വിനോദ സഞ്ചാരികൾക്ക് വേനലിലും പ്രിയം ദുബൈ
text_fieldsദുബൈ: ലോകത്തെ വേനൽകാല ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയിൽ ദുബൈ ഏഴാം സ്ഥാനം കരസ്ഥമാക്കി. കടുത്ത ചൂട് ബാധിക്കുന്ന പ്രദേശമാണെങ്കിലും ഷോപ്പിങ് ഹബ്ബാണെന്നതും നിരവധി ഇൻഡോർ വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ടെന്നതുമാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. വേനൽകാലത്ത് വിനോദ സഞ്ചാരത്തിനായി ഏറ്റവും കൂടുതൽ ആളുകൾ അന്വേഷിക്കുന്ന നഗരങ്ങളുടെ പട്ടിക ഫോർവാർഡ്കീസ് എന്ന സ്ഥാപനമാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. കഴിഞ്ഞ വർഷം പട്ടികയിൽ എട്ടാം സ്ഥാനത്തായിരുന്ന എമിറേറ്റ്, ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് നേട്ടം കൈവരിച്ചത്.
ബാങ്കോക്, ന്യൂയോർക്, ബാലി, പാരിസ്, ലോസ് ആഞ്ചലസ്, ലണ്ടൻ എന്നിവയാണ് ദുബൈക്ക് മുമ്പിൽ പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. ടോക്യോ, മാഡ്രിഡ്, സാൻ ഫ്രാൻസിസ്കോ എന്നിവയാണ് പട്ടികയിലെ മറ്റു നഗരങ്ങൾ.
കോവിഡ് നിയന്ത്രണങ്ങൾ നീക്കിയ ശേഷം ചൈനയിൽ നിന്ന് വലിയ രീതിയിൽ സന്ദർശകർ ദുബൈയിൽ എത്തിച്ചേരുന്നുണ്ടെന്നും ഇത് ദുബൈയുടെ മുന്നേറ്റത്തിന് സഹായിച്ച ഘടകമാണെന്നും അധികൃതർ വിലയിരുത്തി. ഷോപ്പിങിന് വിപുലമായ സൗകര്യങ്ങളുള്ള ലോകോത്തര നഗരങ്ങളിലൊന്നാണ് ദുബൈ. അതോടൊപ്പം വിവിധ പാർക്കുകളിലും വിനോദ കേന്ദ്രങ്ങളിലും വേനൽ പരിഗണിച്ചുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുമുണ്ട്.
മോഷൻ ഗേറ്റ് ദുബൈ, ലെഗോലാൻഡ് ദുബൈ, ലെഗോ ലാൻഡ് വാട്ടർ പാർക്ക് തുടങ്ങിയ ദുബൈ പാർക്സ് ആൻഡ് റിസോർട്സിന് കീഴിലെ പാർക്കുകളിൽ 12വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ജൂലൈ 31വരെ പ്രവേശനം സൗജന്യമാണ്.
ദുബൈയിൽ പാം ടവറിൽ നിന്ന് പ്രദേശം വീക്ഷിക്കുന്നതിന് 13വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായി ലഭിക്കും. അതോടൊപ്പം ബുർജ് ഖലീഫയിലും മുതിർന്നവർക്കൊപ്പം പ്രവേശിക്കുന്ന രണ്ട് കുട്ടികൾക്ക് സൗജന്യമുണ്ട്. ഇത്തരത്തിൽ കുടുംബങ്ങൾക്ക് കുറഞ്ഞ ചിലവിൽ ദുബൈയിൽ വന്നു മടങ്ങാൻ വേനലകാലത്ത് നിരവധി അവസരങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.