യു.എ.ഇ പതാകദിനം ഇന്ന്
text_fieldsദുബൈ: യു.എ.ഇയുടെ ദേശീയപതാകദിനം ബുധനാഴ്ച ആചരിക്കും. രാജ്യത്തിെൻറ പ്രസിഡൻറായി ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നെഹ്യാെൻറ അധികാരാരോഹണത്തെ അടയാളപ്പെടുത്തുന്നതിനാണ് എല്ലാ വർഷവും നവംബർ മൂന്നിന് പതാകദിനം ആചരിച്ചുവരുന്നത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പതാകദിനം എന്ന ആശയം മുന്നോട്ടുവെച്ചത്. 2013 മുതലാണ് ദിനാചരണം ആരംഭിച്ചത്.
രാജ്യത്തിെൻറ ഐക്യം പ്രകടിപ്പിക്കുന്ന രീതിയിൽ ബുധനാഴ്ച രാവിലെ 11ന് പൗരന്മാരും സ്ഥാപനങ്ങളും മന്ത്രാലയങ്ങളും പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുക്കണമെന്ന് ശെശഖ് മുഹമ്മദ് ആഹ്വാനം ചെയ്തിട്ടുണ്ട്.
എക്സ്പോ നഗരിയിലും പതാക ഉയർത്തലടക്കമുള്ള ചടങ്ങുകൾ അരങ്ങേറും. സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ, വ്യക്തികൾ, ബിസിനസ് സ്ഥാപനങ്ങൾ എന്നിവയെല്ലാം പതാകദിനാചരണത്തിൽ പങ്കാളികളാകും. ദേശീയ ഗാനാലാപനവും ചടങ്ങിന് മാറ്റുകൂട്ടും.
യു.എ.ഇ രൂപവത്കരണത്തിെൻറ സുവർണ ജൂബിലി കടന്നുവരുന്ന വർഷം കൂടിയായതിനാൽ വിപുലമായ ഒരുക്കങ്ങളാണ് പതാകദിനത്തിന് സ്വദേശികളും പ്രവാസികളും നടത്തിയിട്ടുള്ളത്.
ചുവപ്പ്, പച്ച, വെള്ള, കറുപ്പ് എന്നീ നിറങ്ങളാണ് യു.എ.ഇ ദേശീയപതാകയിലുള്ളത്. ചുവന്ന ഭാഗം കുത്തനെയും പച്ച നിറം മുകളിലും വെള്ള നടുവിലും കറുപ്പ് താഴെയുമായി വരുന്ന രീതിയിലാണ് പതാക വേണ്ടത്.
പതാക ഉപയോഗത്തിന് കൃത്യമായ മാർഗനിർദേശങ്ങൾ നിലവിലുണ്ട്. പതാക ദീർഘ ചതുരാകൃതിയിലായിരിക്കണം. വീതിയുടെ പകുതി ഉയരത്തിലും നിറങ്ങൾ ശരിയായ ക്രമത്തിലായിരിക്കണം എന്നിവ പ്രധാനമാണ്. സ്ഥിരമായി പതാക സൂക്ഷിക്കുന്നിടങ്ങളിൽ 45 ദിവസം കൂടുേമ്പാൾ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. പതാകയെ നിന്ദിക്കുന്നത് പിഴയും തടവും അടക്കമുള്ള ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.
1971ൽ 19 വയസ്സുകാരനായ അബ്ദുല്ല അൽ മൈനയാണ് ദേശീയപതാക രൂപകൽപന ചെയ്തത്. അൽ ഇത്തിഹാദ് ദിനപത്രം പതാക രൂപകൽപന ചെയ്യാൻ നടത്തിയ മത്സരത്തിൽ പങ്കെടുത്ത ആയിരത്തിലേറെ വരുന്നവരിൽ നിന്നാണ് ഈ പതാക തിരഞ്ഞെടുത്തത്.
കവി സഫിയുദ്ദീൻ അൽ ഹാലിയുടെ കവിതയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണിത് രൂപകൽപന ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.