മനുഷ്യക്കടത്ത് തടയുന്നതിന് നിയമം കർശനമാക്കി
text_fieldsദുബൈ: മനുഷ്യക്കടത്ത് തടയുന്നതിന് രൂപപ്പെടുത്തിയ നിയമം കൂടുതൽ ഭേദഗതികളോടെ കർശനമാക്കുന്നതിന് യു.എ.ഇ മന്ത്രിസഭയുടെ അംഗീകാരം. ഇരകൾക്ക് താൽപര്യമുണ്ടെങ്കിൽ വിദ്യാഭ്യാസം നൽകുന്നതിനും സ്വദേശത്തേക്ക് സുരക്ഷിതമായി മടങ്ങുന്നതിന് സാഹചര്യമൊരുക്കുന്നതിനും പുതിയ ഭേദഗതിയിൽ നിർദേശമുണ്ട്. അതോടൊപ്പം മനുഷ്യക്കടത്ത് സംഘങ്ങൾക്ക് കർശനമായ യാത്രാവിലക്ക് അടക്കമുള്ളവ ഏർപ്പെടുത്തുന്നു, പ്രേരണ കുറ്റകരമാക്കുന്നു, സൂത്രധാരകർക്ക് പിഴ വർധിപ്പിക്കുന്നു എന്നിങ്ങനെ വിവിധ നടപടികളും പുതുക്കിയ നിയമത്തിലുണ്ട്.
യു.എ.ഇ സർക്കാർ ഒഫീഷ്യൽ വെബ്സൈറ്റ് പ്രകാരം, രാജ്യം മനുഷ്യക്കടത്തിനെ ശക്തമായി നിരോധിക്കുന്നതിനൊപ്പം ഈ പ്രവണത തടയുന്നതിന് വിപുലമായ നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. മൂന്ന് മേഖലകളിൽ ഊന്നിയാണ് ഇതിനായി പ്രവർത്തനങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. മനുഷ്യക്കടത്ത് തടയുക, കുറ്റവാളികളെ വിചാരണചെയ്ത് ശിക്ഷിക്കുക, ഇരകൾക്ക് സംരക്ഷണമൊരുക്കുകയും അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നിവയാണിത്.
ഇരകളെ സംരക്ഷിക്കുന്നതിന് രാജ്യത്ത് ഇതിനകം വിവിധ അഭയകേന്ദ്രങ്ങൾ അധികൃതർ നിർമിച്ചിട്ടുണ്ട്. ഇതുവഴി മനുഷ്യക്കടത്തിൽപെടുന്നവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കിവരുന്നുണ്ട്. കുറ്റകൃത്യത്തിനെതിരെ ശക്തമായ ബോധവത്കരണവും നടന്നുവരുന്നുണ്ട്. ഫെഡറൽ നിയമപ്രകാരം മനുഷ്യക്കടത്ത് കുറ്റവാളികൾക്ക് ഒരു ലക്ഷം ദിർഹം പിഴയും അഞ്ചുവർഷം തടവുമാണ് ശിക്ഷ.
മനുഷ്യക്കടത്ത് കളമൊരുങ്ങുന്നത് മിക്കപ്പോഴും ഇരകളുടെ സ്വദേശങ്ങളായതിനാൽ, കുറ്റകൃത്യം തടയുന്നതിന് വിവിധ രാജ്യങ്ങളുമായി യു.എ.ഇ ധാരണപത്രങ്ങൾ ഒപ്പുവെച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയമാണ് ഇത്തരം സഹകരണങ്ങൾക്ക് നേതൃത്വം നൽകിവരുന്നത്. നിയമപരമല്ലാതെ വ്യക്തികളെ രാജ്യത്ത് എത്തിക്കുന്ന പ്രവണത തടയുന്നതിന് 2007ൽ മന്ത്രിസഭ പ്രത്യേക സമിതിക്ക് രൂപംനൽകിയിരുന്നു. ഫെഡറൽ, പ്രാദേശിക സ്ഥാപനങ്ങളിൽനിന്ന് 18 അംഗങ്ങളാണ് സമിതിയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.