം സമീപകാലത്ത് അഭിമുഖീകരിച്ച പ്രധാന വെല്ലുവിളിയാണ് ഗുണനിലവാരമുള്ള വൈദ്യസഹായം ലഭ്യമാകുന്നില്ല എന്നതും താങ്ങാനാവാത്ത ആശുപത്രി ബില്ലും. ഇന്ത്യൻ ജനസംഖ്യയിൽ ഭൂരിഭാഗത്തിനും അടിസ്ഥാനപരമായ മെഡിക്കൽ നടപടിക്രമങ്ങളും മരുന്നുകളും വാക്സിനുകളും താങ്ങാൻ കഴിയുന്നില്ല. ഹോമിയോപ്പതിയെ മുഖ്യധാരാ വൈദ്യശാസ്ത്രവുമായി സംയോജിപ്പിച്ചാൽ ഇത്തരം വെല്ലുവിളികൾ കൈകാര്യം ചെയ്യാൻ കഴിയുമെങ്കിൽ ഇന്ത്യയെ പോലുള്ള വികസ്വര രാജ്യത്തിന് ഹോമിയോപ്പതി അനുഗ്രഹമാകും.
രോഗശാന്തി ആരംഭിക്കുന്നത് ഉള്ളിൽ നിന്നാണ്. ശരീരത്തിന് സ്വയം സുഖപ്പെടുത്താൻ കഴിയുമെന്ന വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ചികിത്സാ സമ്പ്രദായമാണ് ഹോമിയോപ്പതി. സസ്യങ്ങൾ, ധാതുക്കൾ, മറ്റ് പ്രകൃതിദത്ത ഉൽപന്നങ്ങൾ എന്നിവ ചെറിയ അളവിൽ ഹോമിയോപ്പതി മരുന്ന് നിർമിക്കാൻ ഉപയോഗിക്കുന്നു. ഇത് രോഗശാന്തി പ്രക്രിയയെ ഉത്തേജിപ്പിക്കുന്നു. ഹോമിയോപ്പതി മരുന്നുകൾ കുഞ്ഞുങ്ങൾക്കും അമ്മമാർക്കും ഗർഭിണികൾക്കും സുരക്ഷിതമായി നൽകാം. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച് ഹോമിയോപ്പതിയാണ് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന രണ്ടാമത്തെ ചികിത്സാരീതി.
യു.എ.ഇയിലെ ആരോഗ്യപരിപാലനരംഗത്തെ പ്രമുഖ സ്ഥാപനങ്ങളിൽ പലതും ഹോമിയോപ്പതി ചികിത്സ തങ്ങളുടെ സേവനങ്ങളുടെ ഭാഗമാക്കിയിട്ടുണ്ട്. പ്രധാന ഫാർമസികളിലെല്ലാം ഹോമിയോ മരുന്നുകൾ ലഭ്യമാണ്. പ്രഗത്ഭരായ ഡോക്ടർമാരുടെ സേവനവും ലഭിക്കുന്നു. ഹോമിയോപ്പതി ചികിത്സ എല്ലാ പ്രായക്കാർക്കും രോഗാവസ്ഥകൾക്കും അനുയോജ്യമാണ്. മാനസികവും പെരുമാറ്റപരവുമായ തകരാറുകൾ, ഇ.എൻ.ടി, ത്വഗ് രോഗങ്ങൾ, ഗാസ്ട്രോ ഡിസീസ് എന്നിവ ഹോമിയോപ്പതിയിലൂടെ ചികിത്സിക്കാം. കോവിഡിന് ശേഷമുള്ള ചികിത്സകൾക്ക് ഹോമിയോപ്പതി പ്രയോജനകരമാണ്. ഏപ്രിൽ 10ന്, ലോക ഹോമിയോപ്പതി ദിനത്തിന്റെ യു.എ.ഇയിലുടനീളമുള്ള 40ലധികം ക്ലിനിക്കുകൾ സൗജന്യ കൺസൽട്ടേഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്. സൗജന്യ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിന് ഏത് ക്ലിനിക്കുമായും ബന്ധപ്പെടാം.
ഹോമിയോപ്പതി പ്രാക്ടീഷനർ
ജുപിറ്റർ സ്പെഷാലിറ്റി മെഡിക്കൽ സെന്റർ, കറാമ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.