റസ്റ്റാറൻറ് നടത്തിപ്പ് പാഠങ്ങൾ പകർന്ന് പരിശീലനം
text_fieldsദുബൈ: 'ഗൾഫ് മാധ്യമം' ദുബൈ മുനിസിപ്പാലിറ്റിയുടെ പിന്തുണയോടെ സംഘടിപ്പിക്കുന്ന 'കുക്, കേറ്റർ, കൺസ്യൂം സേഫ്ലി' കാമ്പയിനിെൻറ ഭാഗമായി പരിശീലന ക്ലാസ് സംഘടിപ്പിച്ചു. മലയാളികളടക്കമുള്ള തെരഞ്ഞെടുത്ത റസ്റ്റാറൻറ് പ്രതിനിധികളെ പങ്കെടുപ്പിച്ചാണ് ഭക്ഷ്യശാലകൾ ആരംഭിക്കുേമ്പാഴും നടത്തിപ്പിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കുന്ന ക്ലാസ് സംഘടിപ്പിച്ചത്.
ദുബൈ ഖിസൈസിലെ ഫോർച്യൂൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയിൽ ദുബൈ മുനിസിപ്പാലിറ്റി ഭക്ഷ്യസുരക്ഷ വിഭാഗം സീനിയർ ഫുഡ് സ്പെഷലിസ്റ്റ് ബോബി കൃഷ്ണ, സീനിയർ ഫുഡ് ഹെൽത്ത് ഇൻസ്പെക്ടർ ഓഫിസർ തച്ച്റപറമ്പത്ത് റഹീം, സീനിയർ ഫുഡ് ട്രേഡ് ഹൈജീൻ ഓഫീസർ ഷാഫി അഷ്റഫ്, സീനിയർ ഫുഡ് ഹെൽത്ത് ഇൻസ്പെക്ഷൻ ഓഫിസർ റഹീഫ് ഹനീഫ എന്നിവർ ക്ലാസുകൾ നയിച്ചു.
ദുബൈ മുനിസിപ്പാലിറ്റി ഭക്ഷ്യസുരക്ഷക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും ഭക്ഷ്യശാലകളില സുരക്ഷിതവും ശുചിത്വപൂർണവുമായ അന്തരീക്ഷം നിലനിർത്താൻ എല്ലാവരും അധികൃതരുമായി സഹകരിക്കണമെന്നും ഭക്ഷ്യസുരക്ഷ വിഭാഗം സീനിയർ ഫുഡ് സ്പെഷലിസ്റ്റ് ബോബി കൃഷ്ണ ക്ലാസിൽ ആവശ്യപ്പെട്ടു. ഭക്ഷ്യശാലകളിൽ പാലിക്കേണ്ട സുരക്ഷ മാനദണ്ഡങ്ങൾ, എ, ബി ഗ്രേഡുകളിലേക്ക് റസ്റ്റാറൻറുകളെ ഉയർത്താനുള്ള മാർഗങ്ങൾ, ഭക്ഷ്യശാല നടത്തുന്നവരുടെ ഉത്തരവാദിത്തങ്ങളും കടമകളും, പിഴകൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സഹായം തേടാനുള്ള സർക്കാർ സംവിധാനങ്ങൾ, ഫുഡ് ഇൻസ്പെക്ടർമാരെ അഭിമുഖീകരിക്കുേമ്പാൾ ചെയ്യേണ്ട കാര്യങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങൾ ക്ലാസിൽ അവതരിപ്പിക്കപ്പെട്ടു. സദസ്സിനോട് സംവദിച്ചുകൊണ്ട് നടന്ന പരിശീലനം പങ്കെടുത്തവർക്ക് അറിവ് പകരുന്നതും ആസ്വാദ്യകരവുമായിരുന്നു. തുടർന്ന് റസ്റ്റാറൻറ് പ്രതിനിധികൾക്ക് സംശയനിവാരണത്തിനും അവസരം ലഭിച്ചു.
ഭക്ഷ്യസുരക്ഷ കൂട്ടായ ഉത്തരവാദിത്തമാണെന്ന കാഴ്ചപ്പാടിെൻറ അടിസ്ഥാനത്തിൽ ജൂലൈ മുതൽ ഡിസംബർ വരെ നീണ്ടുനിൽക്കുന്ന, 'ഗൾഫ് മാധ്യമം' ദുബൈ മുനിസിപ്പാലിറ്റിയുടെ പിന്തുണയോടെ ആരംഭിച്ച കാമ്പയിനിെൻറ ഭാഗമായാണ് പരിശീലനം ഒരുക്കിയത്. വിവിധ പ്ലാറ്റ്ഫോമുകളിലൂടെ നടന്നുകൊണ്ടിരിക്കുന്ന കാമ്പയിനിെൻറ തുടർച്ചയായാണ് ക്ലാസ് ഒരുക്കിയത്. കഴിഞ്ഞമാസവും ബോധവത്കരണക്ലാസ് ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.
മലയാളത്തിനുപുറമെ, ഇംഗ്ലീഷ്, അറബിക്, ഉർദു ഭാഷകളിലുള്ളവരെയും ലക്ഷ്യമിട്ട് നടത്തുന്ന കാമ്പയിനിൽ ഇതിനകം വെബ്സൈറ്റിലും 'ഗൾഫ് മാധ്യമം' പത്രത്തിലുമായി ബോധവത്കരണ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കാമ്പയിൻ നൂട്രിഡോർ അബീവിയ, ഹോട്പാക്ക്, ജലീൽ കാഷ് ആൻഡ് കാരി, കെമക്സ് ഹൈജീൻ കൺസപ്റ്റ്സ്, ഈസ്റ്റേൺ എന്നീ ഭക്ഷോൽപാദക-വിതരണ-ശുചീകരണ രംഗത്തെ പ്രമുഖ കമ്പനികളുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. ചടങ്ങിൽ ഗൾഫ് മാധ്യമം-മീഡിയവൺ മിഡിലീസ്റ്റ് ഓപറേഷൻസ് ഡയറക്ടർ സലീം അമ്പലൻ സംസാരിച്ചു. മാർക്കറ്റിങ് മാനേജർ ജെ.ആർ ഹാഷിം, ബിസിനസ് ഡെവലപ്മെൻറ് മാനേജർമാരായ ഫാറൂഖ് മുണ്ടൂർ, ജുനൈദ് ഖാൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.