ഗതാഗത നിയമലംഘനം; പിഴ ഗഡുക്കളായി അടക്കാം
text_fieldsഅബൂദബി: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ പലിശയില്ലാതെ ഗഡുക്കളായി അടക്കാൻ സ്മാർട്ട് സേവനം അവതരിപ്പിച്ച് അബൂദബി പൊലീസ്. അഞ്ചു ബാങ്കുകളിൽ സേവനം ലഭ്യമാണ്. 60 ദിവസത്തിനകം പിഴ അടക്കുന്നവർക്ക് 35 ശതമാനവും ഒരു വർഷത്തിനകം പിഴ അടക്കുന്നവർക്ക് 25 ശതമാനവും ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ആധുനിക പൊലീസിന് സ്മാര്‍ട്ട് സേവനങ്ങള്‍ എന്ന കാമ്പയിനിന്റെ ഭാഗമായാണ് നടപടി.
അബൂദബി കൊമേഴ്സ്യൽ ബാങ്ക് (എ.ബി.സി.ബി), അബൂദബി ഇസ്ലാമിക് ബാങ്ക് (എ.ഡി.ഐ.ബി), ഫസ്റ്റ് അബൂദബി ബാങ്ക് (എഫ്.എ.ബി), മഷ്രിഖ് അൽ ഇസ്ലാമി, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക് എന്നിവയാണ് അഞ്ചു ബാങ്കുകൾ. സ്മാർട്ട് സേവനം ലഭിക്കാൻ ഈ ബാങ്കുകളിൽ ഏതെങ്കിലും ഒന്നിൽ നിന്ന് ക്രെഡിറ്റ് കാർഡ് നേടണം.കൂടാതെ അബൂദബി പൊലീസിന്റെ സ്മാർട്ട് ആപ്ലിക്കേഷൻ, താം ആപ്ലിക്കേഷൻ, താം വെബ്സൈറ്റ്, ഡിജിറ്റൽ കിയോസ്ക്, കസ്റ്റമർ സർവിസ് സെന്റർ എന്നിവ മുഖാന്തരവും പിഴ അടക്കാം.
ഇതിനായി എമിറേറ്റ് ഐ.ഡി, വാഹനത്തിന്റെ രജിസ്ട്രേഷൻ കാർഡ്, വാഹന ഉടമയുടെയോ ഉടമയുടെ പ്രതിനിധിയുടെയോ സാന്നിധ്യം എന്നിവ വേണം. ഇതിനായി പ്രത്യേക ഫീസ് ഈടാക്കില്ല. അതേസമയം, വാഹനം കണ്ടുകെട്ടുക, ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഡ്രൈവറുടെ ലൈസന്‍സില്‍ ബ്ലാക്ക് പോയന്റ് ചേര്‍ക്കുക തുടങ്ങിയ കാര്യങ്ങളിൽ നിയന്ത്രണമില്ല.
ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ അടക്കുന്നത് പ്രോത്സാഹിപ്പിക്കാനും നേരത്തെ പിഴയടച്ച് മറ്റ് ഫൈനുകൾ ഒഴിവാക്കാനും ഡ്രൈവർമാർക്ക് ബോധവത്കരണം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.എമിറേറ്റില്‍ കഴിഞ്ഞവര്‍ഷം റെഡ് സിഗ്നല്‍ ലംഘിച്ചതിന് പിടികൂടുകയും പിഴ ചുമത്തുകയും ചെയ്തത് 2850 ഡ്രൈവര്‍മാരെയാണ്. റെഡ് സിഗ്നല്‍ മറികടക്കുന്നവര്‍ക്ക് മറ്റ് എമിറേറ്റുകളെ അപേക്ഷിച്ച് അബൂദബിയില്‍ ലഭിക്കുക കടുപ്പമേറിയ ശിക്ഷയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.