ദുബൈയിൽ ട്രാമുകൾ ട്രാക്കില്ലാതെ ഓടും
text_fieldsദുബൈ: അധികം വൈകാതെ ദുബൈ നഗരത്തിലൂടെ ട്രാക്കില്ലാതെയും ട്രാമുകൾ ഓടിത്തുടങ്ങും. റെയിലുകൾക്ക് പകരം വെർച്വൽ ട്രാക്കുകളിലൂടെയായിരിക്കും വൈദ്യുതി ഊർജത്തിൽ പ്രവർത്തിപ്പിക്കാവുന്ന ട്രാമുകൾ ഓടിക്കുക. നഗരത്തിൽ എട്ടിടത്ത് പദ്ധതി നടപ്പാക്കാനാണ് ആലോചന.
ഇതിന്റെ സാധ്യത പഠിക്കാൻ ദുബൈ റോഡ് ഗതാഗത അതോറിറ്റിയോട് (ആർ.ടി.എ) ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നിർദേശിച്ചിരിക്കുകയാണ്.
ദുബൈ ട്രാമിന്റെ പത്താം വാർഷിക ദിനത്തിലാണ് ശൈഖ് ഹംദാന്റെ പ്രഖ്യാപനം. എമിറേറ്റിൽ കാർബൺ രഹിതമായ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
പരമ്പരാഗത ട്രാമുകളെ അപേക്ഷിച്ച് വൈദ്യുതിയിൽ പ്രവർത്തിപ്പിക്കാവുന്ന സ്വയം നിയന്ത്രിത ട്രാമുകൾ വേഗത്തിൽ നിർമിക്കാനാവുമെന്നതാണ് സവിശേഷത. കൂടാതെ താരതമ്യേന നിർമാണ ചെലവും കുറവാണ്. ഓരോ ട്രാമിനും 300 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള മൂന്ന് കോച്ചുകൾ വീതം ഉണ്ടാകും.
മണിക്കൂറിൽ പരമാവധി 70 കിലോമീറ്ററായിരിക്കും വേഗം. ഒറ്റത്തവണ ചാർജ് ചെയ്താൽ 100 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ട്രാമുകൾക്ക് കഴിയും. ഗതാഗത രംഗത്ത് നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ പരിഹാരങ്ങൾക്ക് തുടക്കമിടുന്നതിനും ഇത്തരം മാറ്റങ്ങൾക്ക് നേതൃത്വം നൽകാൻ ദേശീയ പ്രതിഭകളെ ശാക്തീകരിക്കുന്നതിനുമുള്ള ആർ.ടി.എയുടെ ശ്രമങ്ങൾക്ക് ശൈഖ് ഹംദാൻ നന്ദി പറഞ്ഞു.
1600 കോടി ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന 2024 -27 വർഷത്തേക്കുള്ള ആർ.ടി.എയുടെ മെയിൻ റോഡ്സ് ഡെവലപ്മെന്റ് പ്ലാനും അദ്ദേഹം അവലോകനം ചെയ്തു. പുതിയ റോഡുകൾ ഉൾപ്പെടെ 22 പുതിയ പദ്ധതികൾ ഇതിൽ ഉൾപ്പെടും.
എമിറേറ്റിലെ 22 ലക്ഷത്തിലധികം വരുന്ന പ്രതിദിന യാത്രക്കാർക്ക് പുതിയ റോഡുകൾ, ട്രാമുകൾ, സ്വയം നിയന്ത്രിത ബസുകൾ എന്നിവ ഉൾപ്പെടെ കാര്യക്ഷമവും നിലവാരമുള്ളതുമായി സേവനങ്ങൾ വർധിപ്പിക്കുന്നതിനാണ് ഇത്തരം സംരംഭങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത്.
ട്രാമിന്റെയും ബസിന്റെയും സംയോജിത രൂപമായ ഓട്ടോമാറ്റഡ് റാപിഡ് ട്രാൻസിറ്റുകൾ (എ.ആർ.ടി) അബൂദബിയിൽ ഇതിനകം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. റെയിലുകൾ ഇല്ലാതെയാണ് ഇവയുടെ പ്രവർത്തനം. 200 യാത്രക്കാരെ ഉൾക്കൊള്ളാൻ ഇവക്ക് കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.