വ്യാപാര പങ്കാളിത്തം: കൂടുതൽ മന്ത്രിമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തി
text_fieldsദുബൈ: കേരളവും യു.എ.ഇയുമായുള്ള വ്യാപാര പങ്കാളിത്തം വർധിപ്പിക്കുന്നതിനും കേരളത്തിൽ കൂടുതൽ വിദേശ നിക്ഷേപം എത്തിക്കുന്നതിനും ലക്ഷ്യമിട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കൂടുതൽ മന്ത്രിമാരുമായി ചർച്ച നടത്തി. യു.എ.ഇ അന്താരാഷ്ട്ര വ്യാപാര വകുപ്പ് മന്ത്രി ഡോ. താനി ബിൻ അഹ്മദ് അൽ സിയൂദി, മനുഷ്യവിഭവശേഷി മന്ത്രി ഡോ. അബ്ദുൽ റഹ്മാൻ അബ്ദുൽമന്നൻ അൽ അൻവർ എന്നിവരുമായാണ് മുഖ്യമന്ത്രി ചർച്ച നടത്തിയത്.
കേരളത്തിൽ കൂടുതൽ നിക്ഷേപമെത്തിക്കാൻ സന്നദ്ധമാണെന്ന് ചർച്ചയിൽ ഇവർ അറിയിച്ചു. വ്യവസായ മന്ത്രി പി. രാജീവ്, ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, അബൂദബി ചേംബർ വൈസ് ചെയർമാൻ എം.എ. യൂസുഫലി, ജോൺ ബ്രിട്ടാസ് എം.പി, മുഹമ്മദ് ഹനീഷ് തുടങ്ങിയവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. കേരളത്തിന്റെ സ്നേഹസമ്മാനം മന്ത്രിമാർക്ക് കൈമാറി. കേരളത്തിന്റെ വികസനത്തിന്റെയും അതിജീവനത്തിന്റെയും വഴിയിൽ പിന്തുണനൽകി ഒപ്പം നിന്ന രാഷ്ട്രമാണ് യു.എ.ഇ എന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ സജീവമായ പാരസ്പര്യത്തോടെ ആ ബന്ധം സുദൃഢമായി മുന്നോട്ടുകൊണ്ടുപോകുമെന്ന ഉറപ്പാണ് യു.എ.ഇ കേരളത്തിന് നൽകുന്നത്.
മന്ത്രിമാരുമായി നടന്ന ചർച്ചകൾ സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും പുതിയ വേഗത്തിനുള്ള നാന്ദിയായനുഭവപ്പെട്ടു. കേരളത്തിന്റെ വ്യവസായിക സാമൂഹിക മേഖലകളെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ ഇത് നമുക്ക് കരുത്തുപകരും. ഊഷ്മളമായ സ്വീകരണത്തിന് ഹൃദയപൂർവം നന്ദി പറയുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.