ഗതാഗത നിയമലംഘനം; മുന്നറിയിപ്പുമായി അജ്മാന് പൊലീസ്
text_fieldsഅജ്മാന്: ഗതാഗത നിയമലംഘനങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്കി അജ്മാന് പൊലീസ്. വാഹനമോടിക്കുമ്പോള്‍ അച്ചടക്കം പാലിക്കണമെന്നും നിയമവിരുദ്ധമായി പ്രവർത്തിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ആരംഭിച്ച ‘യുവർ കമ്മിറ്റ്മെന്റ് മീൻസ് സേഫ്റ്റി’ എന്ന പേരിൽ അജ്മാൻ പൊലീസ് ആരംഭിച്ച റോഡ് സുരക്ഷ ബോധവത്കരണ കാമ്പയിനിന്റെ ഭാഗമാണ് ഈ ഓർമപ്പെടുത്തൽ. പാത മാറുമ്പോൾ ഇൻഡിക്കേറ്ററുകൾ ഉപയോഗിക്കുക, മഴയത്ത് വാഹനമോടിക്കുമ്പോൾ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കുക, വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ തെറ്റുന്ന നടപടികള്‍ ഒഴിവാക്കുക, നിശ്ചിത വേഗപരിധി കവിയരുത് എന്നിവയും അധികൃതർ വാഹനമോടിക്കുന്നവരെ ഓര്‍മപ്പെടുത്തുന്നുണ്ട്.
2023ൽ യു.എ.ഇ റോഡുകളിൽ സംഭവിച്ച ആകെ മരണങ്ങളുടെ 71 ശതമാനത്തിനും പരിക്കുകളുടെ 61 ശതമാനത്തിനും കാരണമായ ആദ്യ അഞ്ച് നിയമലംഘനങ്ങളിൽ പെട്ടെന്നുള്ള ട്രാക്ക് മാറ്റവും ഉൾപ്പെടുന്നതായി പൊലീസ് വ്യക്തമാക്കി. വാഹനമോടിക്കുമ്പോള്‍ പെട്ടെന്ന് വാഹനം തിരിക്കുന്നവര്‍ക്ക് 1,000 ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ നാല് ബ്ലാക്ക് പോയന്റുകളും പിഴ ചുമത്തുമെന്ന് അജ്മാൻ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ലഫ്. കേണൽ റാശിദ് ഹുമൈദ് ബിൻ ഹിന്ദി പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ വർഷം രാജ്യത്തുടനീളം 352 റോഡപകട മരണങ്ങളുണ്ടായി. 2022ൽ രജിസ്റ്റർ ചെയ്ത 343 മരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ മൂന്നു ശതമാനം വർധനവാണിത്. എന്നാൽ, 2021ൽ രേഖപ്പെടുത്തിയ 381 മരണങ്ങളിൽ നിന്ന് എട്ടു ശതമാനം കുറവുണ്ടായിട്ടുമുണ്ട്. അജ്മാനിൽ കഴിഞ്ഞ വർഷം റോഡപകടങ്ങളിൽ 11 മരണങ്ങളും 133 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.