കുരുന്നു ഭാവനകൾക്ക് പുത്തൻ ചിറകേകി വായനോത്സവത്തിന് ഇന്ന് സമാപനം
text_fieldsഷാർജ: 'നിങ്ങളുടെ ഭാവനകൾക്ക്' എന്ന പ്രമേയത്തെ അന്വർഥമാക്കി 11 ദിവസം നീണ്ടുനിന്ന ഷാർജ കുട്ടികളുടെ വായനോത്സവത്തിന് ശനിയാഴ്ച തിരശ്ശീല വീഴും. അറിവിെൻറ പുതിയ ചക്രവാളങ്ങൾ സ്വായത്തമാക്കിയാണ് കുട്ടികൾ വീടണയുന്നത്.നിർമിതബുദ്ധിയുടെ കാലത്തും വായനയുടെ തീരങ്ങൾ തേടി യുവതലമുറ മുന്നേറുന്ന കാഴ്ച ലോകത്തിന് കാട്ടിക്കൊടുത്താണ് വായനോത്സവത്തിന് കൊടിയിറങ്ങുന്നത്. വാരാന്ത്യ അവധി ദിനമായതിനാൽ ഇന്നു രാവിലെ മുതൽ മേള സന്ദർശകരെ വരവേൽക്കും.
പന്ത്രണ്ടാമത് ഷാർജ കുട്ടികളുടെ വായനോത്സവം വൻ വിജയമാണെന്ന് സംഘാടകരായ ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹമദ് റക്കാദ് അല് അംറി പറഞ്ഞു. കോവിഡ് സുരക്ഷ മാനദണ്ഡങ്ങളോടെയാണ് വായനോത്സവം നടന്നത്. 15 രാജ്യങ്ങളിൽനിന്ന് പ്രസാധകരും എഴുത്തുകാരും പങ്കെടുത്തു. ഇന്ത്യയിൽനിന്ന് വിമാന സർവിസിന് വിലക്കുള്ളതിനാൽ എഴുത്തുകാരും പ്രസാധകരും എത്തിയില്ല. എന്നാൽ, യു.എ.ഇയിൽ പ്രവർത്തിക്കുന്ന ഡി.സി ബുക്സ് പങ്കെടുത്തു.
അറബി, ഇംഗ്ലീഷ് പുസ്തകങ്ങൾക്കായിരുന്നു അവശ്യക്കാരേറെ. പതിവുപോലെ കുട്ടികളുടെ പുസ്തകങ്ങളിലെ ഇല്ലസ്ട്രേഷനുകളുടെ പ്രത്യേക പ്രദർശനം ഇക്കുറിയും മേളയിലുണ്ടായിരുന്നു. ചുറ്റിസഞ്ചരിക്കാവുന്ന ഇടനാഴികൾ നിർമിച്ചാണ് ഇല്ലസ്ട്രേഷനുകൾ പ്രദർശിപ്പിക്കുന്നത്. അന്താരാഷ്ട്ര പ്രശസ്തരായ ഇല്ലസ്ട്രേറ്റർമാരും ഇതിൽ പങ്കെടുക്കുന്നുണ്ട്. മികച്ച ഇല്ലസ്ട്രേഷന് ഇത്തവണ പുരസ്കാരവും ഏർപ്പെടുത്തിയിട്ടുണ്ട്.
537 സാഹിത്യ, വിജ്ഞാന, കല, വിനോദ പരിപാടികൾ അരങ്ങേറി. ഇതോടൊപ്പം ഒമ്പതാമത് ഷാർജ ചിൽഡ്രൻസ് ബുക്ക് ഇല്ലസ്ട്രേഷൻ പ്രദർശനവും നടന്നു. ശിൽപശാല, നാടകം, കുക്കറി, കോമിക്സ്, കവിത മത്സരം തുടങ്ങി 385 പരിപാടികളാണ് നടന്നത്. 172 പ്രസാധകർ തങ്ങളുടെ ഏറ്റവും പുതിയ പുസ്തകങ്ങൾ പ്രദർശിപ്പിച്ചു. 15 രാജ്യങ്ങളിലെ 27 എഴുത്തുകാർ പങ്കെടുത്തു. കോമിക്സ് കോർണറിൽ 132 പരിപാടികൾ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.