വിനോദസഞ്ചാരികള്‍ക്ക് അബൂദബിയില്‍ വിവാഹിതരാകാം
text_fieldsഅബൂദബി: മുസ്‌ലിം ഇതര പ്രവാസികളുടെ നിയമവ്യവഹാരങ്ങള്‍ക്കായി പ്രത്യേക കോടതി തുടങ്ങി ലോകത്തെ അമ്പരപ്പിച്ച അബൂദബി, വിനോദസഞ്ചാരികള്‍ക്കും ഇമാറാത്തിനുപുറത്ത് താമസിക്കുന്ന വ്യക്തികള്‍ക്കും വിവാഹിതരാവുന്നതിന് പുതിയ നിയമം കൊണ്ടുവന്നു.
പ്രവാസികള്‍ക്കായി നിലവിൽവന്ന നിയമത്തിനു കീഴിലാണ് വിനോദസഞ്ചാരികള്‍ക്ക് അബൂദബിയില്‍ വിവാഹിതരാവുന്നതിന് അവസരമൊരുക്കിയിരിക്കുന്നത്.
ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയും അബൂദബി നിയമവകുപ്പ് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്‌യാനാണ് പുതിയ നിയമം ഞായറാഴ്ച പ്രഖ്യാപിച്ചത്.
വധുവിന്റെ കുടുംബത്തിന്റെ അനുമതി ആവശ്യമില്ലെന്നതും വരന്റെയും വധുവിന്റെയും സമ്മതം മാത്രംമതി വിവാഹത്തിനെന്നതും നിയമത്തിന്റെ പ്രത്യേകതയാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള കുടുംബ നിയമമാണ് അബൂദബി വിദേശികള്‍ക്കുവേണ്ടി പുതിയ നിയമത്തിലൂടെ ഒരുക്കിയിരിക്കുന്നതെന്ന് അബൂദബി നിയമവകുപ്പ് അണ്ടര്‍ സെക്രട്ടറി യൂസുഫ് സഈദ് അല്‍ അബ്രി അറിയിച്ചു.
വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍, വിവാഹമോചനാനന്തരം കുട്ടികളുടെ കസ്റ്റഡി അവകാശം, വിവാഹമോചനത്തിലൂടെയുള്ള സാമ്പത്തിക അവകാശങ്ങള്‍, വിദേശികളുടെ പൗരത്വ പദവി തുടങ്ങി 52 ഉപവകുപ്പുകളാണ് പുതുതായി ആരംഭിച്ച സിവില്‍ ഫാമിലി കോടതിയില്‍ കൈകാര്യം ചെയ്യുന്നത്. അമുസ്‌ലിംകള്‍ക്കുവേണ്ടി ആരംഭിച്ച കോടതിയില്‍ ഒരുദിവസംകൊണ്ടുതന്നെ വിവാഹമോചനം അനുവദിച്ചുകൊടുക്കുന്നുണ്ട്.
മാധ്യസ്ഥ്യ ചര്‍ച്ചകളോ കൗണ്‍സലിങ്ങോ വിവാഹമോചനത്തിനായി നടത്തുന്നില്ല. വിവാഹം കഴിഞ്ഞിട്ട് എത്ര വര്‍ഷമായി, വധുവിന്റെ പ്രായം, ഇണകളുടെ സാമ്പത്തിക സ്ഥിതി മുതലായവ പരിഗണിച്ചാണ് വിവാഹമോചനാനന്തരം വധുവിന് ഭര്‍ത്താവ് നല്‍കേണ്ട നഷ്ടപരിഹാരം തീരുമാനിക്കുന്നത്.
വിവാഹമോചനശേഷം അച്ഛനും അമ്മയ്ക്കും കുട്ടിയുടെ കസ്‌റ്റോഡിയല്‍ അവകാശം തുല്യമായി അനുവദിക്കുകയാണ് ചെയ്യുന്നത്. മാതാപിതാക്കള്‍ വേര്‍പിരിയുന്നതിലൂടെ കുട്ടികള്‍ക്കുണ്ടാവുന്ന മാനസിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.