ഗതാഗത നിയമം പാലിച്ചു; സമ്മാനമൊരുക്കി അബൂദബി പൊലീസ്
text_fieldsഅബൂദബി: ഗതാഗത നിയമം പാലിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് സമ്മാനം വിതരണം ചെയ്ത് അബൂദബി പൊലീസ്. മൂന്നു വര്‍ഷത്തിനിടെ പാര്‍ക്കിങ് പിഴയടക്കം ഒരു നിയമലംഘനംപോലും നടത്താത്ത അല്‍ഐനിലെ 30 ഡ്രൈവര്‍മാര്‍ക്കാണ് അബൂദബി പൊലീസിന്റെ അപ്രതീക്ഷിത സമ്മാനം ലഭിച്ചത്. ടെലിവിഷന്‍ അടക്കമുള്ള വിലപിടിപ്പുള്ള സമ്മാനങ്ങളാണ് ഡ്രൈവര്‍മാര്‍ക്ക് കൈമാറിയത്. മികച്ച ഗതാഗത സംസ്കാരം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് നിയമം പാലിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് സമ്മാനം നല്‍കിയതെന്ന് അല്‍ഐന്‍ ഗതാഗത വകുപ്പ് ഡയറക്ടര്‍ കേണല്‍ മതാര്‍ അബ്ദുല്ല അല്‍ മുഹൈരി പറഞ്ഞു.
മൂന്നു വര്‍ഷമായി ഒരു ഗതാഗതനിയമലംഘനം പോലുമില്ലാത്ത ഡ്രൈവര്‍മാരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. അപ്രതീക്ഷിത സമ്മാനലബ്ധിയില്‍ ഡ്രൈവര്‍മാര്‍ സന്തോഷം പ്രകടിപ്പിച്ചു. അബൂദബി പൊലീസ് ഹാപിനസ് പട്രോള്‍ ടീമാണ് വാഹനങ്ങള്‍ പരിശോധിച്ചതും ഡ്രൈവര്‍മാരെ കണ്ടെത്തി സമ്മാനങ്ങള്‍ കൈമാറിയതും. ഗതാഗത നിയമങ്ങള്‍ പാലിക്കുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും മറ്റുള്ളവര്‍ക്കും നിരവധി സമ്മാനങ്ങളുമായി വേറിട്ട അനുഭവങ്ങളാണ് അബൂദബി പൊലീസ് ഹാപ്പിനസ് പട്രോള്‍ സംഘം ഒരുക്കിവരുന്നത്. എക്സ്പോ 2020 ദുബൈ അരങ്ങേറിയപ്പോൾ, സുരക്ഷിതമായ ഡ്രൈവിങ് സംസ്കാരം വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകത കൂടുതല്‍ പേരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഹാപ്പിനസ് പട്രോള്‍ സംഘം സമ്മാനങ്ങളുമായി നിരത്തുകളില്‍ സജീവമായിരുന്നു. നിരവധി പേർക്കാണ് എക്സ്പോ പാസ്പോര്‍ട്ടുകളും സമ്മാനങ്ങളും ലഭിച്ചത്.
റോഡ് ഉപയോക്താക്കളുടെ സുരക്ഷയും സ്വന്തം സുരക്ഷയും കണക്കിലെടുത്ത് സുരക്ഷിതമായ ഡ്രൈവിങ് പാലിക്കണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു. അബൂദബി പൊലീസ് ഹാപ്പിനസ് പട്രോള്‍ സംഘം റോഡ് നിയമങ്ങള്‍ പാലിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നത് ഇത് ആദ്യമല്ല. പട്രോളിങ്ങിനിടെ സുരക്ഷിതമായി വാഹനം ഓടിക്കുന്നവരെ ശ്രദ്ധയില്‍പ്പെട്ടാല്‍ പിന്നാലെ പോയി സമ്മാനങ്ങള്‍ കൈമാറി അഭിനന്ദിക്കുന്നതും സംഘത്തിന്റെ രീതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.