ട്രാഫിക് നിയമ ലംഘനം: 27 വാഹനം പൊലീസ് പിടിച്ചെടുത്തു
text_fieldsദുബൈ: അശ്രദ്ധയോടെയും അലക്ഷ്യവുമായി വാഹനമോടിച്ച് അപകടങ്ങൾക്ക് വഴിയൊരുക്കുന്ന വാഹനങ്ങളുൾപ്പെടെ ട്രാഫിക് നിയലംഘനം നടത്തിയ 27ഓളം വാഹനങ്ങൾ ദുബൈ പൊലീസ് പിടിച്ചെടുത്തു. അൽ ഖുദ്റ സ്ട്രീറ്റിൽ നടന്ന പരിശോധനയിൽ അൽബർഷ പൊലീസാണ് ഗുരുതര നിയമലംഘനം തുടരുന്ന വാഹനങ്ങൾ കണ്ടുകെട്ടിയത്. ലൈസൻസില്ലാതെ വാഹനമോടിച്ചവരും നമ്പർ പ്ലേറ്റുകൾ വ്യക്തമായി പ്രദർശിപ്പിക്കാത്തവരും മാനദണ്ഡങ്ങൾ പാലിക്കാതെ വാഹനങ്ങൾ രൂപമാറ്റം ചെയ്തവരുമുൾപ്പെടെ നിരവധി പേർ പിടിയിലായപ്പോൾ അമിതവേഗത്തിനായി എൻജിനിൽ പവർ ബൂസ്റ്റർ സ്ഥാപിച്ചവരെയും പൊലീസ് കൈയോടെ പിടികൂടി. മറ്റുള്ളവർക്ക് ശല്യമാകുന്ന വിധത്തിൽ വാഹനമോടിച്ചവരും മരണത്തിനോ ഗുരുതരമായി പരിക്കേൽക്കുന്നതിനോ വഴിയൊരുക്കുന്ന തരത്തിൽ അലക്ഷ്യമായി ഡ്രൈവ് ചെയ്തവരെയും പൊലീസ് പിടികൂടി വാഹനങ്ങൾ കണ്ടുകെട്ടി.
റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിനും റോഡപകടങ്ങളും മരണങ്ങളും കുറക്കുന്നതിനും പൊതുസ്വത്തുക്കൾ സംരക്ഷിക്കുന്നതിനുമായി ദുബൈ പൊലീസ് ആരംഭിച്ച പ്രത്യേക കാമ്പയിനിെൻറ ഭാഗമായി നടത്തിയ പരിശോധനയിലാണ് നിയമലംഘകരുടെ വാഹനങ്ങൾ പിടിച്ചെടുത്തതെന്ന് അൽ ബർഷ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അബ്ദുൽ റഹീം ബിൻ ഷാഫിയ പറഞ്ഞു. ജനറൽ ഡിപ്പാർട്മെൻറ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷെൻറയും അൽ ഹെബാബ്, അൽ ഫഖ്വ പൊലീസ് സ്റ്റേഷനുകളുടെയും സഹകരണത്തോടെയാണ് കാമ്പയിൻ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അനാവശ്യമായി എൻജിനിൽ ഉൾപ്പെടെ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഓടിക്കുമ്പോൾ നിയന്ത്രണം നഷ്ടപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. മാത്രമല്ല, ഇത്തരം വാഹനങ്ങൾ നിലവിലെ റോഡ് സാഹചര്യങ്ങൾക്ക് അനുകൂലമല്ലാത്തതിനാൽ അപകടങ്ങൾക്കും വഴിയൊരുക്കുന്നു. ഇത്തരക്കാർ നിരപാരാധികളായ മറ്റു യാത്രക്കാരെ മരണത്തിലേക്കും അപകടങ്ങളിലേക്കും തള്ളിവിടുന്നതിന് വഴിയൊരുക്കുന്നുണ്ടെന്നും ബ്രിഗേഡിയർ അബ്ദുൽ റഹീം ബിൻ ഷാഫിയ ചൂണ്ടിക്കാട്ടി.
എൻജിൻ രൂപമാറ്റം വരുത്തുന്നതും സ്വന്തം ഇഷ്ടപ്രകാരം വാഹനം മോഡിഫൈ ചെയ്യുന്നതും 1000 ദിർഹം പിഴയൊടുക്കേണ്ടുന്ന ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്. 12 ബ്ലാക്ക് പോയൻറുകളും ലഭിക്കും. ഒപ്പം 30 ദിവസം വാഹനം റോഡിലിറക്കുന്നത് തടയുകയും ചെയ്യും. നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാതിരിക്കുകയോ വ്യക്തമാകാത്ത വിധത്തിൽ മൂടിവെക്കുകയോ ചെയ്താൽ 400 ദിർഹമാണ് പിഴ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.