ഹത്തയിൽ വീണ്ടും വിനോദകാലം
text_fieldsദുബൈ: ശൈത്യകാലം പടിവാതിൽക്കലെത്തിനിൽക്കെ ദുബൈയിലെ ഗ്രാമീണ വിനോദസഞ്ചാര കേന്ദ്രമായ ഹത്തയിൽ വീണ്ടും ആഘോഷങ്ങൾക്ക് തുടക്കമാകുന്നു. ഹത്ത റിസോർട്സും ഹത്ത വാദി ഹബ്ബും അടക്കം മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം വീണ്ടും സജീവമായിത്തുടങ്ങി. ശനിയാഴ്ചയാണ് ആറാം സീസൺ ആഘോഷങ്ങൾക്കായി കേന്ദ്രങ്ങളുടെ വാതിലുകൾ തുറന്നത്. എല്ലാ പ്രായക്കാർക്കും ആസ്വദിക്കാനാവുന്ന വ്യത്യസ്തമായ നിരവധി സാഹസികവും സാംസ്കാരികവുമായ ആകർഷണങ്ങളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. ഹജർ പർവതനിരകളുമായി ചേർന്നുനിൽക്കുന്ന, ഒമാനുമായി അതിർത്തി പങ്കിടുന്ന ഹത്ത കഴിഞ്ഞ വർഷങ്ങളിലെല്ലാം പതിനായിരക്കണക്കിന് സന്ദർശകരെയാണ് സ്വീകരിച്ചത്.
കയാക്കിങ്, ഹൈക്കിങ്, സിപ്ലൈനിങ്, ഡ്രോപ് ഇൻ വാട്ടർ സ്ലൈഡ് തുടങ്ങിയ എല്ലാ സംവിധാനങ്ങളും ഇത്തവണയുമുണ്ട്. ഇവക്കൊപ്പം ഏരിയൽ അഡ്വഞ്ചർ പാർക്ക് എന്ന പുതിയ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ആകർഷകമായ 66 ഘടകങ്ങൾ 39 പ്ലാറ്റ്‌ഫോമുകളിലായി വ്യാപിച്ചുകിടക്കുന്ന പാർക്കാണിത്. ഉയർന്ന റോപ് കോഴ്‌സ്, ജയന്‍റ് സ്വിങ്, സിപ്പ്-ലൈൻ ബെലേ എന്നിവ ഇതിൽ ഉൾപ്പെടും. ഓരോ അനുഭവവും 90 മിനിറ്റ് മുതൽ രണ്ട് മണിക്കൂർ വരെ നീണ്ടുനിൽക്കുന്നതാണ്. പാർക്കിൽ ഒരു സമയം നിരവധി സന്ദർശകരെ വരെ ഉൾക്കൊള്ളാൻ കഴിയുമെന്നും അധികൃതർ വെളിപ്പെടുത്തി. മൂന്ന് മുതൽ ആറ് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം നൽകുന്ന ഗ്രൗണ്ട് ലെവൽ ഏരിയയും ഇതിലുണ്ട്. അവിടെയുള്ള അനുഭവങ്ങൾ 30 മുതൽ 45 മിനിറ്റ് വരെ നീണ്ടുനിൽക്കും.
ഈ വർഷം ഹത്ത റിസോർട്ടുകളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മേഖലയിലെ ആദ്യ ട്രെയിലർ ഹോട്ടലായ സിദ്ർ ട്രെയിലേഴ്സ്, മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ദമാനി ലോഡ്ജ്, കുടുംബങ്ങൾക്കുള്ള കാരവാനുകൾ, ഹത്തയിലെ അതിമനോഹരമായ ഭൂപ്രകൃതിയുടെ വിശാലമായ കാഴ്ചകൾ സമ്മാനിക്കുന്ന താഴികക്കുടങ്ങൾ എന്നറിയപ്പെടുന്ന ഗ്ലാമ്പിങ് ടെന്റുകൾ എന്നിവ താമസത്തിനും വിനോദത്തിനുമായി ഉപയോഗപ്പെടുത്താം. ഓൺ-സൈറ്റ് കഫേകളിൽ ഭക്ഷണം ലഭ്യമായിട്ടുമുണ്ട്. സിദ്ർർ ബൈറ്റ്സ്, ടേസ്റ്റ് ഓഫ് ഹത്ത, ദമാനി ബൈറ്റ്സ് തുടങ്ങിയ ഭക്ഷണ ട്രക്കുകളുമുണ്ട്.
ദുബൈയുടെ നഗരത്തിരക്കുകളിൽ നിന്ന് മാറി പ്രശാന്തമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഹത്ത പ്രദേശത്ത് 2021 ഒക്ടോബറിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഹത്ത മാസ്റ്റർ ഡെവലപ്മെന്റ് പദ്ധതി പ്രഖ്യാപിച്ചിരുന്നു. ദുബൈ 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് മേഖലയിലേക്ക് കൂടുതൽ വിനോദസഞ്ചാരം, ബിസിനസ്സ്, നിക്ഷേപം എന്നിവ ആകർഷിക്കാനായി പദ്ധതി പ്രഖ്യാപിച്ചത്.
ബീച്ച്, പുതിയ തടാകം, കേബിൾ റെയിൽവെ, നിരവധി ഹോട്ടലുകൾ, 120 കി.മീറ്റർ സൈക്കിൾ പാത എന്നിവ നിർമ്മിക്കാൻ ഇതിൽ പദ്ധതിയുണ്ട്. കഴിഞ്ഞ വർഷം ജനുവരിയിൽ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം മെഗാ പദ്ധതിയുടെ മേൽനോട്ടത്തിനായി സുപ്രീം കമ്മിറ്റി രൂപീകരിക്കാൻ ഉത്തരവിട്ടിരുന്നു.
ഹത്തയിൽ 4.6കോടി ദിർഹം വിലമതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്. ഹത്തയിലേക്ക് എത്തിച്ചേരുന്നവരെ സ്വാഗതം ചെയ്ത് മലനിരയിൽ സ്ഥാപിച്ച ഹത്ത എന്ന് ഇംഗ്ലീഷിൽ എഴുതിയ വഴിയടയാള സൂചനാ ബോർഡ് ദിവസങ്ങൾക്ക് മുമ്പ് ഗിന്നസ് റെക്കോർഡിൽ ഇടംപിടിച്ചിരുന്നു. 19.28 മീറ്റർ ഉയരമുള്ള ബോർഡ് ലോകത്തിലെ ഏറ്റവും ഉയരമുള്ള ലാൻഡ്മാർക്ക് സൈനാണിന്ന്.
ലോക പ്രശസ്തമായ ഹോളിവുഡ് ലാൻഡ് മാർക്ക് സൈനിന് 13.7 മീറ്റർ മാത്രമാണ് ഉയരമുള്ളത്. ഹജ്ർ ർവത നിരയിൽ 450മീറ്റർ ഉയരത്തിലാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.