ഇന്നത്തെ സമൂഹം എഴുത്തിനെ ഗൗനിക്കുന്നില്ല -റഫീക്ക് അഹമ്മദ്
text_fieldsഷാർജ: കേരളത്തിലെ വിഭാഗീയതക്കെതിരെയും സ്വേച്ഛാധിപത്യ പ്രവണതകൾക്കെതിരെയും ശബ്ദം ഉയർത്തുന്നത് എഴുത്തുകാർ മാത്രമെന്ന് കവി റഫീക്ക് അഹമ്മദ് പറഞ്ഞു. എന്നാൽ, ക്ഷോഭിച്ചതുകൊണ്ടോ അട്ടഹസിച്ചതുകൊണ്ടോ കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഷാർജ രാജ്യാന്തര പുസ്തകമേളയിൽ നടന്ന കാവ്യ സന്ധ്യയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തിനെ ശ്രദ്ധിക്കുന്ന സമൂഹമല്ല ഇന്നുള്ളത്. കവിത മുദ്രാവാക്യ രീതിയിൽ എഴുതേണ്ട ഒന്നല്ല. സമൂഹമാധ്യമങ്ങൾ ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ പ്രതികരിക്കാൻ ഇപ്പോൾ അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പല കവിതകളും വരുംകാലത്തേക്കുകൂടിയാണ് എഴുതപ്പെടുന്നത്. എന്നാൽ, എഴുത്തും പ്രതികരണവും പോര എന്ന അഭിപ്രായത്തോട് യോജിക്കുന്നുവെന്നും റഫീക്ക് അഹമ്മദ് പറഞ്ഞു. ഉപരിപ്ലവമായി കാര്യങ്ങളെ കാണുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി. കവിതയെ ആരും ഗൗരവത്തിലെടുക്കുന്നില്ല. ‘ഇടുങ്ങിയ ആകാശം’ എന്ന് പറയുമ്പോൾ മുകളിലേക്കാണ് നോക്കുന്നത്. മനസ്സിലേക്ക് ആരും നോക്കുന്നില്ലെന്നും റഫീക്ക് അഹമ്മദ് വിമർശിച്ചു.
നാട്ടിൽ ഇപ്പോൾ മഴയെക്കുറിച്ച് പറഞ്ഞാൽ അടി കിട്ടുന്ന അവസ്ഥയാണ്. പ്രളയവും ഋതുഭേദങ്ങൾ മറികടന്നുള്ള പെയ്ത്തും മഴയുടെ മുഴുവൻ കാൽപനിക ഭാവങ്ങളെയും സൗന്ദര്യത്തെയും നഷ്ടപ്പെടുത്തി. മഴയെ ആളുകൾ ഭയത്തോടെ കാണാൻ തുടങ്ങിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സത്യം അതേപടി പകർത്തിയാൽ പോലും കവിതയാകുന്ന കാലമാണിത് എന്ന് കവി പി.പി. രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. അനുഭവംതന്നെയാണ് കവിതയുടെ ആദ്യ ഹേതുവും ബീജവും. വിണ്ണിൽനിന്നെടുക്കുന്ന ഭസ്മംകൊണ്ട് കവിത ഉണ്ടാക്കാനാവില്ല, കാൽ വെച്ച മണ്ണിൽനിന്നാണ് കവിത ഉണ്ടാകുന്നതെന്നും പി.പി. രാമചന്ദ്രൻ പറഞ്ഞു.
2014ൽ ഡൽഹിയിൽ കവി സമ്മേളനത്തിൽ പങ്കെടുക്കാൻ പോയപ്പോൾ കണ്ട അണ്ണാന്റെ തൊഴുകൈ നിൽപ് ഗുജറാത്തിലെ അൻസാരിയുടെ കൈകൂപ്പിയുള്ള നിൽപിനെയാണ് ഓർമിപ്പിച്ചത്. അങ്ങനെയാണ് ‘തൊഴുകൈ’ എന്ന കവിത എഴുതിയതെന്നും രാമചന്ദ്രൻ പറഞ്ഞു. മാധ്യമ പ്രവർത്തകൻ ഷാബു കിളിത്തട്ടിൽ മോഡറേറ്ററായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.