കോവിഡിനെ മറികടന്ന് ടൂറിസം
text_fieldsദുബൈ: കോവിഡിന് മുമ്പത്തെ നിലയിലേക്ക് മടങ്ങിയെത്തി യു.എ.ഇയിലെ ടൂറിസം മേഖല. ഈ വർഷം ആദ്യപാദത്തിലെ കണക്കുകൾ പുറത്തുവിട്ടപ്പോൾ 2019നെ അപേക്ഷിച്ച് 20 ശതമാനം വരുമാന വളർച്ചയാണ് ഹോട്ടൽ മേഖലയിൽ.
ഹോട്ടൽ എക്യുപൻസി നിരക്ക് ആഗോള തലത്തിലെതന്നെ ഏറ്റവും ഉയർന്ന നിലയിൽ (80 ശതമാനം) എത്തിയതായും യു.എ.ഇ ടൂറിസം കൗൺസിൽ അറിയിച്ചു.ടൂറിസം വകുപ്പിന്‍റെ കണക്കനുസരിച്ച് ഈ വർഷം ആദ്യപാദം ഹോട്ടലുകൾ 60 ലക്ഷം സന്ദർശകരെ സ്വീകരിച്ചു.ഇതിൽ 40 ലക്ഷം അന്താരാഷ്ട്ര വിനോദ സഞ്ചാരികൾ ഉൾപ്പെടുന്നു.
ഇന്ത്യ, സൗദി, യു.കെ, റഷ്യ, യു.എസ് എന്നിവിടങ്ങളിൽനിന്നാണ് കൂടുതൽ വിനോദസഞ്ചാരികൾ എത്തിയത്. 2019ലെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ പത്ത് ശതമാനം വർധനവാണുള്ളത്. 2019നേക്കാൾ 11 ശതകോടി ദിർഹമിന്‍റെ വരുമാനവും വർധിച്ചു. 20 ശതമാനം വർധനവാണ് വരുമാനത്തിലുള്ളത്. രണ്ട് ലക്ഷത്തോളം ഹോട്ടലുകളാണ് ബുക്ക് ചെയ്തത്. യു.എ.ഇയിൽ നടന്ന വിവിധ പരിപാടികളാണ് സന്ദർശകരുടെ ഒഴുക്ക് വർധിക്കാൻ കാരണം. എക്സ്പോയിലേക്ക് മാത്രം 2.40 കോടി സന്ദർശകരാണ് ആറുമാസത്തിനിടെ എത്തിയത്.
'വേൾഡ് കൂളസ്റ്റ് വിന്‍റർ' കാമ്പയിന്‍റെ ഭാഗമായി 13 ലക്ഷം പ്രാദേശിക വിനോദ സഞ്ചാരികൾ ഒന്നര മാസത്തിനിടെ വിവിധ ടൂറിസം മേഖലകൾ സന്ദർശിച്ചു.
ഇതുവഴി 150 കോടി ദിർഹമിന്‍റെ വരുമാനമുണ്ടായി. 2020ന്‍റെ അവസാനവും 2021ലുമുണ്ടായ വളർച്ച ഈ വർഷവും തുടരുന്നതാണ് ആദ്യപാദത്തിൽ കാണുന്നത്.
ടൂറിസം മേഖലക്ക് സാമ്പത്തികമായി ഏറ്റവും കൂടുതൽ വളർച്ചയുണ്ടായ വർഷമാണിതെന്നും യു.എ.ഇ ഭരണാധികാരികളുടെ ദീർഘവീക്ഷണത്തോടെയുള്ള നടപടികളാണ് ഇതിന് കാരണമെന്നും യു.എ.ഇ സഹമന്ത്രിയും ടൂറിസം കൗൺസിൽ ചെയർമാനുമായ ഡോ. അഹ്മദ് ബെൽഹോൾ അൽ ഫലാസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.