ഐഫോൺ15 വാങ്ങാൻ ദുബൈയിൽ തിക്കും തിരക്കും
text_fieldsദുബൈ: ഐഫോണിന്റെ 15ാം തലമുറ വിപണിയിൽ ഇറങ്ങിയതോടെ ആദ്യ ദിനം തന്നെ സ്വന്തമാക്കാനായി ദുബൈയിൽ ഉപഭോക്താക്കളുടെ വൻ തിരക്ക്. ദുബൈ മാളിൽ വെള്ളിയാഴ്ച ഫോൺ വാങ്ങാൻ എത്തിയവരെ നിയന്ത്രിക്കാനായി പ്രത്യേക സുരക്ഷ ജീവനക്കാരെ നിയമിച്ചിരുന്നു.
രാവിലെ ഷോപ്പുകൾ തുറക്കുന്നതിന് മുമ്പ് തന്നെ വൻ ജനക്കൂട്ടമാണ് ഷോപ്പിന് മുന്നിൽ തടിച്ചുകൂടിയിരുന്നത്. ആപ്പിൾ സ്റ്റോറുകൾ സന്ദർശിക്കുന്നതിനായി പ്രത്യേക വരികളും ക്രമീകരിച്ചിരുന്നു. കേരളത്തിൽനിന്നുള്ള 34കാരനായ സെയ്ദ് ഫവാസ് ആയിരുന്നു ദുബൈ മാളിലെ ഐഫോൺ സ്റ്റോറിൽനിന്ന് ആദ്യ ഫോൺ നേടിയത്. രണ്ടു ഫോണുകളാണ് ഇദ്ദേഹം വാങ്ങിയത്. അതൊരു നിക്ഷേപമാണെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. അതേസമയം, റഷ്യൻ തലസ്ഥാനമായ മോസ്കോയിൽനിന്നുള്ള 15കാരിയായ സോഫിയ തരസോവ സഹോദരനൊപ്പം ഒരാഴ്ച മുമ്പ് ദുബൈയിൽ എത്തിയതിന്റെ പ്രധാന ലക്ഷ്യവും ഐഫോൺ 15 സ്വന്തമാക്കാനായിരുന്നു. നാലു ഫോണുകളാണ് ഇവർ വാങ്ങിയത്. ഇത് റഷ്യയിൽ എത്തിച്ച് വിൽക്കാനാണ് തീരുമാനം. ഐഫോൺ 15 പ്രോ മാക്സിന് റഷ്യയിൽ 4,500 ഡോളർ വരെ വില ലഭിക്കുമെന്നാണ് സോഫിയ പറയുന്നത്. റഷ്യയിൽ യു.എസ് ഉപരോധം മൂലം ഫോൺ ലഭിക്കില്ല. ഇതു മൂലമാണ് കൂടുതൽ പേരും ദുബൈയിൽ വന്ന് ഫോൺ വാങ്ങുന്നതത്രേ.
പലരും സ്വന്തം നാട്ടിൽ വൻ നികുതി നൽകുന്നതിൽ നിന്ന് ഇളവ് തേടിയാണ് ദുബൈയിലെത്തുന്നത്. വെള്ളിയാഴ്ച എട്ട് മണിക്കായിരുന്നു പുതിയ ഫോണിന്റെ ദുബൈ ലോഞ്ചിങ് ടൈം. പുലർച്ചെ തന്നെ പലരും ക്യൂവിൽ ഇടം പിടിച്ചിരുന്നു. ജനക്കൂട്ടത്തിൽ കൂടുതൽ പേരും യുവാക്കളായിരുന്നു. അബൂദബിയിലും വൻ തിരക്കാണ് അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഐഫോൺ 15 പ്രോ മാക്സ് 5,099 ദിർഹം മുതലാണ് വില. ആവശ്യക്കാർ കൂടുതലുണ്ടെന്ന് കണ്ട് ചില ഷോപ്പുകാർ കൂടിയ വിലക്ക് സെക്കൻഡ് ഹാൻഡ് മാർക്കറ്റുകളിൽ വിൽക്കാനും ശ്രമിച്ചിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.