എക്സ്പോ: ആദ്യ ആഴ്ചയിൽ സഞ്ചാരികളുടെ ഒഴുക്ക്
text_fieldsഎക്സപോയുടെ പ്രവേശനകവാടം കടന്നുവരുന്ന സന്ദർശകർ
ദുബൈ: മഹാമേളയിലേക്ക് ആദ്യ ആഴ്ചയിൽ ഒഴുകിയെത്തിയത് ലക്ഷങ്ങൾ. ഒക്ടോബർ ഒന്നിന് എക്സ്പോ വേദികളുടെ ഗേറ്റുകൾ തുറന്നതുമുതൽ ഇവിടേക്ക് നിലക്കാത്ത പ്രവാഹമാണ്. രാത്രി വൈകുവോളം ആഘോഷിച്ചിട്ടും മതിവരാതെയാണ് കുടുംബങ്ങളും കുട്ടികളും ഇവിടെ നിന്ന് മനസില്ലാ മനസോടെ മടങ്ങുന്നത്.
ആദ്യ ദിനം തന്നെ ഭൂരിപക്ഷം പവലിയനുകളുടെയും പ്രവർത്തനം തുടങ്ങിയിരുന്നു. ബാക്കിയുള്ള പവലിയനുകൾ തൊട്ടടുത്ത ദിവസങ്ങളിലും സജീവമായി. ഒരുമാസം കണ്ടാലും തീരാത്ത കാഴ്ചകളാണ് എക്സ്പോയിലുള്ളത്. ഈ മാസം 95 ദിർഹമിന് ടിക്കറ്റെടുക്കുന്നവർക്ക് ഒരുമാസം കാഴ്ചകൾ കാണാൻ അവസരം ലഭിക്കും. എന്നാൽ, അടുത്ത മാസം മുതൽ 95 ദിർഹമിന് ഒരു ദിവസം മാത്രമെ കാണാൻ കഴിയൂ. വിശദമായി സന്ദർശിക്കുന്നവർക്ക് ഒരു ദിവസം പരമാവധി പത്ത് പവലിയനുകളിൽ എത്താനേ കഴിയൂ. അത്രയേറെയുണ്ട് കാണാൻ. 192 രാജ്യങ്ങളുടെ പവലിയനുകൾ ഓടിനടന്ന് സന്ദർശിക്കണമെങ്കിൽ പോലും ഒരുമാസം സമയമെടുക്കും. അതിനാൽ തന്നെ, ഒക്ടോബറിൽ തിരക്ക് വളരെ കൂടുതലാണ്. ഈ മാസം കഴിയുേമ്പാൾ മറ്റ് ഓഫറുകൾ പ്രഖ്യാപിച്ചേക്കാം എന്നാണ് പ്രതീക്ഷ. പല പവലിയനുകൾക്ക് മുന്നിലും വൈകുന്നേരങ്ങളിൽ നീണ്ട ക്യൂ കാണാം. പ്രത്യേകിച്ച് യു.എ.ഇ, സൗദി, യു.എസ്.എ തുടങ്ങിയ പവലിയനുകളിൽ. അരമണിക്കൂറെങ്കിലും കാത്തുനിന്നാൽ മാത്രമെ ഒരു പവലിയനിൽ പ്രവേശിക്കാൻ കഴിയൂ. അവധി ദിവസങ്ങളിൽ ഇത് നീളും. സാമൂഹിക അകലം പാലിക്കണമെന്ന നിർദേശമുള്ളതിനാൽ നിശ്ചിത എണ്ണം ആളുകളെ മാത്രമെ ഉള്ളിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ. രാവിലെ പത്ത് മുതൽ രാത്രി പത്ത് വരെയാണ് പവലിയൻ പ്രവർത്തിക്കുന്നുള്ളൂ. എന്നാൽ, രാത്രി 12 വരെ പുറത്തുള്ള വേദികളിൽ ആട്ടവും പാട്ടും കാണാം. അവധി ദിവസങ്ങളിൽ രണ്ട് മണിവരെ സന്ദർശകർക്ക് തങ്ങാം. പവലിയനുകൾ അടച്ച ശേഷവും ചില പവലിയിനുകൾക്ക് മുന്നിൽ പരമ്പരാഗത ഗാനങ്ങളും നൃത്ത പരിപാടികളും അരങ്ങേറുന്നുണ്ട്. ഇതിന് മുന്നിലും വൻ ജനക്കൂട്ടമുണ്ട്. കുടുംബ സമേതം എത്തുന്നവർക്ക് കൂടിയിരിക്കാനും വിശ്രമിക്കാനും പുൽതകിടികൾ ഒരുക്കിയിട്ടുണ്ട്. നടന്നുമടുക്കുന്നവർക്ക് ഇവിടെ വിശ്രമിക്കാം.
എല്ലാ എമിറേറ്റുകളിൽ നിന്നും സൗജന്യ ആഡംബര ബസുകൾ സജ്ജീകരിച്ചതും യാത്രക്കാരുടെ എണ്ണം കൂടാൻ ഇടയാക്കി. കാറുള്ളവർ പോലും ബസിലാണ് പോകുന്നത്. നേരിട്ട് പ്രവേശന കവാടങ്ങളിൽ പോയി ഇറങ്ങാം എന്നതാണ് പ്രത്യേകത. നോൺസ്റ്റോപ്പ് ബസ് ആയതിനാൽ അതിവേഗം എക്സ്പോയിൽ കുതിച്ചെത്തും. ഈ മേഖലയിലേക്കുള്ള മെട്രോയിലും വൻ തിരക്കാണ്. ഇതോടെ, മെട്രോയിലെയും ബസിലെയും സീറ്റ് ക്രമീകരണം പഴയ രീതിയിലേക്കാക്കിയിട്ടുണ്ട്. നേരത്തെ ഒന്നിടവിട്ട സീറ്റുകളിൽ സ്റ്റിക്കറുകൾ പതിപ്പിച്ചിരുന്നു. എക്സ്പോ തുടങ്ങിയതോടെ ഇത് ഒഴിവാക്കി. ഫെഡറൽ, ലോക്കൽ സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയുള്ള അവധിയെടുത്ത് എക്സപോ സന്ദർശിക്കാം. ഓരോ ദിവസവും ഓരോ കാഴ്ചകളായതിനാൽ ഒന്ന് വന്നവർ വീണ്ടും വീണ്ടും ഇവിടേക്ക് എത്തുകയാണ്. ദുബൈ പ്രതീക്ഷിച്ചതുപോലുള്ള മികച്ച സ്വീകാര്യതയാണ് എക്സ്പോക്ക് ലഭിക്കുന്നത്. ഇത് എക്സ്പോ വേദിയുടെ പുറത്തും പ്രകടമാണ്. മാർക്കറ്റുകളിലെല്ലാം ഉണർവ് കാണാം. നഗരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം കൂടിയതോടെ പഴയതുപോലുള്ള ഗതാഗതക്കുരുക്കും തുടങ്ങിയിട്ടുണ്ട്.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവർ മിക്ക ദിവസങ്ങളിലും എക്സ്പോ വേദിയിൽ എത്താറുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.