വ്യാപാരികളുടെ സൂഖ്
text_fieldsഷാർജ നഗരത്തിലെ ഏറ്റവും വലിയ കച്ചവട വിപണിയിലൊന്നാണ് സൂഖ് അൽ ജുബൈൽ. കഴിഞ്ഞവർഷം 4,441,226 സന്ദർശകരാണ് സൂഖ് അൽ ജുബൈലിൽ എത്തിയത്. ഇത് കൂടാതെ 2,354 ടണ്ണിൽ കൂടുതൽ പച്ചക്കറി, പഴം തുടങ്ങിയവ വിൽപ്പന നടത്തുകയും ചെയ്തു. ഷാർജ ഗവൺമെന്റിന്റെ നിക്ഷേപ വിഭാഗമായ ഷാർജ അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ പദ്ധതിയാണ് സൂഖ്അൽ ജുബൈൽ. ആവശ്യാനുസൃതമായ സംയോജിത സേവനങ്ങൾ, വിവിധ ഉൽപ്പന്നങ്ങൾ, ഭക്ഷണം, പഴം, പച്ചക്കറി, മീൻ മാർക്കറ്റുകൾ എന്നിവ ഒരേ മേൽക്കൂരയിൽ എന്നതാണ് സൂഖ് അൽ ജുബൈലിന്റെ പ്രധാന ആകർഷണം. മികച്ച ഗുണനിലവാരവും സേവനങ്ങളും വിവിധ പരിപാടികളും സൂഖിലെ ജനപങ്കാളിത്തം നിലനിർത്തുന്നു.
വിപണിയിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിലുണ്ടായ വർധന പച്ചക്കറി, പഴം, മത്സ്യം, മാംസം എന്നിവയിലെ വിൽപ്പനയേയും ഗുണപരമായി സ്വധീനിച്ചു. അതിനാൽ വിപണിയിലെ വ്യാപാരികളും നിക്ഷേപകരും സൂക്കിലേക്ക് കടന്നുവരാൻ തുടങ്ങി. പുതുമയുള്ളതും വ്യത്യസ്തവുമായ ഷോപ്പിംഗ് ആസ്വദിക്കുവാനും നിരവധി സന്ദർശകരും എത്തി. 2021 നെ അപേക്ഷിച്ച് 17 ശതമാനം വർദ്ധനവാണ് കഴിഞ്ഞ വർഷം കണക്കാക്കുന്നത്. ഷാർജ എമിറേറ്റിലെയും വലിയ മേഖലകളിലെയും പ്രമുഖ കുടുംബ, വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ഭൂപടത്തിൽ സൂഖ് അൽ ജുബൈൽ അതിന്റെ സാന്നിധ്യം ഉറപ്പിച്ചിരിക്കുന്നു. പല വ്യത്യസ്ത സാധനങ്ങൾക്കും സൂഖിലെ ഓഫറുകൾ സന്ദർശകരെ കൂടുതൽ ആകർഷിക്കുന്നുണ്ട്. സൂഖ് അൽ ജുബൈലിലെ ഷോപ്പിങ് അനുഭവങ്ങൾ സൗകര്യപ്രദവും എളുപ്പവുമാണെന്ന് സന്ദർശകർ അഭിപ്രായപ്പെടുന്നു.
ഇവിടെ 250 ലധികം തരം ഉൽപ്പന്നങ്ങൾ വിൽപ്പനക്കുണ്ട്. സൂക്കിന്റെ മൂന്ന് വിഭാഗങ്ങളിലായി 260 ഷോപ്പുകളുമുണ്ട്. ഇതിൽ 160 കടകൾ പച്ചക്കറിയും പഴങ്ങളും വിൽക്കുന്നവയാണ്. 40 ഈത്തപ്പഴ കടകളും 60 മാംസകടകളും പുതിയ മത്സ്യത്തിനും മറ്റ് സമുദ്രവിഭവങ്ങൾക്കുമായി 30 കടകളും മാർക്കറ്റിലുണ്ട്. കൂടാതെ ഉയർന്ന ഗുണമേന്മയുള്ള തേൻ വിൽക്കുന്ന മൂന്ന് കടകളും നട്സ് കടകളും സൂഖിലുണ്ട്. സന്ദർശകരുടെ സൗകര്യത്തിനായി ഇത്തിസാലാത്ത് പ്ലാറ്റ്ഫോം, എ.ടി.എമ്മുകൾ എന്നിവയും വിവിധ സേവനങ്ങളും മറ്റ് സൗകര്യങ്ങളും സൂഖിനുള്ളിൽ ലഭ്യമാണ്. വരും വർഷങ്ങളിൽ സന്ദർശകർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങളും ഗുണനിലവാരവും നൽകാനും എല്ലാ പ്രായത്തിലുള്ള സന്ദർശകർക്കും സൂഖ് ആസ്വദിക്കുന്നതിന് കൂടുതൽ പരിപാടികൾ സംഘടിപ്പിക്കാനും ഷാർജ അസറ്റ്മാനേജ്മെന്റ് ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.