ശീതകാലം എത്തും മുമ്പേ മരുഭൂമിയില്‍ രാപ്പാര്‍ക്കാന്‍ തിരക്കായി
text_fieldsഷാര്‍ജ: വേനല്‍ പൂര്‍ണമായും വിെട്ടാഴിഞ്ഞില്ലെങ്കിലും യു.എ.ഇയിലെ മരുഭൂരാവുകളെ പകലാക്കാന്‍ സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി. ഷാര്‍ജയിലെ അല്‍ സിയൂഹ് മുതല്‍ വാദി അല്‍ ഹെലോ വരെ നീളുന്ന വിശാലമായ മരുഭൂമിയിലാണ് സഞ്ചാരികള്‍ കൂടുതലായി എത്തുന്നത്. ദുബൈയിലെ ഖവാനീജ്, ബാബ് അല്‍ ശംസിലും വടക്കന്‍ എമിറേറ്റുകളിലെ മരുഭൂമികളിലും തിരക്കുണ്ട്. ശൈത്യ കാലത്ത് രാത്രികളെ പകലാക്കുന്നത് ആദിമവാസികളായ ബദുക്കളില്‍ നിന്ന് പകര്‍ന്ന് കിട്ടിയ ശീലമാണ്. ഇത് സ്വദേശികളില്‍ നിന്ന് വിദേശികളിലേക്ക് പടരുകയായിരുന്നു. തീകാഞ്ഞും കനലില്‍ ചുട്ട ഭക്ഷണങ്ങള്‍ കഴിച്ചും തണുപ്പിനെ മറിക്കടക്കുന്ന രസതന്ത്രമാണ് ബദുക്കളുടേത്. തണുപ്പ് കേന്ദ്രീകരിക്കുന്ന മരുഭൂമിയുടെ ഉള്ളറകളിലേക്ക് അവര്‍ കുടുംബസമേതം സഞ്ചരിക്കും.
ഒട്ടകങ്ങള്‍ കിതപ്പറിയാതെ പാഞ്ഞ് പോയ ഈ വഴികളിലിപ്പോള്‍ നാലുചക്ര വാഹനങ്ങളാണ് സഞ്ചരിക്കുന്നത് എന്ന വ്യത്യാസം മാത്രം. കനലിൽ ഭക്ഷണം വേവുമ്പോള്‍ സംഗീതം കൊണ്ടും സൊറപറഞ്ഞും വാഹനങ്ങള്‍ കൊണ്ട് കസര്‍ത്തു നടത്തിയും സമയം പോക്കുന്നു സൗഹൃദക്കൂട്ടങ്ങൾ. ഷാര്‍ജയുടെ ചരിത്ര നഗരമായ മലീഹയിലെ മരുഭൂപ്രദേശങ്ങളിലാണ് ഏറ്റവും തിരക്ക്. സ്വദേശികളുടെ തിരക്കാണ് ഈ മേഖലയില്‍ കഴിഞ്ഞ ദിവസം കാണാനായതെങ്കില്‍ അല്‍ ബറാശിയില്‍ മലയാളികള്‍ അടക്കമുള്ളവരുടെ തിരക്കായിരുന്നു. മണ്ണിൽ താഴ്ന്നു പോകുന്ന സാധാരണക്കാരുടെ സലൂണ്‍ കാറുകള്‍ തങ്ങളുടെ കൂറ്റൻ വാഹനങ്ങള്‍ ഉപയോഗിച്ച് വലിച്ച് കയറ്റിയും ഭക്ഷണങ്ങൾ പങ്കുവെച്ചും അറബികൾ മരുഭൂമിയിലെ സഹോദര്യം വിളിച്ചറിയിക്കുന്നു.
ചിലര്‍ ചെറിയ കൂടാരങ്ങളുമായാണ് എത്തുന്നത്. സീസൺ തുടങ്ങുേമ്പാൾ തന്നെ കടകളില്‍ കൂടാര വില്‍പ്പന തകൃതിയായിട്ടുണ്ട്. സഞ്ചാരികളുടെ വരവ് തുടങ്ങിയതോടെ മാലിന്യം ശേഖരിക്കാനുള്ള നിരവധി വീപ്പകളും ഇവിടെ നിരന്നിട്ടുണ്ട്്. മരുഭൂമികളുടെ പരിസ്ഥിതി പ്രാധാന്യം തിരിച്ചറിഞ്ഞ് സംരക്ഷിക്കുന്നതിന് ബോധവത്കരണ കാമ്പയിനുകളും തുടങ്ങാനിരിക്കുന്നു. സ്ഥാപിക്കുന്നത് പതിവാണ്. അലസമായ മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാന്‍ ഉദ്യോഗസ്ഥരുടെ രഹസ്യനീക്കങ്ങളുമുണ്ട്. ഫുജൈറയുടെ തീരമേഖലയായ ദിബ്ബയില്‍ കടലിനോട് ചേര്‍ന്നാണ് കൂടാരങ്ങള്‍ ഒരുങ്ങിയിട്ടുള്ളത്. ഇവിടെ കുടുംബങ്ങള്‍ക്ക് മാത്രമെ പ്രവേശന അനുമതിയുള്ളൂ. ഷാര്‍ജയുടെ കടലോരങ്ങളിലും ഉദ്യാനങ്ങളിലും ജനവാസ മേഖലകളിലും ഇറച്ചി ചുടുന്നതിന് വിലക്കുണ്ട്. അന്താരാഷ്ട്ര വിമാന താവളത്തിന് സമീപത്തെ മരുഭൂമി ഒഴികെയുള്ള മേഖലയില്‍ ഇത് അനുവദനീയവുമാണ്. അത് കൊണ്ട് കൂടിയാണ് മലീഹ മേഖലയിലും അല്‍ ബറാശിയിലും തിരക്ക് വര്‍ധിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.