അവസാനഘട്ടത്തിലേക്ക് ദുബൈ ഫ്യൂച്ചർ മ്യൂസിയം
text_fieldsദുബൈ: ദുബൈയുടെ ടൂറിസം മേഖലയിൽ വൻ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന ദുബൈ ഫ്യൂച്ചർ മ്യൂസിയം നിർമാണം അന്തിമ ഘട്ടത്തിലേക്ക്. അവസാനവട്ട നിർമാണപ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനും ഫ്യൂച്ചർഫൗണ്ടേഷൻ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തുടങ്ങിയവർ എത്തി.
ഭാവിയിലേക്കുള്ള നൂതന ഗവേഷണങ്ങളും പുതിയ സാങ്കേതികവിദ്യകളും അവതരിപ്പിക്കുന്ന വേറിട്ട കേന്ദ്രമായിരിക്കും ഫ്യൂച്ചർ മ്യൂസിയം.കെട്ടിലും മട്ടിലും പുതുമയോടെയാണ് ഫ്യൂച്ചർ മ്യൂസിയത്തിെൻറ വരവ്. 30,000 ചതുരശ്രമീറ്റർ വിസ്തൃതിയും 77 മീറ്റർ ഉയരവുമുള്ള കെട്ടിടത്തിന് ഏഴ് നിലകളുണ്ട്. തൂണുകളില്ല എന്നതാണ് ഇതിെൻറ പ്രത്യേകത. അറബി കാലിഗ്രഫിയുള്ള 1,024 പാനലുകൾ നിർമിച്ചത് റോബോട്ടുകളാണ്.
500 ദശലക്ഷം ദിർഹം ചെലവിട്ട് നിർമിച്ച കെട്ടിടത്തിൽ ലാബുകളും ക്ലാസ്മുറികളുമുണ്ടാകും. സന്ദർശകർക്ക് പുത്തൻ സാങ്കേതികവിദ്യകളെ മനസ്സിലാക്കാൻ കഴിയുന്ന പ്രദർശനങ്ങളുണ്ടാകും. നിർമാണം പൂർത്തിയാകാനായി ദുബൈ നഗരവാസികൾ കാത്തിരിക്കുന്ന കെട്ടിടം കൂടിയാണിത്.
അറബി സംസാരിക്കുന്ന കെട്ടിടം എന്നാണ് ശൈഖ് മുഹമ്മദ് ഇതിനെ വിശേഷിപ്പിച്ചത്. അറബ് തനിമയും ആഗോള ലക്ഷ്യങ്ങളും സമ്മേളിക്കുന്ന ഇടം. ആകർഷകമായ കെട്ടിടം നിർമിക്കുകയല്ല, നല്ല ഭാവിക്കായി മനുഷ്യരെ പ്രചോദിപ്പിക്കുകയാണ് ലക്ഷ്യമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.ദുബൈ ഉപഭരണാധികാരി ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, കാബിനറ്റ് അഫയേഴ്സ് മന്ത്രി മുഹമ്മദ് അബ്ദുല്ല അൽ ഗെർഗാവി എന്നിവരും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.