സഞ്ചാരികൾ ഒഴുകിയെത്തി ഷീസ് പാർക്ക്
text_fieldsമസാഫി: തുറന്നുകൊടുത്തതിെൻറ രണ്ടാം ദിനംതന്നെ ഷാർജയിലെ ഷീസ് പാർക്കിലേക്ക് സഞ്ചാരികൾ ഒഴുകിയെത്തി. രാജ്യത്തിെൻറ പല ഭാഗങ്ങളിൽനിന്നും നൂറുകണക്കിന് വാഹനങ്ങൾ എത്തിയതോടെ ഗതാഗതം തടസ്സപ്പെട്ടു. പൊതുവെ ജനത്തിരക്ക് കുറഞ്ഞ ഷീസ് ഗ്രാമം വെള്ളിയാഴ്ച ജനനിബിഡമായി.
ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ വ്യാഴാഴ്ചയാണ് ഷീസ് പാർക്ക് തുറന്നുകൊടുത്തത്. പാർക്കിെൻറ കവാടത്തിന് മുന്നിൽ തന്നെ മലയിൽ നിന്നൊഴുകി വരുന്ന വെള്ളച്ചാട്ടം കൺകുളിർമ നൽകുന്നതാണ്. കുട്ടികൾക്ക് കളിക്കാൻ പ്രത്യേക സ്ഥലംതന്നെ തയാറാക്കിയിരിക്കുന്നു. ചെറിയ റോപ് വേയും ഊഞ്ഞാലുകളുംകൊണ്ട് വിശാലമായാണ് പാർക്ക് രൂപകൽപന ചെയ്തിരിക്കുന്നത്.
മലമുകളിലേക്ക് കയറിപ്പോകാനുള്ള പടവുകൾ കരിങ്കല്ല് പതിച്ചത് അതിമനോഹരമായിരിക്കുന്നു. പൂന്തോട്ടവും പുൽത്തകിടികളും സഞ്ചാരികൾക്ക് ഏറെ ആകർഷിക്കുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. തണുപ്പുകാലം ആസ്വദിക്കാനുള്ള സ്ഥലമായി പ്രദേശം മാറുമെന്നതിൽ സംശയമില്ല. രാത്രി ഏഴിന് ഇവിടത്തെ താപനില 24 ഡിഗ്രിയാണ്. പാർക്കിന് അടുത്ത് തന്നെയാണ് വാദി ഷീസും. അപകടം പതിയിരിക്കുന്ന മലനിരകളുള്ള വാദി ഷീസിലേക്ക് വരുന്നവർ വളരെ ചുരുക്കമായിരുന്നു.
ഇവിടേക്ക് ശരിയായ റോഡ് മാർഗം ഉണ്ടായിരുന്നില്ല. ഓഫ് റോഡ് ഡ്രൈവിങ് ഇഷ്ടപ്പെടുന്നവരായിരുന്നു ഇവിടെയുള്ള സന്ദർശകർ. പലർക്കും ഈ പ്രദേശങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതിനാൽ അപകടവും പതിവായിരുന്നു. കോടികൾ ചെലവഴിച്ച് നിർമിച്ച റോഡാണ് ഈ ഭാഗങ്ങളെ സഞ്ചാരികളുടെ ഇഷ്ട വിനോദകേന്ദ്രമാക്കിയതിൽ മുഖ്യ പങ്കുവഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.