ഇന്ത്യൻ നടപടി യു.എ.ഇയെ ബാധിക്കില്ലെന്ന് വ്യാപാരികൾ
text_fieldsദുബൈ: സവാള ഉൾപ്പെടെ പച്ചക്കറികൾക്ക് 40 ശതമാനം കയറ്റുമതി തീരുവ ഉയർത്താനുള്ള ഇന്ത്യയുടെ തീരുമാനം യു.എ.ഇ വിപണിയിൽ ബാധിക്കില്ലെന്ന് വ്യാപാരികൾ.
ഇന്ത്യയിൽനിന്ന് സവാള ഇറക്കുമതി ചെയ്യുന്ന വിപണികളിൽ പ്രധാനപ്പെട്ടതാണ് യു.എ.ഇ. എന്നാൽ, നിലവിൽ ഇന്ത്യയുടെ നടപടി യു.എ.ഇ വിപണികളിൽ സവാളയുടെ ലഭ്യതയെയും വിലയെയും കാര്യമായി ബാധിക്കില്ല.
ഇന്ത്യ കൂടാതെ തുർക്കിയ, ഈജിപ്ത്, ഗ്രീസ്, യു.എസ്, ഇറ്റലി എന്നീ രാജ്യങ്ങളിൽനിന്ന് സവാള ഇറക്കുമതി ചെയ്യുന്നുണ്ട്.
ഇന്ത്യ കയറ്റുമതി നിയന്ത്രിച്ചാലും മറ്റ് രാജ്യങ്ങളിൽനിന്നുള്ള വരവിൽ മാറ്റമില്ലാത്തതിനാൽ സവാളക്ക് വിപണിയിൽ ക്ഷാമം അനുഭവപ്പെടില്ലെന്ന് ചെറുകിട വ്യാപാരികൾ പറഞ്ഞു.
നേരത്തെ ഇന്ത്യ ബസുമതിയല്ലാത്ത അരിക്കും കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. തുടർന്ന് മറ്റ് രാജ്യങ്ങളിൽനിന്നുള്ള അരിയുടെ ഇറക്കുമതി കൂട്ടിയതിനാൽ വിപണിയിൽ പ്രതിഫലിച്ചിരുന്നില്ല.
കഴിഞ്ഞ വർഷവും ഇതേ സമയത്ത് ഇന്ത്യ സവാള കയറ്റുമതി നിയന്ത്രിച്ചിരുന്നു.
എന്നാൽ, ഇന്ത്യയുടെ നടപടി മുൻകൂട്ടി പ്രതീക്ഷിച്ചതിനാൽ ഈജിപ്ത്, തുർക്കിയ, ഗ്രീസ് എന്നീ രാജ്യങ്ങളിൽനിന്ന് ബദൽ സംവിധാനം ഏർപ്പെടുത്തിയിരുന്നതായി ലുലു ഗ്രൂപ് മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ പറഞ്ഞു.
അതേസമയം, ഇന്ത്യയിലെ പച്ചക്കറി വിപണിയിലെ ചോദനവും പ്രദാനവും തമ്മിലെ അസന്തുലിതാവസ്ഥ ആഗസ്റ്റ് അവസാനത്തോടെ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിപണിയിൽനിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം സെപ്റ്റംബറിന്റെ തുടക്കത്തിൽ ചെറുകിടവിപണിയിൽ സവാള വില കിലോക്ക് 60-70 വരെ ഉയരുമെന്നും ക്രിസിൽ മാർക്കറ്റ് ഇന്റലിജൻസ് ആൻഡ് അനലിറ്റിക്സ് വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.