ഗൾഫ് രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാർ ഉടൻ -യു.കെ മന്ത്രി
text_fieldsദുബൈ: യു.എ.ഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളുമായുള്ള യു.കെയുടെ സ്വതന്ത്ര വ്യാപാര കരാർ ഉടൻ യാഥാർഥ്യമാകുമെന്ന് ബ്രിട്ടീഷ് മന്ത്രിയും ബിസിനസ് സെക്രട്ടറിയുമായ കെമി ബദേനോച്ച്. യു.എ.ഇ, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ ജി.സി.സി രാജ്യങ്ങളിൽ സന്ദർശനം പൂർത്തിയാക്കിയ ബദേനോച്ച് ദുബൈയിലെ ‘ദി നാഷനലി’ന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2025 ജനുവരിയിൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പോടെ ഋഷി സുനക് സർക്കാറിന്റെ കാലാവധി പൂർത്തിയാവുന്ന സാഹചര്യത്തിൽ വിവിധ രാജ്യങ്ങളുമായി വ്യാപാര കരാറുകളിൽ ഒപ്പുവെക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു. കൂടുതൽ സമയം എടുക്കുന്ന വ്യക്തിഗത കരാറുകളേക്കാൾ നിലവിലെ സാഹചര്യത്തിൽ ജി.സി.സികളുമായുള്ള വലിയ കരാറുകൾ കൂടുതൽ പ്രയോജനകരമാകും. വ്യാപാര കരാറുകൾക്കായി ചർച്ചകൾ നടത്താൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ആവശ്യപ്പെട്ടിരുന്നു. അതു പ്രകാരം വിവിധ ഗൾഫ് രാജ്യങ്ങളുമായി ചർച്ചകൾ പുരോഗമിക്കുകയാണ് . വൈകാതെ ജി.സി.സിയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷ- അവർ പറഞ്ഞു.
കഴിഞ്ഞ വർഷം ആറ് രാജ്യങ്ങളുമായി ആരംഭിച്ച വ്യാപാര-വാണിജ്യ ചർച്ചകൾ മൂന്ന് റൗണ്ട് പൂർത്തിയായി. നാലാം വട്ട ചർച്ചകൾ ഈ വർഷം നടക്കുമെന്നാണ് പ്രതീക്ഷ. സാങ്കേതികത, ഡാറ്റ, സാമ്പത്തിക സേവനങ്ങൾ, പ്രഫഷണൽ സേവനങ്ങൾ എന്നിവയിലാണ് യു.എ.ഇ പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ആ രീതിയിലുള്ള ചർച്ചകളാണ് മുന്നോട്ടുപോകുന്നത്.
യു.കെയിൽ പ്രധാനമായും സേവന സമ്പദ്വ്യവസ്ഥയാണ് നിലനിൽക്കുന്നത്. അതുകൊണ്ട് മറ്റ് എതിരാളികളേക്കാൾ കൂടുതൽ മുന്നോട്ടു പോകാനാവും. എങ്കിലും ഭക്ഷണം, പാനീയങ്ങൾ, കാറുകൾ, വസ്ത്രങ്ങൾ എന്നിവയും പ്രധാനമാണ്. വെൽഷ് ലാമ്പ് പോലെ നിരവധി കമ്പനികൾ യു.കെയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. അതോടൊപ്പം ശക്തമായ ഒരു കാർ നിർമാണ വ്യവസായവും യു.കെയിലുണ്ട്. സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി ഇത്തരം വ്യവസായങ്ങൾ വികസിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
2022ൽ യു.കെയും ജി.സി.സിയും തമ്മിലുള്ള വ്യാപാരം റെകോഡ് ഉയരത്തിലാണ്. ഏതാണ്ട് 61.3 ശതകോടി പൗണ്ടിന്റെ വ്യാപാരമാണ് ആ വർഷം നടന്നത്. പുതിയ വ്യാപാര കരാറിലൂടെ ഇത് 16 ശതമാനം വർധിപ്പിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. ചരക്കുകൾക്കും സേവനങ്ങൾക്കുമുള്ള ജി.സി.സിയുടെ ആവശ്യകത 2035 ഓടെ ഏകദേശം ഒരു ലക്ഷം കോടി പൗണ്ടായി വളരുമെന്ന് പ്രതീക്ഷിക്കുന്നു. അതായത് 75 ശതമാനത്തിലധികം വർദ്ധനവാണ് പ്രതീക്ഷിക്കുന്നതെന്നും ബദേനോച്ച് പറഞ്ഞു.
എ.ഐ, ഡിജിറ്റൽ ഇകണോമി ആൻഡ് റിമോട്ട് വർക് ആപ്ലിക്കേഷൻസ് സഹ മന്ത്രി ഒമർ അൽ ഒലാമയുമായും ബദനോച്ച് കൂടിക്കോഴ്ച നടത്തി. തുടർന്ന് ദുബൈ മ്യൂസിയവും അവർ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.