നാദ് അല്‍ ഷിബ മേഖലയില്‍ ഗതാഗത പരിഷ്കാരങ്ങൾ
text_fieldsദുബൈ: നാദ് അല്‍ ഷിബ മേഖലയില്‍ ഗതാഗതം സുഗമമാക്കുന്നതിനായി നിരവധി പരിഷ്കാരങ്ങള്‍ നടത്തി ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്.ടി.എ).
മെയ്ദന് സ്ട്രീറ്റില്‍നിന്ന് വരുന്ന വാഹനങ്ങള്‍ക്കായി പ്രത്യേക എന്‍ട്രിയും എക്സിറ്റ് പോയന്റും, ലത്തീഫ ബിന്ത് ഹംദാന്‍ സ്ട്രീറ്റില്‍ ഒരു കവലയെ റൗണ്ട് എബൗട്ടാക്കി മാറ്റല്‍ തുടങ്ങിയ പരിഷ്കാരങ്ങളാണ് ആര്.ടി.എ നടപ്പാക്കിയത്. ദുബൈയുടെ നഗരവികസനത്തിന്റെയും പ്രധാന കേന്ദ്രങ്ങളിലെ ജനസംഖ്യ വര്‍ധനവിന്റെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ദുബൈയിലെ റോഡ് ശൃംഖലയുടെ ക്ഷമത നിരീക്ഷിക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായാണ് ആര്.ടി.എ സമഗ്രമായ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.
ദുബൈയിലെ സുപ്രധാന കേന്ദ്രങ്ങളിലൊന്നാണ് നാദ് അല്‍ ഷിബയെന്നും പുതിയ എന്‍ട്രി, എക്സിറ്റ് പോയന്റ് ഏര്‍പ്പെടുത്തിയത് മെയ്ദന് സ്ട്രീറ്റില്‍നിന്ന് നാദ് അല്‍ ഷിബ സ്ട്രീറ്റിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് യാത്രാസമയത്തില്‍ 60 ശതമാനം വരെ കുറക്കാനാകുമെന്നും ആര്.ടി.എയിലെ റോഡ്സ് ആന്‍ഡ് ഫെസിലിറ്റീസ് മെയിന്റനന്‍സ് മാനേജ്മെന്റ് ഡയറക്ടര്‍ അബ്ദുല്ല അലി ലൂത വ്യക്തമാക്കി.
ലത്തീഫ ബിന്ത് ഹംദാന്‍ സ്ട്രീറ്റിലും നാദ് അല്‍ ഷിബ സ്ട്രീറ്റിലുമുള്ള കവല ഇരുവശങ്ങളിലേക്കുമുള്ള ഒറ്റവരി റൗണ്ട് എബൗട്ടായി പരിവര്‍ത്തനം ചെയ്തത് തിരക്കേറിയ സമയങ്ങളില്‍ വാഹനങ്ങളുടെ കാലതാമസം 50 ശതമാനം വരെ കുറക്കുമെന്നും റോഡ് ഉപയോക്താക്കളുടെ ഗതാഗത സുരക്ഷ മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.