അജ്മാനില്‍ ഗതാഗത പിഴയിളവ് നാളെ അവസാനിക്കും
text_fieldsഅജ്മാന്: അജ്മാനില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ പ്രഖ്യാപിച്ച 50 ശതമാനം ഇളവ് വെള്ളിയാഴ്ച അവസാനിക്കും. 2022 നവംബര്‍ 11ന് മുമ്പ് സംഭവിച്ച പിഴകള്‍ക്കാണ് ഈ ഇളവ് ലഭിക്കുക. അജ്മാൻ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. നവംബർ 21 മുതലാണ് പിഴയിളവ് ആനുകൂല്യം അനുവദിച്ചത്.
അജ്മാൻ എമിറേറ്റിൽ നടന്ന എല്ലാ ട്രാഫിക് നിയമലംഘനങ്ങൾക്കും ബ്ലാക്ക് പോയൻറുകൾ, വാഹനങ്ങൾ പിടിച്ചെടുക്കൽ എന്നിവക്കും തീരുമാനം ബാധകമാണ്. മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്നവിധം വാഹനം ഓടിക്കുക, മണിക്കൂറിൽ 80 കിലോമീറ്ററിൽ കൂടുതൽ വേഗപരിധി കവിയുക, അല്ലെങ്കിൽ വാഹനത്തിന്റെ എൻജിൻ, ചേസിസ് എന്നിവയിൽ മാറ്റങ്ങൾ വരുത്തുക തുടങ്ങിയ ഗൗരവകരമായ ലംഘനങ്ങൾ ഈ ആനുകൂല്യത്തിന് കീഴിൽ വരില്ല. ആഭ്യന്തരമന്ത്രാലയത്തിന്റെ ആപ്ലിക്കേഷൻ, അജ്മാൻ പൊലീസ് സ്മാർട്ട് ആപ്ലിക്കേഷൻ, വെബ്സൈറ്റ് വഴിയോ സഹേൽ ഇലക്ട്രോണിക് പേമെന്റ് വഴിയോ അജ്മാൻ പൊലീസിന്റെ സേവനകേന്ദ്രങ്ങളിൽ നേരിട്ടോ സ്മാർട്ട് പേമെന്റ് ചാനലുകൾ വഴിയോ പണമടക്കാന്‍ സൗകര്യമുണ്ടെന്ന് അജ്മാന് പൊലീസ് അറിയിച്ചു. ഈ ആനുകൂല്യം പരമാവധി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണമെന്ന് ഉപഭോക്താക്കളോട് അജ്മാന് പൊലീസ് നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.