ഹത്തയിൽ ടൂറിസം വികസനം പുരോഗമിക്കുന്നു
text_fieldsദുബൈ: യു.എ.ഇയിലെ പ്രധാന ടൂറിസം കേന്ദ്രമായ ഹത്തയുടെ മുഖച്ഛായ തന്നെ മാറ്റിയെടുക്കുന്ന ടൂറിസം പദ്ധതികൾ പുരോഗമിക്കുന്നു. സർക്കാർ നിയമിച്ച പ്രത്യേക സുപ്രീം കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് നിർമാണം പുരോഗമിക്കുന്നത്. സൈക്കിൾ ട്രാക്കുകളുടെ ഉൾപ്പെടെ ആദ്യഘട്ട നിർമാണം പുരോഗമിക്കുന്നതായി സുപ്രീം കമ്മിറ്റി ചെയർമാൻ മത്താർ അൽ തായർ പറഞ്ഞു.
ഹത്ത ബസ് സ്റ്റേഷനിൽനിന്ന് ഹത്ത ഡാമിലേക്കുള്ള 11.5 കിലോമീറ്റർ സൈക്കിൾ ട്രാക്കിന്റെ നിർമാണം പൂർത്തിയായി. മൗണ്ടയ്ൻ ബൈക്കുകൾ ഉൾപ്പെടെയുള്ളവക്ക് ഇതിലൂടെ സഞ്ചരിക്കാൻ കഴിയും. നഗരത്തിലൂടെ ആറു കിലോമീറ്റർ സൈക്ലിങ് ട്രാക്കിന്റെ നിർമാണം നടക്കുന്നുണ്ട്. 5.5 കിലോമീറ്റർ നീളമുള്ള മൗണ്ടെയ്ൻ ബൈക്ക് പാതയും നിർമിക്കും. അൽ തല്ല പാർക്കിലെയും അൽ വാദി പാർക്കിലെയും ട്രാൻസ്പോർട്ടേഷൻ സ്റ്റേഷനിൽനിന്ന് ഹത്ത ആർക്കിയോളജിക്കൽ മേഖലയിലൂടെയും വാദി ഹബിലൂടെയും കടന്നുപോകുന്നരീതിയിലായിരിക്കും ഈ ട്രാക്ക്. ദുബൈ നഗരത്തിൽനിന്ന് ഹത്തയിലേക്ക് നേരിട്ട് ബസുകൾ സർവിസ് നടത്തും. ഇതിനുപുറമെ വാടക വാഹനങ്ങൾ, ഇ-സ്കൂട്ടറുകൾ എന്നിവയും പരിഗണനയിലുണ്ട്.
ഹത്ത സൂഖിന്റെ നിർമാണവും തുടങ്ങി. പ്രദേശത്തെ കർഷകർക്കും താമസക്കാർക്കും അവരുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാനുള്ള വേദിയായിരിക്കും ഹത്ത സൂഖ്. പരമ്പരാഗത ശൈലിയിലാണ് സൂഖ് നിർമിക്കുന്നത്. പ്രാദേശിക പച്ചക്കറികൾ, പഴങ്ങൾ, ഉൽപന്നങ്ങൾ എന്നിവ വിൽക്കുന്ന കടകളും കഫേകളും റസ്റ്റാറന്റുകളും വിനോദ കേന്ദ്രങ്ങളും ഭക്ഷണത്തിനും വാഹനങ്ങൾക്കുള്ള ഇടങ്ങളും ഹത്ത സൂഖിൽ ഉണ്ടാകും.
ആഭ്യന്തര ടൂറിസത്തെ സഹായിക്കുന്നതിനായി ഹത്ത നിവാസികൾക്ക് 200 അവധിക്കാല ഭവനങ്ങൾ നിർമിക്കാനും അനുമതി നൽകും.
ഇത് വഴി മേഖലയിലെ ജനങ്ങൾക്ക് 100 ദശലക്ഷം ദിർഹമിന്റെ വാർഷിക വരുമാനമുണ്ടാക്കും.
504 കി.മീറ്റർ നീളത്തിൽ ചെയർലിഫ്റ്റ്, എമിറേറ്റിലെ ഏറ്റവും ഉയർന്ന കൊടുമുടിയിലേക്കുള്ള കാൽനടയാത്ര (ജബൽ ഉമ്മുൽ നിസൂർ, 1,300 മീറ്റർ ഉയരം), ഹത്ത സുസ്ഥിര വെള്ളച്ചാട്ടം, ലോകോത്തര നിലവാരമുള്ള ഹോട്ടൽ എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.